സവര്‍ണജാതിഭ്രാന്ത് …പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണം -പെരുമുറ്റം

കേരളത്തിന്റെ മുഖ്യ മന്ത്രിക്കസേരയിൽ ഇരിക്കുന്ന സഖാവ് പിണറായി വിജയന്റെ ഒരു പോസ്റ്റ് കണ്ടു. അതിൽ താഴെ കാണുന്ന പ്രസ്താവന ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും .

(സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായ ഈ നീക്കങ്ങള്‍ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. അനുവദിച്ചുകൊടുത്താല്‍ അവര്‍ണരെന്ന് മുദ്രയടിച്ച് പണ്ടേ മാറ്റിനിര്‍ത്തിയവരെ ശബരിമലയില്‍ നിന്ന് അകറ്റുന്നതിലാവും ആത്യന്തികമായി ഈ നീക്കങ്ങള്‍ ചെന്നെത്തുക. സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം)

കേരളത്തിലെ വിശ്വാസികളുടെയും അവിശ്വാസികളുടെയും വോട്ടു വാങ്ങി ജയിച്ചാണ് ശ്രീ പിണറായി വിജയൻ അധികാരത്തിലെത്തിയത് എന്ന് അദ്ദേഹം ഇന്നു മറന്നു പോയി .

കേരളത്തിന്റെ മുഖ്യ മന്ത്രിയാണ് താൻ എന്ന കാര്യവും അദ്ദേഹം മറന്നു പോയി.SNDP യുടെ നേതാവായ വെള്ളാപ്പള്ളി നടേശൻ ‘ശബരിമല വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണ് ‘ എന്ന പ്രസ്താവനയിലൂടെ ഉയർന്നു ചിന്തിക്കാൻ തയ്യാറായപ്പോൾ, കടുത്ത ജാതി ഭ്രാന്ത് പ്രകടിപ്പിക്കുന്ന സമീപനമാണ്ജാതി-മത-വർഗ്ഗ-വർണ്ണങ്ങൾക്കതീതനായ കമ്മ്യൂണിസ്റ്റാണ് താൻ എന്നവകാശപ്പെടുന്ന ശ്രീ പിണറായി വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

എല്ലാവരെയും തുല്യമായി കാണേണ്ട മുഖ്യമന്ത്രി സ്വയംകൃത വിഷമവൃത്തത്തിൽ നിന്നും തലയൂരുവാനായി കേരള ജനതയെ സവർണ്ണ അവർണ്ണ ലേബൽ നൽകി ഭിന്നിപ്പിക്കുവാനും നാട്ടിൽ കലാപമുണ്ടാക്കുവാനും ബോധപൂർവ്വം ശ്രമിച്ചതായി ബോദ്ധ്യപ്പെടുന്നു. ഒരു മുഖ്യമന്ത്രി സ്വപ്നത്തിൽ പോലും ചിന്തിക്കുവാൻ പാടില്ലാത്ത ഗുരുതരമായ പ്രസ്താവനയാണ് ഇത്.

ശബരിമലയിലെ പ്രശ്നം എന്താണ് ? സവർണ്ണനും അവർണ്ണനും തമ്മിലുള്ള പ്രശ്നമാണോ ? ജാതിക്കും മതത്തിനും അതീതമായി വിശ്വാസമുള്ള മുഴവൻ ആളുകൾക്കും എത്തി ആരാധന നടത്തുവാൻ സ്വാതന്ത്ര്യം നൽകുന്ന അഭയകേന്ദ്രമാണ് ശബരിമല. അങ്ങനെയുള്ള ഏതെങ്കിലും വിവേചനം അവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി അറിയില്ല. ആകെയുള്ള ഒരേയൊരു നിയന്ത്രണം 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ കാര്യത്തിൽ മാത്രമാണ്. ഇവിടെയും ജാതിയുടെ പേരിലുള്ള വിവേചനം ഇല്ല.

ശബരിമല വിഷയത്തിൽ പരപ്രേരണ ഇല്ലാതെ തന്നെ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കേരളത്തിൽ നടത്തുന്ന നാമജപ ജാഥകൾ എല്ലാ ജാതിയിലും പെട്ട അയ്യപ്പഭക്തരുടെ ജാഥയല്ലേ സഖാവെ? ഇവിടെയെല്ലാം ഏതു ഭൂതക്കണ്ണാടിയിലൂടെയാണ് താങ്കൾ സവർണ്ണ – അവർണ്ണ ചേരിതിരിവ് കണ്ടത് ?

