മലബാറിൽ വിപ്ലവത്തിനു തുടക്കം കുറിച്ച പാലൊള്ളി
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എരവിമംഗലം ദേശത്താണു ചരിത്ര പ്രസിദ്ധമായ പാലൊള്ളി മന സ്ഥിതി ചെയ്യുന്നത്. ചരിത്രകാരന്മാർ എഴുതാൻ മറന്നു പോയ ചരിത്ര പ്രാധാന്യമുള്ള വള്ളുവനാടിന്റെ പുണ്ണ്യമായ പാലൊള്ളി മനയുടെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം …..
വള്ളുവനാട്ടിലെ പ്രസിദ്ധ നമ്പൂതിരി പരമ്പരകളിലൊന്നാണു പാലൊള്ളി മനക്കാർ. എഴുനൂറിലധികം വർഷം കാണും ഈ പരമ്പരയുടെ പഴക്കം . പെരുവനം ഗ്രാമക്കാരാണിവർ. തിരുവുള്ളക്കാവ് ശാസ്താവാണു ഗ്രാമദേവത. യജുർവ്വേദികളാണു . അംഗിരസ്സ് ഗോത്രക്കാരാണു പാലൊള്ളി മനക്കാർ . പഴയ ജന്മി കുടുംബമായിരുന്ന പാലൊള്ളി മനക്കാർക്ക് എരവിമംഗലം, കുന്നപ്പള്ളി, കിഴുങ്ങത്തോൾ ഭാഗങ്ങളിൽ അനവധി ഭൂസ്വത്തുക്കളുണ്ടായിരുന്നു .
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മാറ്റത്തിനു തുടക്കം കുറിച്ച വലിയൊരു വിപ്ലവമായിരുന്നു ക്ഷേത്ര പ്രവേശന വിളംബരം തിരുവിതാംകൂറിലെ (1936ഇൽ)ക്ഷേത്ര പ്രവേശന വിളംബരത്തിനും , ഗുരുവായൂർ സത്യാഗ്രഹവും ( 1931-32- ഫലം കിട്ടിയത്-1947) മുന്നെ സ്വന്തം മനയിലെ ക്ഷേത്രം എല്ലാ ജാതിക്കാർക്കുമായി തുറന്ന് കൊടുത്ത് കേരളത്തിൽ വിപ്ലവത്തിനു തുടക്കം കുറിച്ച ഇതിഹാസമാണു പാലൊള്ളി ശ്രീ വല്ലിയ വാസുദേവൻ നമ്പൂതിരി. അയിത്തവും ജാതിചിന്തയും കൊടിപിടിച്ച് നിൽക്കണ 1931-32 കാലഘട്ടത്ത് ജാതിച്ചിന്തയെ, അയിത്താചാരങ്ങളെ വെറുത്തിരുന്ന,സജീവ കോൺഗ്രസ്സ് പ്രവർത്തകരായ പാലൊള്ളി വല്ലിയ വാസുദേവൻ നമ്പൂതിരിയും, അദ്ദേഹത്തിന്റെ സുഹൃത്ത് ചെറുകര രാമനുണ്ണി പിഷാരടിയും കേളപ്പജി നയിക്കുന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനായി ചെന്നു . അവിടെ ചെന്നു സമരത്തിൽ പങ്കെടുത്തു. അപ്പോൾ വാസുദേവൻ നമ്പൂതിരി അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ചിന്തയാണു മാറ്റം സ്വന്തം മനയിലെ ക്ഷേത്രത്തിൽ നിന്നു തുടങ്ങണം എന്നു. ആലോചിച്ചു നോക്കൂ ആ മഹാനുഭാവന്റെ ചിന്താവൈഭവം. അങ്ങനെ അദ്ദേഹം ഗുരുവായൂരിൽ നിന്നു സ്വഗൃഹത്തിലേക്ക് മടങ്ങി എത്തി . സ്വന്തം മനയിലെ ക്ഷേത്രം എല്ലാവർക്കും തുറന്നു കൊടുത്തിട്ടു മതി മറ്റുള്ള സമരം എന്നു പറഞ്ഞാണു അദ്ദേഹം അവിടെ നിന്നു തിരിച്ചത്. വരുന്നവഴി ചാവക്കാട് ഒരു പ്രസ്സിൽ വച്ച് വാസുദേവൻ നമ്പൂതിരി ഒരു നോട്ടീസും അടുപ്പിച്ചു . തന്റെ മനയ്ക്കലെ ക്ഷേത്രമായ ചക്കുവറ വിഷ്ണു ക്ഷേത്രം എല്ലാവർക്കുമായി തുറന്നു കൊടുക്കുന്നു എന്നായിരുന്നു അതിലെ പ്രമേയം .