ശ്രീചട്ടമ്പിസ്വാമികളും ലീലകളും,ഉണ്ണിക്കൃഷ്ണൻ തങ്കപ്പൻ നായർ

by | Jan 18, 2024 | Spirituality | 0 comments

ശ്രീചട്ടമ്പിസ്വാമികളും ലീലകളും
***************
എനിക്ക് ലീല എന്ന വാക്കിനർഥം മനസ്സിലായ ദിവസമാണ് 2023 നവംബർ ഒന്ന്.

വെളിവായ അർഥം ശരിയാണെന്ന് ഉറപ്പുവരുത്താൻ ചില ഗ്രന്ഥങ്ങൾ പരിശോധിച്ചു. ശ്രീമദ്ഭാഗവതം (പണ്ഡിറ്റ് പി. ഗോപാലൻ നായരുടെ വ്യാഖ്യാനം), ബ്രഹ്മസൂത്രം (മൃഡാനന്ദസ്വാമിയുടെ വ്യാഖ്യാനം), വൈകുണ്ഠം പ്രാപിച്ച കെ. ആർ. സി. പിളള, ശ്രീവിദ്യാധിരാജാ പബ്ലിക്കേഷൻസ്, ഗീതാഞ്ജലി, പെരുമൺ, കൊല്ലം പ്രസിദ്ധീകരിച്ച “ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി” എന്നിവയായിരുന്നു അവ.

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പ്രഥമശിഷ്യനായിരുന്ന ശ്രീനാരായണഗുരു സ്വാമിതൃപ്പാദങ്ങളെപ്പറ്റി, അദ്ദേഹത്തിൻറെ മഹാസമാധിവാർത്ത ശ്രവിച്ച മാത്രയിൽ രണ്ടു ശ്ലോകങ്ങൾ രചിച്ചു. ഇപ്രകാരം:

    “സർവജ്ഞഃ ഋഷിരുത്ക്രാന്തഃ
    സദ്ഗുരുഃ ശുകവർത്മനാ।
    ആഭാതി പരമവ്യോമ്നി
    പരിപൂർണ കലാനിധിഃ।।
    ലീലയാ കാലമധികം
    നീത്വാന്തേ സ മഹാപ്രഭുഃ।
    നിസ്വം വപുഃ സമുത്സൃജ്യ
    സ്വം ബ്രഹ്മവപുരാസ്ഥിതഃ।।”

അർഥം: (വൈകുണ്ഠം പ്രാപിച്ച കെ. ആർ. സി. പിളളയുടെ “ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി” പ്രകാരം) “സർവജ്ഞനും ഋഷിയുമായ സദ്ഗുരു, ശുകമാർഗ്ഗത്തിലൂടെ ഉയർന്ന് പരമവ്യോമത്തിൽ പരിപൂർണ്ണകലാനിധിയായി സർവത്ര പ്രകാശിക്കുന്നു. ആ മഹാപ്രഭു (പ്രപഞ്ചത്തിൻറെ ഉല്പത്തിസ്ഥിതിനാശങ്ങൾക്ക് കാരണഭൂതമായ ബ്രഹ്മം) മായാമയമായ ദേഹത്തെ വെറും ലീലയാ സ്വീകരിച്ച് അധികംനാൾ വിനോദിച്ചതിനു ശേഷം, തൻറേതല്ലാത്ത ആ ദേഹമുപേക്ഷിച്ച് സ്വന്തരൂപമായ ബ്രഹ്മഭാവത്തെ കൈക്കൊണ്ടു.”

ശ്രീമദ്ഭാഗവതത്തിലെ വിഷയം എന്നത് ശ്രീമഹാവിഷ്ണുവിൻറെ പത്തു ലീലകളുടെ വിവരണമാണത്രേ.
1. സർഗ്ഗം
2. വിസർഗ്ഗം
3. സ്ഥാനം
4. പോഷണം
5. ഊതി
6. മന്വന്തരം
7. ഈശാനുകഥ
8. നിരോധം
9. മുക്തി
10. ആശ്രയം

ശ്രീചട്ടമ്പിസ്വാമി തിരുവടികൾ ജീവന്മുക്തനായിരുന്നല്ലോ. കൃഷ്ണലീല, രാസലീല, ഭഗവാൻറെ ലീലകൾ, ശ്രീപരമേശ്വരലീലകൾ എന്നതിന് തിരുവിളയാടൽ, എന്നിങ്ങനെയെല്ലാം നാം കേട്ടിട്ടുണ്ട്, പ്രയോഗിക്കാറുമുണ്ട്. ക്രീഡ, വിളയാട്ടം, അല്ലെങ്കിൽ കളി എന്നർഥം പറയാറുമുണ്ട്. മനസ്സിലാക്കിയാണോ ഇങ്ങനെ ലീല എന്നതിന് ക്രീഡ, വിളയാട്ട്, കളി ഇത്യാദി അർഥമെടുക്കാറ്?

