നിലവിൽ ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വെറുമൊരു ഡ്രസ് റിഹേഴ്സൽ ആണെന്ന് ഗവേഷകർ. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണെന്നാണ് അമേരിക്കൻ ഗവേഷകനായ ഡോ. മൈക്കിൾ ഗ്രെഗർ പറയുന്നു.
നിലവിൽ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 കാറ്റഗറി രണ്ട് അല്ലെങ്കിൽ മൂന്ന് ഗണത്തിൽ പെടുത്താവുന്ന മഹാമാരിയാണ്. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം. എന്നാൽ ഇനി വരുന്നത് കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്നതാകും. രോഗം ബാധിച്ച രണ്ടു പേരിൽ ഒരാൾ ഉറപ്പായും മരിച്ചിരിക്കും.
ഇന്ന് പ്രബലമായ പല നാഗരികതകളും അപ്രത്യക്ഷമാകും. 800 കോടിവരുന്ന ലോകജനതയെ ആകെ ബാധിക്കുന്ന ആ മഹാമാരി കോവിഡിനേക്കാൾ 100 മടങ്ങ് അപകടകാരിയാകുമെന്നും ഡോ. മൈക്കിൾ ഗ്രെഗർ എഴുതിയ ‘ഹൗ ടു സർവൈവ് എ പാൻഡമിക് ‘ എന്ന പുസ്തകത്തിൽ പറയുന്നു.
മൃഗങ്ങളുമായുള്ള മനുഷ്യന്റെ അക്രമാസക്തമായ ഇടപഴകലാണ് രോഗങ്ങൾക്ക് ഹേതുവായിത്തീരുക. മൃഗങ്ങളെ പരിപാലിക്കുന്നത്, അവയെ കൊന്നു തിന്നുന്നത് ഇവയൊക്കെ മൂലം മഹാമാരികളോടുള്ള പ്രതിരോധത്തിൽ മനുഷ്യനെ ദുർബലമാക്കുന്നു- അദ്ദേഹം പറയുന്നു.
ക്ഷയരോഗത്തിന് കാരണമായ ട്യൂബർകുലോസിസ് ബാക്ടീരിയ ആടുകളിൽനിന്നാണ് മനുഷ്യരിലേക്ക് പകർന്നത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകങ്ങളിൽനിന്നും കുഷ്ഠരോഗം പോത്തുകളിൽനിന്നുമാണ് മനുഷ്യരിലേക്ക് എത്തിയത്. അതേപോലെ വില്ലൻ ചുമയ്ക്ക് കാരണം പന്നികളിൽനിന്ന് മനുഷ്യനിലേക്ക് കടന്നുകയറിയ ബാക്ടീരിയ ആണ്. ടൈഫോയിഡ് കോഴികളിൽനിന്നും ജലദോഷത്തിന് കാരണമായ വൈറസ് കന്നുകാലികൾ, കുതിരകൾ എന്നിവയിൽനിന്നുമാണ് മനുഷ്യനിലേക്കെത്തിയത്.
ഇവയിൽ പലതും മനുഷ്യനിലേക്ക് നേരിട്ട് പകർന്നവയല്ല. കോവിഡിനെപ്പോലെ മനുഷ്യനും രോഗ വാഹകരായ ജന്തുക്കൾക്കുമിടയിൽ പാലമായി ചില ജന്തുവർഗങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
കോവിഡ് ഇത്രയധികം വ്യാപിച്ചതിൽ ആഗോളവത്കരണത്തിന് പങ്കുണ്ട്. ലോക മുഴുവൻ സഞ്ചരിക്കാൻ വൈറസിന് അത് വഴിയൊരുക്കി കൊടുത്തു. വൈറസിന് ലോകം മുഴവൻ വലിയ വ്യാപനം ഉണ്ടായാൽ മനുഷ്യകുലം നില നിർത്താൻ കോടിക്കണക്കിന് ഡോളറുകളും ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളും ചിലവാക്കേണ്ടി വരുമെന്നും ഡോ. മൈക്കിൾ ഗ്രെഗർ പറയുന്നു.
അടുത്ത വൈറസ് വ്യാപനം കോഴികളിൽനിന്നാകാം ഉണ്ടാവുകയെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. ഫാമുകളിൽ അനാരോഗ്യപരമായ സാഹചര്യത്തിൽ വളരുന്ന കോഴികളിൽനിന്ന് വൈറസ് ബാധയുണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.
കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപക്ഷികളിൽനിന്നാണ് ഇന്റഫളുവെൻസ വൈറസ് പടർന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയായിരുന്നു അതെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 1918-20 വർഷങ്ങളിൽ പടർന്ന ഈ വൈറസ് ബാധയിൽ 50 കോടി ആളുകളാണ് മരിച്ചത്. അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേർക്കും വൈറസ് ബാധിച്ചു.
20-ാം നൂറ്റാണ്ടിൽ പക്ഷിപ്പനി പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് പുതിയൊരു വൈറസിലേക്കുള്ള പരിവർത്തന ശ്രമങ്ങളാണെന്നും ഗ്രെഗർ തന്റെ പുസ്തകത്തിൽ പറയുന്നു.
സസ്യാഹാരത്തിന്റെ വക്താക്കളിലൊരാളാണ് ഡോ. മൈക്കിൾ ഗ്രെഗർ. സാംക്രമികരോഗങ്ങളെപ്പറ്റി ഒട്ടേറെ ഗവേഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുമുണ്ട്. ഇനിയൊരു മഹാമാരിയുണ്ടാകാതിരിക്കാൻ മനുഷ്യർ ശീലങ്ങളിൽ മാറ്റം കൊണ്ടുവരണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
0 Comments