കോവിഡ് പ്രതിരോധം : ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം മന്ത്രി എ.കെ. ബാലന്‍

by | Jul 29, 2020 | Latest | 0 comments

പാലക്കാട്  : ജില്ലയില്‍ കോവിഡ്-19 രോഗവ്യാപനം കര്‍ശനമായി പ്രതിരോധിക്കാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ നിയമ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി നടത്തിയ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അവലോകന യോഗത്തില്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യം, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രത്യേക നിയന്ത്രണമാണ് നിലവിലുളള അവസ്ഥയില്‍ അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം പൂര്‍ണ്ണമായും ലോക്ഡൗണാക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പ്രാദേശികമായ നിയന്ത്രണങ്ങളാണ് പ്രായോഗികമെന്ന് മന്ത്രി അറിയിച്ചു. രോഗ വ്യാപനമുളള പ്രദേശങ്ങളില്‍ ക്ലസ്റ്ററുകളുണ്ടെങ്കില്‍ അവിടെയും എന്‍ഫോഴ്‌സിംഗ് ഏജന്‍സി എന്ന തരത്തില്‍ പോലീസിന് കൂടുതല്‍ ചുമതല നല്‍കാനാണ് തീരുമാനം.

കോവിഡ് പോസിറ്റീവ് കേസുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റ്/ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന പക്ഷം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതായി പോലീസ് ഉറപ്പാക്കണം.

കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളായ  ശാരീരിക അകലം, മാസ്‌ക്, ഹോം ക്വാറന്റൈന്‍ പാലനം, അനാവശ്യ യാത്രകള്‍ ഒഴിവാക്കല്‍ പോലുളള കാര്യങ്ങള്‍ ജില്ലാ പോലീസ് മേധാവി കര്‍ശനമായി നിരീക്ഷിക്കണം.

ഒരു പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ജില്ലാ പോലീസ് മേധാവി ജില്ലാ മജിസ്‌ട്രേറ്റിന് ശുപാര്‍ശ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും വേണം.

ട്രിപ്പിള്‍ ലോക്ഡൗണ്‍, കണ്ടെയിന്‍മെന്റ് സോണുകളിലെ പ്രവേശന ബഹിര്‍ഗമന പോയിന്റുകള്‍ ജില്ലാ പോലീസ് മേധാവി തീരുമാനിക്കണം.  ഇത്തരത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാക്കുന്നതിനാണ് പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത്.

ജില്ലയില്‍ 8000 ത്തോളം കിടക്കകളുമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജം

പാലക്കാട് ജില്ലയില്‍ നിലവില്‍ 8096 ഓളം കിടക്കകളോടെ 115 ഓളം സെന്ററുകളിലായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി യോഗത്തില്‍ അറിയിച്ചു. ചില പഞ്ചായത്തുകളില്‍ ഒന്നിലേറെ എന്ന തരത്തിലും 88 പഞ്ചായത്തുകളിലും ഏഴ് മുന്‍സിപ്പാലിറ്റികളിലുമായാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ മാങ്ങോട്ടുളള കേരള മെഡിക്കല്‍ കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ്, പെരിങ്ങോട്ടുകുറിശ്ശി എം.ആര്‍.എസ്. എന്നിവിടങ്ങളില്‍ നിലവില്‍ കോവിഡ് ബാധിതരെ ശുശ്രൂഷിച്ചുപോരുന്നുണ്ട്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 1000 കിടക്കകളുടെ സജ്ജീകരണം പൂര്‍ത്തിയായിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ മന്ത്രിയെ അറിയിച്ചു.

മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലെ പരാതികള്‍ക്ക് മന്ത്രിയുടെ ഇടപെടലില്‍ സമയബന്ധിത പരിഹാരം

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്ന മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലെ ശുചീകരണ പ്രവര്‍ത്തനം, മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച പരാതികള്‍ മന്ത്രി എ.കെ. ബാലന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ പ്രശ്‌നപരിഹാരമായി. സെന്ററിലെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് മാലിന്യ നിക്കം നിലച്ചതാണെന്നും ഉടന്‍ പരിഹരിക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തിന് ഉച്ചയോടെ പരിഹാരമായി.

തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ മേല്‍നോട്ട ചുമതല പ്രത്യേകമായി തഹസില്‍ദാര്‍മാര്‍/ഡെപ്യൂട്ടി കലക്ടര്‍ തലത്തിലുളളവര്‍ക്ക് നല്‍കണമെന്നും ഇത്തരം സെന്ററുകളില്‍ പ്രശ്‌നപരിഹാരത്തിന് ഭരണതലത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഉണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് മേല്‍നോട്ടം നല്‍കുന്നുണ്ടെങ്കിലും അതിനായി  ജില്ലാ കലക്ടറുടെ കീഴിലുളള ഉത്തരവാദിത്വമുളള ഒരാളെ ചുമതലപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യമേഖലയില്‍ ജില്ലയ്ക്കകത്ത് 1032 ഒഴിവുകളിലേക്ക് 679 ജീവനക്കാരെ തിരഞ്ഞെടുത്തു  : 

പൂര്‍ണ്ണ നിയമനം ഒരാഴ്ചയ്ക്കുളളില്‍ 

ആരോഗ്യമേഖലയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മോണിക്യുലാര്‍  ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്കായി 679 പേരുടെ ഇന്റര്‍വ്യൂ പൂര്‍ത്തിയായിട്ടുളളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ജോലിയില്‍ പ്രവേശിച്ചുവരുന്നതായും ബാക്കിയുളള നിയമനങ്ങള്‍ ഒരാഴ്ചയ്ക്കുളളില്‍ പൂര്‍ത്തിയാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യമേഖലയില്‍ ജില്ലയ്ക്കകത്ത് 1032 നിയമനങ്ങളാണ് അനുവദിച്ചിട്ടുളളത്. എന്‍.എച്ച്.എംവഴിയാണ് നിയമനങ്ങള്‍ നടത്തുന്നത്.