നാട്ടിൽ എത്തി ചെറുകര കിഴക്കെ പത്തായപ്പുരയിൽ വച്ച് ഈ ക്ഷേത്രപ്രവേശനത്തിന്റെ വിളംബരവും നടത്തി. മലയാള മാസം 1108 കന്നിമാസം എട്ടാം തിയ്യതി(1932 sep -23) ചക്കുവറ ക്ഷേത്രത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നു കൊടുത്തു . മലബാറിൽ / കേരളത്തിൽ ആദ്യമായി ഒരു ബ്രാഹ്മണൻ തന്റെ ക്ഷേത്രം എല്ലാ ജാതിവിഭാഗങ്ങൾക്കുമായി തുറന്നു കൊടുത്തു . പാലൊള്ളി വല്ലിയ വാസുദേവൻ നമ്പൂതിരി ഒരു ഇതിഹാസം തന്നെയല്ലെ . മാറ്റം സ്വന്തം വീട്ടിൽ നിന്നു തുടങ്ങി . അതല്ലെ ശരി . പലരും മാറ്റം നാട്ടിൽ മാത്രം ഒതുക്കി നിർത്തി സ്വന്തം ഭവനം സുരക്ഷിതമാക്കിയപ്പോൾ അതിൽ നിന്നെല്ലാം വിത്യസ്തനായി പാലൊള്ളി വല്ലിയ വാസുദേവൻ നമ്പൂതിരി .ആദ്യദിവസങ്ങളിൽ ഹരിജനങ്ങളാരും ക്ഷേത്രത്തിൽ തൊഴാൻ എത്തിയില്ലാത്രെ .ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കാൻ ആളുകളെ തേടി വാസു ദേവൻ നമ്പൂതിരിയും കൂട്ടരും കൂടി ഇറങ്ങി . കുലവൻ എന്നൊരാളെ തപ്പിപ്പിടിച്ച് , അദേഹത്തെ കുളിപ്പിച്ച് , കോടി മുണ്ടു എല്ലാം ഉടുപ്പിച്ച് അമ്പലത്തിൽ തൊഴുവിപ്പിച്ച്, പ്രദക്ഷിണം വെയ്പ്പിച്ച്, ക്ഷേത്രത്തിനു പുറത്ത് കടന്ന് ഒരു പൊതിയോഗവും നടത്തി അദ്ദേഹം . ക്ഷേത്ര പ്രവേശന വിളംബരങ്ങൾക്കും മുന്നെ സകലജാതി വിഭാഗങ്ങൾക്കുമായി തുറന്നു കൊടുക്കപ്പെട്ട ക്ഷേത്രമായി ചക്കുവറ ക്ഷേത്രം . പിന്നീട് കേളപ്പജിയെയും മറ്റു പ്രമുഖനേതാക്കളെയും പങ്കെടുപ്പിച്ചു ചക്കുവറ ക്ഷേത്രത്തിൽ പാലൊള്ളി വല്ലിയ വാസു ദേവൻ നമ്പൂതിരി പന്തിഭോജനം നടത്തിച്ചു.ഇതെല്ലാം അക്കാലത്ത് ഒരുപാട് യാഥാസ്ഥിതികരെ ചൊടിപ്പിച്ചിരുന്നു . എങ്കിലും തന്റെ തീരുമാനങ്ങളിൽ നിന്നൊന്നും വല്ലിയ വാസുദേവൻ നമ്പൂതിരി പിന്മാറിയില്ലാ. പഴയ കോൺഗ്രസ്സുകാരന്റെ വീര്യം. മലബാറിലെ വിപ്ലവത്തിനു ആരംഭം തന്നെയാണു ഈ ഒരു സംഭവം . എന്നിട്ടും ചരിത്രകാരന്മാർ എന്തു കൊണ്ട് ഈ സംഭവത്തിനു വല്ലിയ പ്രാധാന്യം കൊടുത്തില്ലാ എന്നു എനിക്കു മനസിലാവണില്ല്യാ . ഈ സംഭവം ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ വിവരിച്ചിട്ടുണ്ട് .
