കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ നൂതന സംവിധാനങ്ങളോട് കൂടി പ്രവർത്തനമാരംഭിച്ചു. 54 ഡയാലിസിസ് മെഷീനുകൾക്കൊപ്പം 54 കൗച്ചുകൾ, മൾട്ടി പാരമോണിറ്ററുകൾ, 6 നഴ്സിംഗ് സ്റ്റേഷനുകൾ, 3 ഹെൽപ്‌ഡെസ്കുകൾ, 12 സ്ക്രബ്ബ് ഏരിയകൾ, 300 ഡയലൈസറുകൾ, സ്റ്റോർറൂം തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
കിടക്കയും ബെഡ്‌സൈഡ് ലോക്കറും കാർഡിയാക് ടേബിളും മോണിറ്ററും ഡയാലിസിസ് മെഷീനും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. തുടക്കത്തിൽ 3 ഷിഫ്റ്റുകളിലായി 162 പേർക്ക് ഒരു ദിവസം ഹീമോഡയാലിസിസിനു വിധേയമാകാവുന്നതാണ്. വൃക്ക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഹീമോ ഡയാലിസിസും, പെരിട്ടോണിയല്‍ ഡയാലിസിസും, റീനല്‍ ട്രാന്‍സ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നേഫ്രോളജി പാക്കേജാണ് ജനറല്‍ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. വീടുകളില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസിനും സൗകര്യം നല്‍കുന്നുണ്ട്.
നിലവില്‍ 650ലധികം രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. 2017- 18 കാലയളവില്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടി രൂപ, ആശുപത്രി വികസന സമിതി ഫണ്ട്, സി.എസ്.ആര്‍.ഫണ്ട് എന്നിവ ഉപയോഗിച്ചുകൊണ്ട് എട്ട് കോടി രൂപ വകയിരുത്തിയാണ് പുതിയ ബ്ലോക്കിലെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. സംസ്ഥാനത്തു ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകും.
0 Comments