തുള്ളല്‍ കലയുടെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കിള്ളിക്കുറിശ്ശിമംഗലത്തും അന്ത്യ വിശ്രമം കൊള്ളുന്ന അമ്പലപ്പുഴയിലും സ്മാരകങ്ങള്‍ ഉണ്ട്(Monuments to Kunjan Nambiar, the inventor of The art of jumping).
അമ്പലപ്പുഴ
1967 ല്‍ കേരള ഗവണ്‍മെന്റ് പണിതുയര്‍ത്തിയ ഈ സ്മാരക മന്ദിരം പിന്നീട് സമ്പൂര്‍ണ്ണമായി പുതുക്കി പണിതു.തുള്ളലിന്റെ സമഗ്ര പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുക, തുള്ളലുകള്‍ അവതരിപ്പിക്കുക, നമ്പ്യാര്‍ കവിതകളെക്കുറിച്ചു ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുക, തുള്ളല്‍ ക്ലാസ്സുകള്‍ നടത്തുക, സ്കൂളുകളില്‍ തുള്ളല്‍ അവതരിപ്പിക്കുക, വേലകളി, ചെണ്ട ഇവ പരിശീലിപ്പിക്കുക എന്നിവ സ്മാരക സമിതിയുടെ പ്രവര്‍ത്തനങ്ങളാണ്.എല്ലാവര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആഘോഷിക്കുന്നു. അതോടനുബന്ധിച്ച് സെമിനാറുകളും തുള്ളല്‍ കലാപരിപാടികളും സ്ഥിരമായി നടത്തി വരുന്നുണ്ട്.
കിള്ളിക്കുറിശ്ശിമംഗലം
ആധുനിക മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളില്‍ അദ്വിതീയമായ സ്ഥാനം വഹിച്ച കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം. കലക്കത്തു ഭവനം അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ഗവണ്‍മെന്റ് ദേശീയ സ്മാരകമാക്കിയിട്ടുള്ളത്. മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ സ്മാരകാഘോഷം എന്ന നിലയില്‍ കേരളത്തില്‍ ആദ്യമായി കുഞ്ചന്‍ദിനം ആഘോഷിക്കാന്‍ തുടങ്ങിയത് കിള്ളിക്കുറിശ്ശി മംഗലത്താണ്.
1958-ല്‍ കിള്ളിക്കുറിശ്ശി മംഗലത്ത് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക വായനശാലക്ക് തറക്കല്ലിട്ടു.
കലക്കത്തുഭവനം ദേശീയ സ്മാരകമാക്കിയത് 1975-ല്‍ ആണ്.
കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍, ആദര്‍ശങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയുടെ പ്രചാരം, അദ്ദേഹത്തിന്റെ കൃതികള്‍ക്ക് തര്‍ജ്ജമകള്‍, രംഗാവതരണങ്ങള്‍, പൊതുയോഗങ്ങള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുക, വളരെ വിപുലവും സംരക്ഷിതവുമായ ഒരു ലൈബ്രറി ഉണ്ടാക്കുക, അനുയോജ്യമായ അവസരങ്ങളില്‍ ആഘോഷങ്ങള്‍ നടത്തുക, വിദ്യാര്‍ത്ഥികള്‍ക്കായി സമ്മാനങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തുക, തുള്ളല്‍ക്കല വളര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുക, കവിയുടെ ആധികാരികമായ ജീവചരിത്രം പുറത്തുകൊണ്ടുവരിക തുടങ്ങിയവയാണ് പ്രധാന ഉദ്ദേശ്യങ്ങള്‍.
0 Comments