പാലൊള്ളി മനയിലെ ഐതിഹ്യം…
നൂറ്റാണ്ടുകൾക്ക് മുന്നെ പാലൊള്ളി മനയിൽ മധുസൂദൻ നമ്പൂതിരി എന്നൊരു വ്യക്തിയുണ്ടായിരുന്നു . അദ്ദേഹത്തിന്റെ യൗവനകാലഘട്ടത്ത് , ക്ഷേത്രത്തിൽ പോണ സമയത്ത് കുറച്ച് സാമൂഹ്യദ്രോഹികൾ ആ സാധു ബ്രാഹ്മണനെ കൊണ്ട് മീൻ കൊട്ട എടുപ്പിച്ചു . അദ്ദേഹം അതിൽ വല്ലാതെ അപമാനിതനായ , നിസ്സഹായനായി പോയ ആ യുവാവ് വടകരയിലേക്ക് ആയുധാഭ്യാസം പഠിക്കാനായി പോയി . അവിടെ ചെന്നു സകല ആയുധാഭ്യാസവും , വിദ്യകളും സ്വായത്തമാക്കി അദ്ദേഹം നാട്ടിൽ തിരിച്ചെത്തി. ആദ്യം അദ്ദേഹം താൻ അപമാനിക്കപ്പെട്ട കവലയിൽ ചെന്നു വെല്ലിവിളിച്ചു തന്നെ പണ്ട് അപമാനിച്ച സാമൂഹ്യ ദ്രോഹികളോട് . പക്ഷെ ആരും അദ്ദേഹത്തോട് മുട്ടാൻ ചെന്നില്ലാ. ആളുകൾക്ക് മനസിലായി ഈ വരവു ഒരൊന്നൊന്നര വരവാണെന്ന്. കാലങ്ങൾ കഴിഞ്ഞു മധുസൂദനൻ നമ്പൂതിരി എന്ന യോദ്ധാവിന്റെ നാമം നാടെങ്ങും പരന്നു . അങ്ങനെ കാലങ്ങൾ കടന്നു പോയി . ഒരിക്കൽ പട്ടാമ്പി വല്ലപ്പുഴ ഭാഗത്തുള്ള ഒരു വാര്യത്തെ വാരസ്സ്യാരെ അക്രമകാരികൾ നോട്ടമിട്ടു. വാരസ്സ്യാർക്ക് രക്ഷയ്ക്ക് ഒരു വഴിയും കണ്ടില്ലാ . അപ്പോളാരോ വാരസ്യാരോട് പറഞ്ഞൂത്രെ പാലൊള്ളി മനയിലേക്ക് ചെന്ന് അഭയം പ്രാപിച്ചോളൂ, ബാക്കി പാലൊള്ളി തിരുമേനി നോക്കുമെന്നു . അങ്ങനെ വാരസ്സ്യാർ പാലൊള്ളി മനയിൽ എത്തി . മധുസൂദനൻ നമ്പൂതിരി അവർക്ക് അഭയം കൊടുത്തു. അവരെ തേടി പിന്നാലെ എത്തിയ അക്രമകാരികളുടെ എല്ലാം തല കൊയ്തെ തിരുമേനി അടങ്ങിയുള്ളൂ. ഒരിക്കൽ അദ്ദേഹം കുളത്തിൽ മുഖം കഴുകുന്ന നേരം , പിന്നാലെ ഒളിച്ചു നിൽക്കുന്ന ആയുധധാരികളായ അക്രമകാരികളുടെ പ്രതിബിംബം കണ്ടു. അദ്ദേഹത്തിന്റെ കയ്യിൽ ആയുധങ്ങൾ ഒന്നുമില്ലാ താനും . അവരുടെ കയ്യിൽ പെട്ടാൽ മരണം ഉറപ്പ് താനും. ആ ധീരയോദ്ധാവ് തന്റെ കയ്യിലെ മോതിരത്തിലെ കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തു . അക്രമകാരികളുടെ കൈ കൊണ്ട് മരിക്കുന്നതിനെക്കാൾ ഭേദം ആത്മഹത് എന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹത്തിന്റെ തേജസ്സിനെ ആവാഹിച്ചു ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠയായി പാലൊള്ളി മനയിൽ ചെറിയ ശ്രീകോവിൽ വച്ചു സ്ഥാപിച്ചിട്ടുണ്ട് . പാലൊള്ളി മനയുടെ രക്ഷാപുരുഷൻ ഈ പ്രതിഷ്ഠയാണു. ദിവസേന പൂജയുണ്ട് ഇവിടെ . നാട്ടുകാർ ബ്രഹ്മരക്ഷസ്സ് പ്രീതിക്കായ് പൂജയ്ക്ക് കൊടുക്കാൻ ഇവിടെ എത്താറുണ്ട് . ഒരു മനയിൽ ബ്രഹ്മരക്ഷസ്സ് പ്രതിഷ്ഠ വളരെ വിരളമാണു . കിഴക്കും പുറത്തെ മുത്തപ്പൻ എന്നാണു പ്രതിഷ്ഠയുടെ നാമം.സാക്ഷാൽ ശ്രീ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പാലുള്ളി ചരിതവും നല്ല ഭാഷയും എന്ന കൃതിയിൽ ഈ യോദ്ധാവിനെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്
പാലൊള്ളി മന നാലുകെട്ടാണു . ഏകദേശം അഞ്ഞൂറു വർഷത്തിനടുത്തു കാണും മനയുടെ പഴക്കം . പൂമുഖം മാത്രെ ഒരു ആധുനികത തോന്നീള്ളൂ. പൂമുഖത്തിനു 100 വർഷത്തിനടുത്ത് പഴക്കം കാണും. മുല്ലത്തറയോടെ ഉള്ള നടുമുറ്റവും , ഏഴോളം മുറികളും വല്ലിയ അടുക്കളയും , 1 കുളവും , രണ്ട് കിണറും , തൊഴുത്തും അടങ്ങിയതാണു പാലൊള്ളി മന . ആധുനികത അങ്ങനെ തൊട്ടുതീണ്ടീട്ടില്ലാ . എല്ലാ മുറികളും തട്ടിട്ട മുറികൾ തന്നെ . എനിക്കൊരു അദ്ഭുതമായി തോന്നിയത് , ആദ്യത്തെ നിലയിൽ ഇടചുമർ മരം കൊണ്ടുണ്ടുള്ള മുറികൾ കണ്ടപ്പോഴാണു . കോണി കയറി ആദ്യത്തെ നിലയിലേക്ക് കടന്നപ്പോഴാണു അവിടം ധാരാളം വവ്വാലുകൾ ഉണ്ടെന്ന് മനസിലായത് . എന്നെ ഒന്നു അവർ ഞെട്ടിപ്പിച്ചു. മുറികൾക്കുള്ളിൽ എല്ലാം നല്ല തണുപ്പായിരുന്നു . പണ്ടിവിടെ വല്ലിയ പത്തായപ്പുര എല്ലാം ഉണ്ടായിരുന്നു . മനോഹരമായ വാതിലുകളും, കോണികളും , കിളിവാതിലുകളും എല്ലാം മനയ്ക്ക്ം മിഴിവേകുന്നു.വീടിന്റെ പൂമുഖത്തുള്ള പാട്ടുത്തറ ഒരു വിത്യസ്തതയായി എനിക്കു തോന്നി . പഴമ നല്ലോണം പറഞ്ഞറിയിക്കണ ഒരു മനയാണു പാലൊള്ളി മന