അടിയന്തിരഘട്ടത്തില്‍ ആവശ്യമായ ഐ.സി. വെന്റിലേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും.

ജില്ലയില്‍ അടിയന്തിരഘട്ടത്തിനനുസൃതമായുളള ഐ.സി. വെന്റിലേറ്റര്‍ സംവിധാനം സജ്ജമാക്കാന്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. അടിയന്തരഘട്ടത്തില്‍ ഐ.സി. വെന്റിലേറ്റര്‍ സംവിധാനം ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, യോഗത്തില്‍ മന്ത്രിയെ അറിയിച്ചു.  അടിയന്തരഘട്ടങ്ങളില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് മന്ത്രി എ.കെ. ബാലന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ടെയിന്‍മെന്റ് സോണുകള്‍ പരിപൂര്‍ണ്ണമായി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും ആരോഗ്യമേഖലയിലുളളവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കാനുളള നടപടി സ്വീകരിക്കും

ആന്റിജന്‍ കിറ്റുകള്‍ സ്വകാര്യലാബുകള്‍ക്ക് കൂടി ലഭ്യമാകുന്ന പക്ഷം പൊതുജനങ്ങളില്‍ പരിശോധനയുടെ അളവ് കൂട്ടാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തി തീരമാനമെടുക്കണമെന്നും മന്ത്രി അറിയിച്ചു.

പട്ടാമ്പിയില്‍ രോഗവ്യാപനതോത് കുറഞ്ഞ് വരുന്നതായി ജില്ലാ കലക്ടര്‍

കഴിഞ്ഞ ജൂലൈ 18 ന് പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ രോഗവ്യാപനത്തോത് കുറഞ്ഞതായി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ജൂലൈ 27 വരെ 293 പോസിറ്റീവ് കേസുകളാണ് പട്ടാമ്പി താലൂക്കില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ 293 പേരില്‍ രോഗമുക്തരുണ്ടോ എന്നറിയാനുളള പരിശോധന ഇന്ന് തുടങ്ങും. പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ ഓങ്ങല്ലൂര്‍, മുതുതല സ്ഥലങ്ങളിലാണ് കേസ് കൂടുതലായി കണ്ടെത്തിയത്. 7000 ത്തോളം വീടുകളില്‍ ആന്റിജന്‍ ടെസ്റ്റ് പൂര്‍ത്തിയായി. അതില്‍ പത്തോളം പേരെയാണ് പോസിറ്റീവായി കണ്ടെത്തിയത്.

പട്ടാമ്പിയിലെ സാഹചര്യം പരിശോധിച്ച് ലോക്ഡൗണ്‍ വേണോയെന്ന് തീരുമാനിക്കും. 

പട്ടാമ്പി മേഖലയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ആഗസ്റ്റ് രണ്ടിന് അവസാനിക്കുമ്പോള്‍ സാഹചര്യം പരിശോധിച്ച് ലോക്ഡൗണ്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും. പട്ടാമ്പിയിലെ രോഗബാധ അയല്‍ ജില്ലയില്‍ നിന്നുണ്ടായതാണെന്നാണ് നിഗമനം. ജില്ലാ അതിര്‍ത്തികളില്‍ നിയന്ത്രണം തുടരുകയാണ്. സംസ്ഥാന അതിര്‍ത്തിപോലെ ജില്ലാ അതിര്‍ത്തികളിലും നിയന്ത്രണം കര്‍ശനമാക്കണമെന്നാണ് പട്ടാമ്പിയിലെ രോഗവ്യാപനത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതെന്ന് ജില്ലാ കലക്ടര്‍ വിലയിരുത്തി.

കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു

നിലവില്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പിയില്‍ മാത്രമാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതെന്നും കൂടുതല്‍ ക്ലസ്റ്ററുകള്‍ കണ്ടെത്താനുളള ശ്രമം നടന്നു വരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കൊടുവായൂരില്‍ രോഗവ്യാപനം സംശയം മാത്രമായിരുന്നു. ഒരു കുടുംബത്തിലുളളവര്‍ക്കിടയില്‍ മാത്രമാണ് രോഗബാധ കണ്ടതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒന്നും ഉറപ്പുപറയാന്‍ പറ്റാത്ത സാഹചര്യം നിലവിലുളളതിനാല്‍ പട്ടാമ്പി മേഖലയിലുള്‍പ്പെട്ട ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം തുടരുകയാണെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് നിന്നാണ് സൂം മീറ്റിങ്ങ് വിളിച്ചത്.

ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ അജിത്ത് കുമാര്‍, എന്‍.എച്ച്.എം. ജില്ലാ കോ-ഓഡിനേറ്റര്‍ രചന എന്നിവര്‍ സൂം മീറ്റിംഗില്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!