“സ്മരണാഞ്ജലി”യിൽനിന്നുതന്നെ തുടരട്ടെ. “‘ലോകവത്തു ലീലാകൈവല്യം’ എന്ന ബ്രഹ്മസൂത്രത്തിൻറെ ചുരുക്കം (ബ്ര.സൂ. അധ്യാ.2: പാദം 1: സൂത്രം 33) ഈ ശ്ലോകത്തിൽ അടക്കിയിട്ടുണ്ട്. ആപ്തകാമനും പരിപൂർണ്ണനുമായ പരമേശ്വരനു ജീവഭാവം കൈക്കൊളളേണ്ടതായ യാതൊരു കാരണവുമില്ല. അതിനാൽ ആ ജീവഭാവം ലീലാമാത്രം ആയിരുന്നെന്നു കരുതാം.
………………………………………………….
ഈശ്വരൻ ലീലയാ ജീവഭാവമെടുക്കുമ്പോഴും താൻ ഈശ്വരനായിത്തന്നെയാണ് നിലകൊള്ളുന്നത് എന്ന വേദാന്തതത്ത്വം ഈ ശ്ലോകത്തിൽ നമുക്ക് നല്ലതുപോലെ കാണാം.”

ശ്രീചട്ടമ്പിസ്വാമികളെ കൂടാതെ അദ്ദേഹത്തിൻറെ സമകാലത്ത് ജീവിച്ചിരുന്ന മറ്റു ചില ജീവന്മുക്തന്മാരാണ് ശ്രീരാമകൃഷ്ണപരമഹംസരും, ശ്രീരമണമഹർഷിയും.

യോഗശാസ്ത്രത്തിൽ പതഞ്ജലിമഹർഷി ഈശ്വരനെപ്പറ്റി പറയുന്നത്, “ക്ലേശകർമ്മവിപാകാശയൈരപരാമൃഷ്ടഃ പുരുഷവിശേഷഃ ഈശ്വരഃ” എന്നാണ്. അതായത്, ക്ലേശം, കർമ്മം, കർമ്മഫലം, കർമ്മവാസന എന്നിവ തീണ്ടാത്ത സ്വതന്ത്രനായ ആത്മാവ് അഥവാ പുരുഷനത്രേ ഈശ്വരൻ. കർമ്മവാസനയോ കർമ്മമോ കർമ്മഫലമോ തീണ്ടാത്ത വിശേഷപുരുഷനായ ഈശ്വരൻ പക്ഷേ, കർമ്മം ചെയ്യാറുണ്ടുതാനും. കർമ്മം ചെയ്യുന്നതിൽനിന്ന് പൂർണമായ നിവൃത്തി സാധ്യമല്ല. കർമ്മം ചെയ്യൽ എന്ന ബന്ധനത്തിൽ അകപ്പെട്ടിരിക്കുന്ന പുരുഷൻ, അതായത് ഈശ്വരൻ, അപ്പോഴെങ്ങനെ സ്വതന്ത്രനാകും?

ക്രിക്കറ്റ്കളി വ്യവസ്ഥാപിതമായ കായികവിനോദമാണല്ലോ. രണ്ടു ടീമുകൾ ചില വ്യവസ്ഥകൾ സ്വീകരിച്ച്, അവ അനുസരിച്ച് കളിക്കുന്നു. കളിയുടെ തീവ്രതയനുസരിച്ച് ഒരു ടീം ജയിക്കുകയും മറ്റേത് തോല്ക്കുകയും ചെയ്യുന്നു, അപൂർവം ചിലപ്പോൾ ഇരുടീമുകളും ജയിക്കുകയോ തോല്ക്കുകയോ ചെയ്യാതെ കളി “ഡ്രോ” ആയിത്തീരുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു ടീമിലെ കളിക്കാരനെ തൻറെ ടീമിൻറെ ജയാപജയങ്ങൾ ബാധിക്കും. ജയം അയാളുടെ സന്തോഷത്തിനും തോൽവി ദുഃഖത്തിനും കാരണമാകും. അതുപോലെ, ഏതെങ്കിലും ഒരു ടീമിനോട് ഇഷ്ടമുളള കാണിക്ക് തൻറെ ഇഷ്ടപ്പെട്ട ടീമിൻറെ കളിയിലെ പുരോഗതി അനുസരിച്ച് സന്തോഷം, ദുഃഖം, രോഷം മുതലായ വികാരങ്ങൾ ഉണ്ടാകുന്നു. എന്തുകൊണ്ടാണത്? പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കാത്ത, ക്രിക്കറ്റ് എന്ന കായികവിനോദത്തെ ഇഷ്ടപ്പെടുന്ന കാണിയാകട്ടെ, ആ കളി കണ്ട് സന്തോഷമടയുന്നു. അയാൾക്ക് ഒരു ടീം ജയിച്ചതിൽ സന്തോഷമോ മറ്റേ ടീം തോറ്റതിൽ സങ്കടമോ ഇല്ല, കളി കാണാൻ കഴിഞ്ഞതിൽ സുഖം തോന്നുന്നുണ്ട് താനും.

ടീമിലെ കളിക്കാരൻ മനോവാക്-കായങ്ങളാൽ ടീമിനോട് ബന്ധപ്പെട്ട്, മനസ്സുകൊണ്ട് ഒട്ടിയും കെട്ടപ്പെട്ടും നില്‍ക്കുന്നു. രണ്ടു ടീമുകളിൽ ഒന്നിനെ ഇഷ്ടപ്പെട്ട് കളികാണുന്ന കാണിയും തൻറെ ഇഷ്ടപ്പെട്ട ടീമിനോട് മാനസികമായി ഒട്ടിയും അതുകൊണ്ടുതന്നെ ആ ടീമുമായി ബന്ധിതനും ആയിരിക്കുന്നു. അതിൻറെ ഫലമായി അയാളിൽ വികാരവിക്ഷോഭങ്ങൾ ഉണ്ടാകുന്നു. കളിയെ മാത്രം ഇഷ്ടപ്പെട്ട് കളികാണുന്ന കാണിയാകട്ടെ, ടീമുകളോട് മാനസികമായ ഒട്ടലില്ലാതെ കളിയെ കളിയായിത്തന്നെ കണ്ട് അതിൽ സന്തുഷ്ടനായും ഇരിക്കുന്നു. ഇവിടെ മാനസികമായ ബന്ധനം കാണിയുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. മാനസികമായ ബന്ധനമില്ലാത്ത കാണിയാകട്ടെ സ്വതന്ത്രമായി കളി കണ്ട് അതുതീരുമ്പോൾ തൻറെ പാട്ടിനുപോകുന്നു. ഈ പ്രേക്ഷകൻ ക്രിക്കറ്റ് കളി എന്ന നിയമ(rules)ബദ്ധമായ വ്യവസ്ഥ(system)യുടെ പുറത്തുനില്ക്കുന്നു.

“ഇഹ”ലോകവും “പര”ലോകവും ഈ ഭൂമിയിൽ മനുഷ്യനായി പിറക്കുന്ന വ്യക്തിക്ക് ഇവിടെത്തന്നെ ലഭ്യമായ രണ്ടു മാർഗ്ഗങ്ങളാണ്. ഒന്ന്, ഇഹം, വ്യവസ്ഥാപിത(systematised)വും മറ്റേത്, അതായത് പരം, വ്യവസ്ഥയ്ക്ക് പുറത്തു നില്‍ക്കുന്നതുമാണ്. നാം നമ്മുടെ മനസ്സിനെ വ്യവസ്ഥയ്ക്കുളളിൽ ഇട്ടാൽ അതിനുളളിലെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്, ബദ്ധരുമാണ്. വ്യവസ്ഥാനിയമങ്ങൾ അനുസരിക്കുകയെന്നാൽ വ്യവസ്ഥയ്ക്ക് സ്വയം കീഴടങ്ങി അതിന് അടിമയാകുക എന്നർഥം. എന്നാൽ പരത്തിൽ നില്‍ക്കുന്ന വ്യക്തി സ്വതന്ത്രനുമാണ്, ഇഹത്തിലെ നിയമങ്ങൾ അയാളെ ബാധിക്കുന്നതല്ല. ഇഹലോകം തന്നെ പ്രവൃത്തിമാർഗ്ഗം അഥവാ കർമ്മമാർഗ്ഗം. പരലോകമോ, നിവൃത്തിമാർഗ്ഗം അഥവാ ജ്ഞാനമാർഗ്ഗവും.

മേൽപ്പറഞ്ഞതിൽനിന്ന് സ്വാതന്ത്ര്യത്തിൻറെ പ്രാധാന്യം മനസ്സിലായിക്കാണുമല്ലോ. ഈശ്വരൻ സ്വതന്ത്രനാണ്. അതുപോലെ തന്നെയാണ് ജ്ഞാനമാർഗ്ഗത്തിൽ സഞ്ചരിച്ച് സാക്ഷാത്കാരം നേടിയ ദിവ്യന്മാരും അഥവാ ജീവന്മുക്തന്മാരും. ഈ സ്വാതന്ത്ര്യം വ്യവസ്ഥിതമായ കർമ്മലോകത്തിനു പുറത്താണുളളത്. കർമ്മലോകത്തിനുളളിൽ സാധാരണക്കാർക്ക് ബന്ധനമാണ് അനുഭവം. ഇപ്രകാരം സ്വതന്ത്രരായ വ്യക്തിത്വങ്ങളെ നാം ജീവന്മുക്തന്മാർ അഥവാ മോക്ഷം പ്രാപിച്ചവർ എന്നറിയണം.