വിപ്ലവം പോലെ ആചാരാനുഷ്ഠാനങ്ങൾക്കും പാലൊള്ളി മനക്കാർ തുല്ല്യ പ്രാധാന്യം കൊടുത്തിരുന്നു . ഗ്രാമദേവതയായ തിരുവുള്ളക്കാവ് ശാസ്താവിനെ പോലെ തന്നെ പ്രാധാന്യം, തട്ടകത്തിലെ ദേവനായ എരവിമംഗലം സുബ്രഹ്മണ്യ സ്വാമിക്കും, മനയിലെ ക്ഷേത്രമായ ചക്കുവറ വിഷ്ണു ഭഗവാനും , ദേശത്തിലെ ഭഗവത്തിയായ തിരുമന്ധാംകുന്നിലമ്മയ്ക്കും ഉണ്ട് .വടിക്കിനിയിൽ നിത്യതേവാരം ഉണ്ട് . ഗണപതി, ശിവൻ , വിഷ്ണു, തിരുമാന്ധാംകുന്നിലമ്മ, സുബ്രഹ്മണ്യൻ , ദുർഗ്ഗ, അയ്യപ്പൻ എന്നീ മൂർത്തികൾ വടിക്കിനിയിൽ ഉണ്ട് . ദുർഗ്ഗയ്ക്ക് പ്രാധാന്യം അധികം . കർക്കിടകത്തിൽ 12 ദിവസവും , തറവാട്ടംഗങ്ങളുടെ പിറന്നാളുകൾക്കും , മനയിലെ അന്തർജ്ജനങ്ങൾ നടത്തിയിരുന്ന വടക്കോട്ട് നേദിക്കുക എന്നൊരു പൂജയുണ്ടായിരുന്നു . തളിപ്പറമ്പപ്പനും, തൃഛംബരത്തപ്പനും, ചെറുകുന്നിലമ്മയ്ക്കും, തൃപ്പങ്ങോട്ടപ്പനും, ആയിരുന്നു ആ പൂജ . എല്ലാ കൊല്ലവും തിരുമാന്ധാംകുന്നിലമ്മയ്ക്ക് കളം പാട്ടുണ്ട്. കിഴക്ക് പുറം മുത്തപ്പനു ദിവസേന വിളക്ക് വയ്ക്കും . എരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രം , ചക്കുവറ മഹാവിഷ്ണു ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിടെ ഊരാളന്മാരാണിവർ.പാലൊള്ളി മനക്കാരുടെ ഓതിക്കൻ പിടിക്കപ്പറമ്പാണു . വൈദികൻ പെരുമ്പടപ്പും.നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളും ചെമ്പോലകളും മനയിലുണ്ട്.
പാലൊള്ളി മനയിലെ ശ്രീ വലിയ വാസുദേവൻ നമ്പൂതിരിയുടെയും പാലൊള്ളി ശ്രീ രുദ്രൻ നമ്പൂതിയുടെയും തലമുറകളാണ് ഇപ്പോൾ പരമ്പരയിൽ ഉള്ളത്.മനയിലെ പ്രഥമ നാമം വാസു ദേവൻ എന്നാണു .ധീര യോദ്ധാവായിരുന്ന ശ്രീ പാലൊള്ളി ശ്രീ മധുസൂദനൻ നമ്പൂതിരി,ഇതിഹാസമായ ശ്രീ പാലൊള്ളി വല്ലിയ വാസു ദേവൻ നമ്പൂതിരി ( അദ്ദേഹത്തെ കുറിച്ചു ആദ്യമെ പ്രതിപാദിച്ചിട്ടുണ്ട് ) അദ്ദേഹം മലബാറിലെ യോഗക്ഷേമ സഭയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ ശ്ലാഘനീയ സേവനം അനുഷ്ടിച്ചിട്ടുണ്ട് .)