വയനാട് : സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍(എം.എസ്.എം.ഇ) പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് മൈക്രോ ഫിനാന്‍സ് കോര്‍പ്പറേഷന്‍ തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ബ്രഹ്മഗിരി വയനാട് കോഫിയുടെ കണിയാമ്പറ്റയിലെ വ്യവസായ ഉത്പാദക യൂണിറ്റ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇത്തരം സംരംഭങ്ങള്‍ക്കായി കേരള ബാങ്ക് വഴി നബാര്‍ഡിന്റെ 225 കോടി മൂലധന സഹായം നല്‍കുന്നുണ്ട്. ഇതോടൊപ്പം ചെറുകിട വ്യവസായ പ്രോത്സാഹനത്തിന്റെ ഭാഗമായി 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജും നടപ്പിലാക്കുന്നു.
സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടല്‍ വ്യവസായ വാണിജ്യ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. അതിനാല്‍ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ കൃഷിയ്ക്കും വ്യവസായത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാര്‍ഷിക വ്യാവസായിക വളര്‍ച്ചയിലൂടെ നാടിന്റെ സമഗ്ര വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മഗിരി വയനാട് പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം സംസ്ഥാന ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു. കാപ്പി കര്‍ഷകന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണിയില്‍ ഉല്‍പ്പാദനമെത്തിക്കാന്‍ സഹകരണ മേഖലയിലെ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബ്രഹ്മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ്,കോഫി ബോര്‍ഡ് ക്വാളിറ്റി വിഭാഗം മേധാവി ഡോ.കെ.ബസവരാജ്, കോഫി ബോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ.ബി.ജെ.അശ്വിനികുമാര്‍ ,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments