ശാസ്ത്രലോകം ആശയക്കുഴപ്പത്തിൽ:
തുറക്കണോ, അതോ തുറക്കാതിരിക്കണോ…?
1650 വർഷം പഴക്കമുള്ള സ്പെയർ വൈൻ ബോട്ടിൽ;
ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈൻ കുപ്പി എന്ന് വിശ്വസിക്കപ്പെടുന്ന, ജർമ്മനിയിലെ ഹിസ്റ്റോറിക്കൽ മ്യൂസിയം ഓഫ് പാലറ്റിനേറ്റ്-ൽ സംരക്ഷിച്ചിരിക്കുന്ന 1650 വർഷം പഴക്കമുള്ള, മെഴുക് ഉപയോഗിച്ച് അടച്ച, വെളുത്ത ദ്രാവകം അടങ്ങിയിരിക്കുന്ന ഐതിഹാസിക സ്‌പെയർ വൈൻ കുപ്പി തുറക്കണോ വേണ്ടയോ എന്ന് സമകാലീന ചരിത്രകാരന്മാർ കുറച്ച് വർഷങ്ങളായി ചർച്ച ചെയ്യുന്നു.
AD 325-നും, AD 350-നും മധ്യേയുള്ള, ഏതെങ്കിലും പുരാവസ്തു സൈറ്റിൽ നിന്നും കണ്ടെടുത്ത അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ദ്രാവക വീഞ്ഞായി പൊതുവെ കണക്കാക്കപ്പെടുന്ന ഈ സ്‌പെയർ വൈൻ കുപ്പിയിലെ വീഞ്ഞ് കുടിക്കാൻ കഴിയുമോ എന്ന് പല വിദഗ്ധരും സംശയിക്കുന്നു.
ഒരു റോമൻ പ്രഭുവിനെ AD 350-ൽ, പ്രാദേശികമായി നിർമ്മിച്ച വീഞ്ഞിൻ്റെ കുപ്പിയോടൊപ്പം അടക്കം ചെയ്തിരുന്നതായി തൻ്റെ ഒരു മുൻകാല ലേഖനത്തിൽ നതാലിയ ക്ലിംസാക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഗവേഷകർ ജർമ്മനിയിലെ സ്പെയർ നഗരത്തിൻ്റെ സമീപത്തു നിന്നും കണ്ടെത്തിയ ഈ റോമൻ പ്രഭുവിൻ്റെ ശവ കുടീരത്തിൽ നിന്നും വീണ്ടെടുത്ത കുപ്പിയിൽ ദ്രാവകം ഉണ്ടായിരുന്നു എന്നത് ശാസ്ത്രലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.
1-ആം ലോക മഹായുദ്ധ സമയത്ത് ഒരു രസതന്ത്രജ്ഞൻ കുപ്പി തുറക്കാതെ ഇതിനെ വിശകലനം ചെയതിരുന്നു. കുപ്പിയിൽ ലേപനം ചെയ്ത ഒലിവ് ഓയിലും, കുപ്പിയുടെ അടപ്പിൽ ചാർത്തിയിരുന്ന ചൂടുള്ള മെഴുക് മുദ്രയുമാണ് കുപ്പിയുടെ അകത്തുള്ള വൈറ്റ് വൈൻ ദ്രാവകത്തെ 1650 വർഷത്തിനുള്ളിൽ കേടാകാതെ തടഞ്ഞത്.
ഒരു നൂറ്റാണ്ടിൽ ഏറെ കാലമായി ജർമ്മനിയിലെ ഹിസ്റ്റോറിക്കൽ മ്യൂസിയം ഓഫ് പാലറ്റിനേറ്റ്-ൽ സംരക്ഷിച്ച് പ്രദർശിപ്പിച്ചിരുന്ന ഈ വൈൻ കുപ്പി ഒരു കൗതുകകരമായ പുരാവസ്തു ആണെങ്കിലും, ഒരു ഗവേഷണ സംഘവും ഇതുവരെ അത് തുറക്കാൻ ധൈര്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ, ഗവേഷകർ ഈ വിഷയം ചർച്ച ചെയ്തിരുന്നെങ്കിലും, പല മൈക്രോബയോളജിസ്റ്റുകളും കുപ്പി തുറക്കുന്നത് അപകടകരമാണ് എന്ന് വാദിച്ചതോടെ ആരും ആ ഉദ്യമത്തിന് മുതിർന്നതുമില്ല.
ഇപ്പോഴും ദ്രാവകമായ ഇതിനെ പുതിയ ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയമാക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഗവേഷകർ നിലവിലുണ്ടെങ്കിലും, കുപ്പിയുടെ അകത്തുള്ള വായുവിന് ഉണ്ടാകുന്ന ആഘാതം അതിന് താങ്ങാനാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഗവേഷകർക്ക് യാതൊരു ഉറപ്പും ഇല്ല.
സൂക്ഷ്മ ജീവശാസ്ത്രപരമായി ഇത് കേടാകില്ലെങ്കിലും, മനുഷ്യൻ്റെ നാക്കിൽ വീഞ്ഞിൻ്റെ സന്തോഷം പകരാൻ അതിന് ആകില്ല എന്നാണ് വൈൻ പ്രൊഫസറായ മോണിക്ക ക്രിസ്റ്റ്മാൻ്റെ നിഗമനം. Ancient Origins വെബ്സൈറ്റിൽ Theodoros Karasavvas എന്നയാളാണ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് .
0 Comments