വിദ്യാർത്ഥികളിലെ തൊഴിൽ വൈദഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും നൈപുണിയും നൽകും. സ്റ്റാർസ് അഥവാ സ്ട്രെങ്ത്തണിംഗ് ടീച്ചിങ് ലേണിംഗ് റിസൾട്ട്‌സ് ഫോർ സ്റ്റേറ്റ്‌സ് പദ്ധതിയുടെ ഭാഗമായാണ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നത്. 23 വയസ്സിന് താഴെയുള്ള പഠനം നിർത്തിയവർക്കുൾപ്പെടെ നൈപുണ്യ വിദ്യാഭ്യാസം പ്രാപ്യമാക്കുക, ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനം ലഭിക്കാത്ത കുട്ടികൾക്ക് അതിനുള്ള അവസരം നൽകുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക എന്നിവയാണ് സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്താകമാനം സർക്കാർ സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകൾ കേന്ദ്രീകരിച്ച് 210 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളാണ് ആരംഭിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ഒന്നു വീതം 14 സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകൾ ആദ്യഘട്ടത്തിൽ ആരംഭിക്കും. എ. ഐ. ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ,ടെലികോം ടെക്‌നീഷ്യൻ: ഐ. ഒ. ടി. ഡിവൈസസ്/സിസ്റ്റംസ്, ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, ഹൈഡ്രോപോണിക്‌സ് ടെക്‌നീഷ്യൻ, ജ്വല്ലറി ഡിസൈനർ, ബേക്കിംഗ് ടെക്‌നീഷ്യൻ, ഫിറ്റ്നസ് ട്രെയിനർ, ഫുഡ് &ബീവറേജ് സർവീസ് അസോസിയേറ്റ്, എക്സിം എക്സിക്യൂട്ടീവ്, വെയർ ഹൗസ് അസോസിയേറ്റ് എന്നിങ്ങനെ പന്ത്രണ്ട് പുതുതലമുറ കോഴ്‌സുകളിൽ സെന്ററുകളിലൂടെ പരിശീലനം നൽകും.
പഠനം മതിയാക്കിയ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ , ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ, ഭിന്നശേഷി കുട്ടികൾ, ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ, ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയവർ എന്നിവർക്ക് പദ്ധതിയുടെ ഭാഗമാകാം. കോഴ്‌സിന്റെ കാലാവധി പരമാവധി 1 വർഷം ആയിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഓൺ ദ ജോബ് ട്രെയിനിങും വിദഗ്ധരുടെ ക്ലാസുകളും ഉണ്ടാകും. 25 പേരടങ്ങുന്ന രണ്ട് ബാച്ചുകളായി തിരിച്ചാകും പരിശീലനം.പഠന മാധ്യമം ഇംഗ്ലീഷും മലയാളവും ആയിരിക്കും. പ്രായപരിധി 23 വയസ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ രണ്ട് വർഷം വരെയും ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പരമാവധി 5 വർഷം വരെയും ഇളവ് ലഭിക്കും. താൽപര്യമുള്ളവർ പരിശീലനകേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
0 Comments