കേരള ജനതയെ കലാപത്തിലേക്ക് നയിക്കുന്ന ഈ പോസ്റ്റ് ഗൗരവമുള്ളതാണ് എന്ന് താങ്കൾക്ക് എന്തേ ഇതു വരെ തോന്നിയില്ല ? തോന്നുകയില്ല .കാരണം താങ്കൾ ഒരു വിശ്വാസിയല്ല. CPM ന്റെ ഉത്തരവാദമുള്ള സ്ഥാനം വഹിക്കുന്ന നേതാക്കളെല്ലാം തന്നെ നിരീശ്വരവാദികളാണ്. വൈരുദ്ധ്യാത്മക ഭൗതികവാദമാണല്ലോ മാർക്സിസം. ആ മാർക്സിസം എന്ന നിരീശ്വരവാദം ഉൾക്കൊള്ളാത്ത ആരെയും നിങ്ങൾ നേതൃത്വത്തിൽ കൊണ്ടു വരില്ല. അണികളിൽവരെ മാത്രമെ നിങ്ങൾ ഈശ്വര വിശ്വാസത്തെ അനുവദിക്കുന്നുള്ളൂ. അതു കൊണ്ടുതന്നെ താങ്കളും ദേവസ്വം മന്ത്രിയും മറ്റു CPM മന്ത്രിമാരും ദേവസ്വം ബോർഡ് പ്രസിഡന്റും ഈശ്വര വിശ്വാസികളല്ല .

അങ്ങനെ വരുമ്പോൾ ശബരിമലയിലെ വിഷയം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിഷയമാണ്. കോടിക്കണക്കിന് അയ്യപ്പഭക്തർ ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസം നിലനിർത്തണമെന്നു പ്രാർത്ഥിക്കുന്നു. നിരീശ്വരവാദികളുടെ കൂടാരമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ എന്തു വില കൊടുത്തും ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തെ തകർക്കുമെന്നു വാശി പിടിക്കുന്നു. തങ്ങൾ കൂടി ചോദിച്ചു വാങ്ങിയ സുപ്രീം കോടതി വിധിയെ അതിനു കരുവാക്കുന്നു ! തങ്ങളുടെ നിരീശ്വരവാദ അജണ്ട ശബരിമലയിൽ നടപ്പാക്കുവാൻ ചുമതലപ്പെടുത്തിയതോ ? ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ഉദ്യോഗസ്ഥനെയും!

അയ്യപ്പ വിശ്വാസത്തിന്റെ അടിത്തറയായ വ്രതമോ ഇരുമുടിക്കെട്ടോ വിശ്വാസമോ ഇല്ലാത്ത സ്ത്രീകളെക്കൊണ്ട് ശബരിമലയേ ചവിട്ടി മെതിപ്പിച്ചേ അടങ്ങൂ എന്ന ഈ വാശി ആർക്കും നല്ലതിനല്ല. പോലീസിന്റെ അതിക്രൂരമായ ആക്രമണവും പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമവും പരാജയപ്പെടുന്നത് കണ്ടപ്പോൾ ഹാലിളകി കേരളത്തെ ജാതീയ കലാപത്തിന്റെ ദുരന്തഭൂമിയാക്കാനുള്ള ഭരണാധിപനായ മുഖ്യമന്ത്രിയുടെ തന്നെ പ്രതിജ്ഞാലംഘനത്തെ സമസ്ത നായർ സമാജം അപലപിക്കുന്നു.

അടിയന്തിര പ്രാധാന്യത്തോടെ ഈ പോസ്റ്റ് പിൻവലിച്ച് കേരള ജനതയോടു മാപ്പു പറയുവാൻ മുഖ്യമന്ത്രിയാണ് താൻ എന്ന ബോദ്ധ്യം തിരികെ വന്നു എങ്കിൽ, ശ്രീ പിണറായി വിജയൻ തയ്യാറാകണമെന്നും സമസ്ത നായർ സമാജം ആവശ്യപ്പെടുന്നു.

പെരുമുറ്റം രാധാകൃഷ്ണൻ
SNS ജനറൽ സെക്രട്ടറി

About Pathradipar