കർമ്മം ചെയ്യാതിരിക്കാൻ ഈശ്വരനും സാധ്യമല്ലെന്നു പറഞ്ഞല്ലോ. ഈശ്വരന് സാധ്യമല്ലെങ്കിൽ ജീവന്മുക്തനും സാധ്യമല്ലല്ലോ. അതുകൊണ്ട് ഇരുവരും കർമ്മം ചെയ്തുകൊണ്ടേയിരിക്കും. ഇവർ ചെയ്യുന്ന കർമ്മങ്ങൾ ലോകസംഗ്രഹത്തിനും ലോകോപകാരത്തിനും വേണ്ടിയാണ്. അതായത്, കർമ്മബദ്ധരായവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്നതാണ്. ഈശ്വരൻറെയും ഈശ്വരതുല്യരും ദിവ്യന്മാരുമായ ജീവന്മുക്തന്മാരുടെയും ലോകോപകാരാർഥമുളള കർമ്മങ്ങളെയാണ് നാം ലീലകൾ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്.

മനസ്സും വാക്കും ശരീരവുമാണ് കർമ്മത്തിൻറെ മൂന്നു തലങ്ങൾ (dimensions) – കർമ്മത്തിന് മൂന്നേമൂന്നു തലങ്ങൾ മാത്രമേ ഉളളുതാനും. സത്യലോകസ്ഥിതനായ ബ്രഹ്മാവ് മനസ്സുകൊണ്ട് കർമ്മം (സൃഷ്ടി) ചെയ്യുന്നു. ശ്രീമഹാവിഷ്ണു തനിസത്ത്വസ്വരൂപനാകയാൽ രജസ്സുകലർന്ന അവതാരശരീരമെടുത്ത്, അവതരിച്ച്, കർമ്മം ചെയ്യുന്നു. ശ്രീപരമേശ്വരൻ സത്ത്വതമസ്സുകളുടെ സ്വരൂപമാകയാൽ സാമാന്യേന മുക്കണ്ണു തുറന്ന് ദഹിപ്പിക്കൽ അഥവാ പ്രലയാഗ്നി സൃഷ്ടിക്കുക എന്ന കർമ്മം ചെയ്യുന്നു. താരതമ്യേന സ്വതന്ത്രപുരുഷരായ ഇവർക്ക് തങ്ങൾ “ചെയ്യുന്ന കർമ്മങ്ങളിൽ സംഗം അഥവാ ഒട്ടലില്ല. ആകയാൽ അത്തരം കർമ്മങ്ങൾക്ക് അവർതന്നെ ഫലം അനുഭവിക്കുന്നില്ല.

ജീവന്മുക്തരായ ശ്രീരാമകൃഷ്ണപരമഹംസരും ചട്ടമ്പിസ്വാമികളും ജീവന്മുക്തി പ്രാപിച്ച നിമിഷം മുതൽ പിന്നീട് ദേഹവിയോഗം വരെ അവർ ചെയ്ത കർമ്മങ്ങൾക്കൊന്നിനും അവർ ഫലം അനുഭവിക്കുന്നതല്ല. മുക്തി പ്രാപിച്ച നിമിഷം അവരുടെ സഞ്ചിതകർമ്മങ്ങളുടെ ഭാണ്ഡം ശൂന്യമായി, ഭാണ്ഡവും ഇല്ലാതായി. ജീവന്മുക്തി പ്രാപിച്ച ശേഷമുളള അവരുടെ കർമ്മങ്ങളെല്ലാം തന്നെ ലോകത്തിന് ഉദാഹരണം കാട്ടാനോ ലോകോപകാരാർഥമോ മാത്രം ആയിരുന്നു.

ഇപ്രകാരം സ്വതന്ത്രപുരുഷരായ വ്യക്തിത്വങ്ങൾ, അതായത് ഈശ്വരനോ ജീവന്മുക്തന്മാരോ, ലോകോപകാരാർഥം സ്വേച്ഛയാ (own Free Will) ചെയ്യുന്ന കർമ്മങ്ങളാണ് “ലീല”കൾ.
*************

ഉണ്ണിക്കൃഷ്ണൻ തങ്കപ്പൻ നായർ
ദില്ലി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!