പത്മനാഭപുരം കൊട്ടാരവുമായി ബന്ധപ്പെട്ടതാണ് കൊട്ടാരവും കോട്ടയുടെ നാലുവശവും പട്ടാളക്കാരുടെ സംരക്ഷണത്തിലായിരുന്നു കോട്ടയുടെ ഒരു വശം മേലാങ്കോട് യക്ഷിയമ്മ ക്ഷേത്രമായിരുന്നു. രാത്രി കാലങ്ങളിൽ ആ ഭാഗത്ത് ജോലി നോക്കാൻ ഒരു ഭടനും ധൈര്യപ്പെട്ടില്ല. രാവിലെ നോക്കുമ്പോൾ അവിടെ നിയോഗിക്കപ്പെട്ട ഭടൻ ബോധമില്ലാതെ കിടക്കും. ഒരു ദിവസം അവിടെ നിയോഗിക്കപ്പെട്ട ഭടൻ വള്ളിയൂർ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കാലിൽ എന്തോ തട്ടുകയും അത് എടുത്ത് നോക്കിയപ്പോൾ ഒരു ചെറിയ ഗണപതി വിഗ്രഹം. ഭക്തനായ ആ ഭടൻ തന്റെ മടിയിൽ തിരുകി വയ്ക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഒരു കുഴപ്പവുമില്ലാതെ ജോലി കഴിഞ്ഞ് എത്തിയ ഭടനെ സഹപ്രവർത്തകർ അതിശയത്തോടെയാണ് വീക്ഷിച്ചത്. ഭയപ്പാടില്ലാതെ എങ്ങനെ ജോലി ചെയ്യാൻ സാധിച്ചു എന്ന ചോദ്യത്തിന് വള്ളിയൂർ നദിയിൽ നിന്നും ഗണപതി വിഗ്രഹത്തിന്റെ കഥ വിവരിക്കുകയും, അന്നു മുതൽ പട്ടാളക്കാരുടെ ക്യാമ്പിൽ ആ ഗണപതിവിഗ്രഹം വച്ച് ആരാധിക്കപ്പെടുകയും ചെയ്തു.
രാമവർമ്മ മഹാരാജവിൻ്റെ (ധർമ്മരാജാവ്) കാലത്ത് 1795-ൽ തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയും സേനയുടെ ഭൂരിഭാഗവും തിരുവനന്തപുരത്ത് നിയോഗിക്കപ്പെടുകയും ചെയ്തു.
പട്ടാളക്കാർ പത്മനാഭപുരത്ത് വച്ച് ആരാധിച്ചിരുന്ന ഗണപതിവിഗ്രഹം അവർ കൊണ്ട് വരികയും, പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ഒരു ആൽമരച്ചുവട്ടിൽ വെച്ച് ആരാധിക്കുകയും ചെയ്തു.
പുത്തരികണ്ടത്തിന് പടിഞ്ഞാറ് വശത്ത് കോട്ടയുടെ സമീപത്തായി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ധർമ്മരാജവിന്റെ സഹായത്തോടെ ഒരു ചെറിയ ക്ഷേത്രം പണിത് ആ ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. 1860-1880 കാലയളവിൽ ആയില്യം തിരുന്നാൾ രാമവർമ്മ മഹാരാജവിൻ്റ കാലത്ത് ക്ഷേത്രം പുനരുദ്ധരാണം നടത്തി ഉപദൈവങ്ങളെ പ്രതിഷ്ഠിച്ചു. 1983-ൽ ഭജനമണ്ഡപവും 1996-ൽ പുനരുദ്ധാരണവും ക്ഷേത്രഗോപുരവും പണിതു. 2020ൽ ഇന്ന് കാണുന്ന ഗോപുരവും ക്ഷേത്രവും പണിതു.
0 Comments