ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലംഘനം കണ്ടാൽ നിയമ നടപടിയെടുക്കാനും വിവിധ സ്ക്വാഡുകളെ നിയോഗിച്ച് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. കൊറോണ വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം സാമൂഹിക അകലം പാലിക്കലാണെന്നും ഇത് ലംഘിക്കപ്പെടുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വില്ലേജ് അടിസ്ഥാനത്തിലുള്ള സ്വാഡുകളിലേക്ക് വില്ലേജ് ഓഫീസറേയോ സ്പെഷ്യൽ വില്ലേജ് ഓഫീസറേയോ രണ്ട് ഷിഫ്റ്റുകളിലായി നിയോഗിക്കാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. തഹസിൽദാർ ആവശ്യപ്പെട്ടാൽ സ്ക്വാഡുകൾക്ക് പോലീസിന്റെ സേവനം ലഭ്യമാക്കണം. സ്ക്വാഡുകൾക്കാവശ്യമായ വാഹനങ്ങൾ തഹസിൽദാർമാർ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ നിരക്കിൽ വാടകക്ക് എടുത്തു നൽകണം.
നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 269, 188 പ്രകാരമുള്ള നടപടികൾ ജില്ലാ പോലീസ് മേധാവി സ്വീകരിക്കണം. പൊതുജനാരോഗ്യവും ദുരന്തനിവാരണവും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദനീയമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനായി ആ വിവരം സ്ക്വാഡുകൾ ബന്ധപ്പെട്ട മേലുദ്യോഗസ്ഥനും താലൂക്കിലെ ഇൻസിഡന്റ് കമാൻഡർക്കും റിപ്പോർട്ട് ചെയ്യണം.
കോഴിക്കോട് താലൂക്കിലെ പയ്യാനക്കൽ, മാറാട്, ബേപ്പൂർ, ചക്കുംകടവ്, കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി ടൗൺ, നടുവണ്ണൂർ, അരിക്കുളം, പേരാമ്പ്ര, വടകര താലൂക്കിലെ വടകര ടൗൺ, കല്ലാച്ചി, കക്കട്ടിൽ, ആയഞ്ചേരി, നാദാപുരം, വില്യാപ്പള്ളി, താമരശ്ശേരി താലൂക്കിലെ പൂനൂർ ടൗൺ, കൊടുവള്ളി ടൗൺ, താമരശ്ശേരി ടൗൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വില്ലേജുകളിലെ സ്ക്വാഡുകൾ ക്വിക് റെസ്പോൻസ് ടീമായി പ്രവർത്തിക്കണം. ഈ ടീമിൽ വില്ലേജ് ഓഫീസർ / സ്പെഷ്യൽ വില്ലേജ് ഓഫീസർക്കു പുറമേ പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികൾ ഉണ്ടാവണം. ക്വിക് റെസ്പോൺസ് ടീമിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഉറപ്പാക്കുകയും പൊതുസ്ഥലങ്ങളിൽ ജനക്കൂട്ടം നിയന്ത്രിക്കാനും നിർദ്ദേശം നൽകാനും ഉപയോഗിക്കുകയും ചെയ്യണം. ക്വിക് റെസ്പോൺസ് ടീമിനാവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധിയെ അതത് സെക്രട്ടറിയും ആരോഗ്യ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഹെൽത്ത് / മെഡിക്കൽ ഓഫീസറും നിയോഗിക്കണം. ഇത്തരം സ്പെഷ്യൽ സ്ക്വാഡുകളുടെ നോഡൽ ഓഫീസറായി ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണം.
നിയന്ത്രണങ്ങളുടെ ലംഘനം ശ്രദ്ധയിൽ പെട്ടാൽ മൊബൈൽ ഫോണിൽ വീഡിയോ എടുത്ത് ഇൻസിഡന്റ് കമാൻഡർക്ക് കൈമാറുക, വിവാഹം/ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരുടെ എണ്ണം നിബന്ധനകൾ പാലിച്ചാണെന്ന് ഉറപ്പുവരുത്തുക, പൊതുജനങ്ങളിൽ നിന്നും കോവിഡ് 19 ജാഗ്രത പോർട്ടൽ വഴിയും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുക എന്നിവയാണ് സ്പെഷ്യൽ സ്ക്വാഡുകളുടെ ചുമതലയെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments