ഗുരുവായൂരിൽ ഭജന ഇരുന്ന് വാതരോഗം മാറ്റിയ ഗുരുവായൂരപ്പന്റെ പ്രധാന ഭക്തനായ മേൽപുത്തൂരെന്നതിനേക്കാൾ പ്രധാനമായി തോന്നിയിട്ടുള്ളത് ശ്രേഷ്ഠമായ സംഗമഗ്രാമ സ്കൂളിലെ അവസാന കണ്ണിയെന്ന നിലയിലാണ്. പ്രത്യേകിച്ച് ഗണിതം എന്ന വിഭാഗത്തെ ഇത്രയധികം ആഴത്തിൽ പഠിച്ച പഠിപ്പിച്ചിരുന്ന ഒരു പരമ്പര മറ്റൊന്നില്ല.. പരമേശ്വരനും, നീലകണ്ഠ സോമയാജിയുൾപ്പടെയുള്ള പരമ്പരയിലാണ് ആചാര്യവര്യനായ അച്യുത പിഷാരടിയും വരുന്നത്.
അച്യുത പിഷാരടിയുടെ വാതരോഗം ശിഷ്യനായ മേൽപുത്തൂർ കർമ്മ വിപാക ദാന സ്വീകരണത്തിലൂടെയാണ് തന്നിലേക്ക് സ്വീകരിച്ചിരിക്കുന്നത്. നിത്യ നൈമിത്തിക പ്രായശ്ചിത്ത ഉപാസനം എന്നതിൽ പ്രായശ്ചിത്തം ഇന്നു വളരെ കുറച്ചു പേരാണ് കൈകാര്യം ചെയ്യുന്നത്. യാഥാർത്ഥത്തിലുള്ള പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യുന്നവരു കുറയും..
ചികിത്സയിലൂടെ യാതൊരു കാരണവശാലും മാറാതെ ഇരുന്നപ്പോഴാണ് മേൽപുത്തൂർ ഗുരുവായൂരിൽ ഭജന ഇരിക്കുന്നത് തന്നെ.. ആയുർവേദത്തിൽ വളരെ നല്ല യോഗ്യരായ വ്യക്തികളുള്ള കാലത്താണ് അച്ചുത പിഷാരടിക്കും അതുപോലെ നാരായണ ഭട്ടതിരിക്കും ചികിത്സ ഫലിക്കാതെ ഇരുന്നത് എന്നതുകൂടി ചിന്തനീയമാണ്.
ചോദ്യം ഇവിടെ മേൽപുത്തൂരിനെ കുറിച്ചല്ല . കർമ്മ വിപാകത്തിൽ പറയുന്നതനുസരിച്ചുള്ള ക്രിയകളിലൂടെയാണ് വാതരോഗം മാറിയതെങ്കിൽ അതെ കർമ്മ വിപാകത്തിൽ തന്നെ വാതരോഗത്തിന് കാരണവും കാണണം. കാരണമറിയാതെ കർമ്മ വിപാകാസ്പദമായ കർമ്മം ചെയ്യാനുമാകില്ല. അങ്ങിനെയെങ്കിൽ മഹാരോഗമായ വാതരോഗം അച്ചുതപിഷാരടിയ്ക്ക് വരാനുള്ള കാരണമെന്താകണം ? കാരണം വിനാ കാര്യം ന വ്യുത്പദ്യതേ എന്നതാണ് കർമ്മ വിപാക സിദ്ധാന്തം. അത്രയധികം കൊടിയ പാപം എന്തെങ്കിലും ചെയ്താൽ മാത്രമാണല്ലോ ഇത്തരത്തിൽ ചികിത്സാ വിധി പോലുമില്ലാത്ത രോഗങ്ങൾ കാരണമാകൂ. ഗുരുക്കന്മാരിൽ അഗ്രഗണ്യനായി പറയപ്പെടുന്ന അച്ചുതപിഷാരടിക്ക് അങ്ങിനെയൊന്നായ വാതരോഗം വരാനുള്ള കാരണമെന്താണ് ? പ്രത്യേകിച്ച് ആ പരമ്പര തന്നെ നാശോന്മുഖമായി എന്നതാണ് സത്യം. പരമ്പരാ നാശത്തിനു കാരണം അതേ പോലെയുള്ള പാപം ചെയ്താലല്ലെ സാധ്യമാകൂ.
ഇതുപോലെ വ്യാകരണ പരമ്പരയിൽ അഗ്രഗണ്യമായി പറഞ്ഞിരുന്ന കൂടല്ലൂർ പരമ്പരയും അന്യം നിന്നു.. പരമ്പരാധിഷ്ഠിതമായി കൈ മാറിയിരുന്ന ഒന്നും തന്നെ ഇന്ന് കേരളത്തിലില്ല..അത് വൈദികമാകട്ടെ ആയുർവേദമാകട്ടെ തന്ത്രമാകട്ടെ മറ്റ് വിഷയങ്ങളാകട്ടെ.. കർമ്മ വിപാക സിദ്ധാന്തത്തെ നോക്കിയാൽ അതിനു ഒരു കാരണമുണ്ടായേ തീരൂ.. നാം പഠിച്ച മനസ്സിലാക്കിയ കേരളത്തിലെ പ്രധാനമായ എല്ലാ ഗുരുകുലവും ഇന്ന് നിലനിൽപ്പില്ലാത്ത കയത്തിലാണ് അഥവാ ഇല്ലാതായി. അതിനു കാലം പ്രധാന കാരണമായി പറയാമെങ്കിലും അതിനുപോലും പ്രായശ്ചിത്തത്തിൽ പ്രത്യേകിച്ച് കർമ്മ വിപാകത്തിൽ ഒരു കാരണമുണ്ടാകണം.. എന്താകും ഇത്തരത്തിൽ സംഭവിക്കാൻ കാരണം.? .ആരെങ്കിലും ഈ രീതിയിൽ ചിന്തിച്ചിട്ടുണ്ടോ.. ?
0 Comments