ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം.സ്വകാര്യമേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ മികവോടെ ഏകോപിപ്പിച്ച് നിക്ഷയ് പോർട്ടൽ വഴി കൂടുതൽ രോഗബാധിതരെ രജിസ്റ്റർ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം.2019ൽ സ്വകാര്യ മേഖലയിൽ നിന്ന് 4615 ക്ഷയരോഗ ബാധിതർ നിക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2023ൽ അത് 6542 ആയി ഉയർന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ 2025 ഓടെ കേരളത്തെ ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നൽകുന്ന 330 സ്റ്റെപ്സ് സെന്ററുകൾ (സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ) സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ക്ഷയരോഗ ബാധിതർക്ക് രോഗ നിർണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയാണിത്. സ്വകാര്യ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതർക്ക് പോഷകാഹാര കിറ്റുകൾ നൽകുന്നതിനും സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
0 Comments