പാലൊള്ളി ശ്രീ രുദ്രൻ നമ്പൂതിരി സമൂഹത്തിലെ പ്രഗ്ത്ഭ വ്യക്തിത്വം ആയിരുന്നു . പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം എടുത്തു പറയേണ്ടതാണു . അദ്ദേഹത്തിന്റെ ഓർമ്മ ശക്തി അപാരമായിരുന്നു. സകല ബന്ധുക്കളുടെയും , സുഹൃത്തുക്കളുടെ ജന്മദിനം , ആ വ്യക്തികളെക്കാൾ ഓർമ്മിക്കാനുള്ള ശക്തി ശ്രീ രുദ്രൻ നമ്പൂതിരിക്കുണ്ടായിരുന്നു. വേദജ്ഞനുമാണു അദ്ദേഹം .ഇപ്പോഴത്തെ തറവാട്ട് കാരണവരും , അറിയപ്പെടുന്ന പാചക വിദഗ്ദ്ധനും , നമ്പൂതിരിമാർ മറ്റുള്ള ജാതിക്കാരുടെ ചടങ്ങുകൾക്ക് പാചകം ചെയ്യാതിരുന്ന കാലഘട്ടത്ത് അതിനു മാറ്റം കുറിച്ചതും , പാലൊള്ളി ശ്രീ ചെറിയ വാസു ദേവൻ നമ്പൂതിരിയാണു (നാട്ടാരുടെ ഉണ്ണിയേട്ടൻ )പാലൊള്ളി ഇല്ലം പാത്രങ്ങളുടെ കലവറയാണു . എത്ര വല്ലിയ ചടങ്ങിനുമുള്ള ചെമ്പും ചരക്കും ഉരുളിയും ഇവിടെ ഉണ്ട് . ഇന്നും പാത്രങ്ങൾ വാടകയ്ക്ക് കൊടുക്കുന്നുമുണ്ട് . അതിനെല്ലാം കാരണം ചെറിയ വാസുദേവൻ നമ്പൂതിരി അദ്ദേഹമാണു . ജാതിമതചിന്തകളെ വെട്ടിയൊതുക്കിയ വ്യക്തിത്വം.പാലൊള്ളി മനയിൽ ഇപ്പോൾ താമസിക്കുന്ന പാലൊള്ളി ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി പഴയ കോൺഗ്രസ്സ് പ്രവർത്തകനും, പൊതുജന സമ്മതനുമായ വ്യക്തിത്വം ആണു. റിട്ടയേർഡ് അധ്യാപകനും , ചരിത്രത്തിൽ അവഗാഹമുള്ള വ്യക്തിയുമായ പാലൊള്ളി ശ്രീ വാസുദേവൻ നമ്പൂതിരി ( കുട്ടേട്ടൻ -കുട്ടേട്ടന്റെ സംസാര രീതി ഒരു സംഭവം തന്നെയാണു . വള്ളുവനാടൻ നമ്പൂതിരി ഭാഷയുടെ ഒരു ഒഴുക്ക്. ഹാ . കേമം തന്നെ ) തറവാട്ടിലെ ഇളമുറക്കാരനും വളർന്നു വരുന്ന കഥകളി സംഗീതജ്ഞനുമായ പാലൊള്ളി ശ്രീ നവീൻ രുദ്രൻ എന്നിവർ പാലൊള്ളി മനയുടെ കിരീടത്തിലെ പൊൻ തൂവലുകളാണു .
പാലൊള്ളി ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ദേഹവും പത്നി സാവിത്രി അന്തർജ്ജനവും കുടുംബവുമാണു പാലൊള്ളി മനയിലെ ഇപ്പോഴത്തെ താമസക്കാർ.ഇത്രയും ചരിത്ര പ്രാധാന്യമുള്ള പാലൊള്ളി മനയുടെ ചരിത്രം ഇനി എങ്കിലും ലോകർ അറിയണം . മൂടിവയ്ക്കപ്പെട്ട ചരിത്രങ്ങൾ പുറത്തേയ്ക്ക് വരട്ടെ .വിപ്ലവത്തിന്റെ മറ്റൊരു മുഖമാണിത്. പാലൊള്ളി മന നമ്മുടെ നാടിന്റെ അഭിമാനം തന്നെ .
0 Comments