കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന അതിജീവനം (മാനസിക ആരോഗ്യ വിദ്യാഭ്യാസം) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ ജീവിത ശൈലിയിലും ചര്യകളിലും വലിയ തോതിൽ മാറ്റം വന്നിട്ടുണ്ട്. ഇത് കുട്ടികളിൽ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്കൂൾ കുട്ടികൾക്കായി ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.
ഈ പദ്ധതിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ആശയ വിനിമയത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ് പദ്ധതിയ്ക്ക് ലഭിച്ചത്.മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം എൽ എ പറഞ്ഞു.
എട്ട് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസിലെ കുട്ടികൾക്കായിട്ടാണ് ‘അതിജീവനം’ പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ 18 വരെ തീയതികളിൽ ഫോൺ ഇൻ പരിപാടിയായിട്ടാണ് അതിജീവനം മൂന്നാം ഘട്ടം നടത്തുന്നത്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും 3 ദിവസ പ്രോഗ്രാം ആയിരുന്ന പദ്ധതി കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി 4 ദിവസമാക്കിയിട്ടുണ്ട്. അതുപോലെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ആദ്യദിനം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ 16 ന് പത്താം ക്ലാസ്സ് വിദ്യാർഥികൾക്കും 17 ന്
ഒൻപതാം ക്ലാസ്സ് വിദ്യാർഥികൾക്കും 18 ന് എട്ടാംക്ലാസ് വിദ്യാർഥികൾക്കും അവസരം ലഭിക്കും.
രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് പദ്ധതിയുടെ പുതിയ സമയ ക്രമീകരണം.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സൈക്യാട്രി വിഭാഗം അസി.പ്രൊഫസർ ഡോ. ദീപ്തി പി ടി ആയിട്ടാണ് ആശയ വിനിമയം സംഘടിപ്പിച്ചിട്ടുള്ളത്. നമ്പർ: 9177747261
CONTACT
0 Comments