[ap_tagline_box tag_box_style=”ap-bg-box”]മന്ത്രിയുടെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേർന്നു[/ap_tagline_box]
തിരുവനന്തപുരം: ജില്ലയിൽ ഇളവുകൾക്കുള്ളിൽനിന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം.
ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും.
നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം നടപ്പാക്കണമെന്ന് യോഗം സർക്കാരിനോടും അഭ്യർഥിച്ചു. ജില്ലയിൽ സർക്കാർ പരിപാടികളിലും 20 ൽ താഴെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ നടത്താൻ വകുപ്പുകൾ ശ്രദ്ധിക്കണം.
നഗരത്തിലെ പ്രധാന ചന്തകൾ ഇതിനകം തുറന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ചന്തകൾ നിബന്ധനകൾക്ക് വിധേയമായി തുറക്കും. പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളായിരിക്കും ആ ചന്തകൾ എങ്ങനെ പ്രവർത്തിക്കണമെന്നും ആൾക്കൂട്ടമെങ്ങനെ നിയന്ത്രിക്കണമെന്നും ക്രമീകരിക്കുക.
ജില്ലാ അതിർത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് നടത്തി ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനം അറിയിക്കും. ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണവും നിരീക്ഷണവുമുള്ള കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും ലംഘകർക്കെതിരെ നടപടികളെടുക്കാനും ആവശ്യപ്പെടും. തിരുവനന്തപുരം നഗരാതിർത്തിയിൽ അച്ചടക്കലംഘനം നടത്തുന്ന, നിയന്ത്രണം പാലിക്കാത്ത കടകൾ അടപ്പിക്കാൻ കോർപറേഷനും പോലീസും നടപടിയെടുക്കും.
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ നിശ്ചിത ആളുകൾ മാത്രം പങ്കെടുക്കണം എന്ന മാനദണ്ഡം കർശനമായി പാലിച്ചിരിക്കണം. മരണചടങ്ങുകളിൽ 20 പേരെ പാടുള്ളൂവെന്നും വിവാഹചടങ്ങിൽ 50 പേരെ പാടുള്ളൂവെന്നുമുള്ള സർക്കാർ നിർദേശം പാലിക്കണം. ഇക്കാര്യത്തിൽ മാതൃകയാകാൻ ജില്ലയിലെ എം.എൽ.എമാർ മണ്ഡലങ്ങളിലെ അടുത്ത ബന്ധമുള്ളവരുടേതൊഴികെയുള്ള വിവാഹ-മരണാന്തര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കും.
മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എമാർ തദ്ദേശസ്ഥാപന പ്രസിഡൻറ്, സെക്രട്ടറിമാരുടെ യോഗം വിളിച്ച് എടുത്ത തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കും. പഞ്ചായത്തുതലത്തിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സെന്ററുകൾ തുറക്കും. പഞ്ചായത്തുകളിൽ ഇത്തരം സൗകര്യം ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഉണ്ടാകും. റൂം ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് ഈ സൗകര്യം ഉപയോഗമാകും. ക്വാറന്റൈനിൽ ഉള്ളവർ നിർബന്ധമായി നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രികളിൽ സന്ദർശകരെ ഒഴിവാക്കും. കൂട്ടിരിപ്പുകാർ ഒഴികെയുള്ളവരെ ആശുപത്രികളിൽ രോഗികൾക്കൊപ്പം അനുവദിക്കില്ല. ഓട്ടോ, ടാക്സി തുടങ്ങിയ വാഹനങ്ങളിൽ കയറുന്നവർ ഓട്ടോയുടെ നമ്പരും ഡ്രൈവറുടെ പേരും മനസിലാക്കി എഴുതി സൂക്ഷിക്കണം. പഞ്ചായത്ത് വാർഡുതല കർമസമിതികൾ ശക്തമാക്കും. അതത് കർമസമിതികൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകും.
ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ ഇത്തരത്തിൽ കൂടുതൽ ശക്തിപ്പെടുത്താനാണ് യോഗത്തിൽ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ എല്ലാ എം.എൽ.എ മാരും പിന്തുണ അറിയിച്ചു. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളിൽ സജീവമായ പ്രവർത്തനം നടത്തുന്ന ജില്ലയിലെ ആരോഗ്യപ്രവർത്തകർ, ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവരെ യോഗം പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എം.എൽ.എമാരായ സി. ദിവാകരൻ, വി.എസ്. ശിവകുമാർ, ബി. സത്യൻ, വി. ജോയ്, എം. വിൻസൻറ്, കെ.ആൻസലൻ, ഐ.ബി സതീഷ്, കെ.എസ്. ശബരീനാഥൻ, ഡി.കെ. മുരളി, ഒ. രാജഗോപാൽ, സി.കെ. ഹരീന്ദ്രൻ, ജില്ലാ കളക്ടർ ഡോ: നവ്ജ്യോത് ഖോസ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി.പി. പ്രീത തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
തുടർന്ന് നഗരപരിധിയിൽ നിയന്ത്രണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് കോർപറേഷൻ മേയറുടെ ചേമ്പറിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ചാല, പാളയം കമ്പോളങ്ങളിൽ 50 ശതമാനം കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാൻ തീരുമാനമായി. മാളുകളിൽ പലവ്യഞ്ജന, പച്ചക്കറി കടകൾ ഒന്നിടവിട്ട് പ്രവർത്തിക്കും.
തീരദേശങ്ങളിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനായി അഞ്ച് കേന്ദ്രങ്ങൾ കൂടി കണ്ടെത്തും. നഗരസഭയ്ക്ക് പുറത്ത് പരാതി കൗണ്ടർ സ്ഥാപിക്കും. മേയർ കെ. ശ്രീകുമാർ, ജില്ലാകളക്ടർ നവ്‌ജ്യോത് ഖേസ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഡി.സി.പി ദിവ്യ ഗോപിനാഥ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
0 Comments