ജുബ്ബാ രാമകൃഷ്ണപിള്ള കൊല്ലം ജില്ലയിൽ പൻമന പഞ്ചായത്തിൽ ചെറുശ്ശേരി, താമരശ്ശേരി വീട്ടിൽ ഗോവിന്ദനാശാന്റേയും ലക്ഷമി പിള്ളയുടേയും മകനായി 1910 Aug. 29 ന് രാമകൃഷ്ണപിള്ള ജനിച്ചു.ബാലനായിരിക്കുമ്പോൾ തന്നെ വൈക്കം സത്യാഗ്രഹത്തിൽ ആകൃഷ്ടനായി സത്യാഗ്രഹ ക്യാമ്പിലെത്തി ധമ്മ ഭടനായി. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കേളപ്പജിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന ക്യാമ്പിൽ അംഗമായി. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ജാഥയിൽ അംഗമായി. പൂനെ ദേവാദർ മന്ദിരത്തിൽ നിന്നും തുന്നൽ അഭ്യസിച്ച് 1933ൽ നാട്ടിലെത്തി തിരുവനന്തപുരത്തുള്ള പുളിമൂടിന് സമീപം തുന്നൽ കട ആരംഭിച്ചു. അക്കാലത്ത് ജുബ്ബാ തുന്നുന്നതിലെ പ്രാഗൽഭ്യം കണ്ട് നാട്ടുകാർ രാമകൃഷ്ണപിള്ളയെ ‘ജുബ്ബാ രാമകൃഷ്ണപിള്ള ‘ എന്ന് വിളിച്ചു. ഈ കടയിൽ ഹരിജൻ വിദ്യാർത്ഥികൾക്കായി സൗജന്യ തുന്നൽ പരിശീലനം നൽകി. ഹരിജനങ്ങൾക്ക് സൗജന്യമായി വസ്ത്രങ്ങൾ തുന്നി നൽകുകയും ചെയ്തു. 1937ൽ ഗാന്ധിജി ഈ സ്ഥാപനം സന്ദർശിച്ചു. ഗാന്ധിജിയുടെ ഓർമയ്ക്കായി ഈ കടയുടെ മുന്നിൽ ഗാന്ധിജിയുടെ ഒരു അർധ കായ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര പോരാട്ടത്തിനിടയിലും കേരളത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപടുക്കുവാൻ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. 1946ൽ തോട്ടികൾക്ക് മാത്രമായി ഒരുേേട്രേഡ് യൂണിയൻ ജുബ്ബാ രാമകൃഷ്ണപിള്ള പടുത്തുയർത്തി. തോട്ടികൾക്ക് റേഷൻ കാർഡ് ഉൾപ്പെടെയുള്ള അവകാശ സമരങ്ങൾക്ക് വേണ്ടി നിരന്തരം പോരാടി. 2003 Aug 18 വ്യാഴാഴ്ച്ച പുലർച്ചെ തിരുവനന്തപുരം സ്റ്റാച്യൂ വിനടത്തുള്ള ഉപ്പള റോഡിലെ വീട്ടിൽ വച്ച് ആ ധീര സ്വാതന്ത്ര്യ സമര സേനാനി ഇഹലോകവാസം വെടിഞ്ഞു.
0 Comments