തൃശൂർ ജില്ലയുടെയും , പാലക്കാടിന്റെയും അതിർത്തി ഗ്രാമമായ, വില്വാദ്രിനാഥൻ കുടികൊള്ളുന്ന , മനുഷ്യജന്മങ്ങൾക്ക് മോക്ഷമേകി ഒഴുകുന്ന നിളയുടെ തീരത്ത് തിരുവില്വാമലയിൽ ആണ് കേരളത്തിലെ പ്രസിദ്ധ നായർ/ മേനോൻ പരമ്പരയായ മടപ്പുള്ളിക്കളം തറവാട് സ്ഥിതി ചെയ്യുന്നത് . ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ തറവാടിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്ന് സഞ്ചരിക്കാം
രുവില്വാമലയിലെ പ്രസിദ്ധ നായർ പരമ്പരയായ പണ്ടാരക്കളം എന്നറിയപ്പെടുന്ന കാര്യോട്ട് കളം തറവാടിന്റെ ഒരു ശാഖയാണ് മടപ്പുള്ളിക്കളം. ഏകദേശം നൂറ്റൻപതോളം വർഷം പഴക്കം കാണും മടപ്പുള്ളിക്കളം പരമ്പരയ്ക്ക്.നൂറ്റാണ്ടുകൾക്ക് മുന്നെ നാടു വാഴിയായിരുന്ന കവളപ്പാറ മൂപ്പിൽ നായർ പഴയന്നൂർ ഉള്ള ചക്കിങ്ങൽ തറവാട്ടിലെ . ഒരംഗമായ നാരായണി അമ്മയെ വിവാഹം കഴിക്കുകയും , കവളപ്പാറ മൂപ്പിൽ നായർ പത്നിയായ ചക്കിങ്ങൽ നാരായണി അമ്മയ്ക്ക് താമസിക്കാൻ വീട് നിർമ്മിക്കുകയും , ആ പരമ്പരയ്ക്ക് പണ്ടാരക്കളം/കാര്യോട്ട് കളം എന്ന് പേരിടുകയും ചെയ്തു. ആ ദമ്പതികളുടെ മകളായ കാര്യോട്ട് കളം കല്യാണിക്കുട്ടിയമ്മയുടെ മകൾ കുട്ടിപ്പാറു അമ്മയുടെയും അവരുടെ ഭർത്താവ് വാണിയംകുളം കുന്നത്ത് വീട്ടിൽ ഗോവിന്ദമേനോന്റെയും പരമ്പരയാണ് മടപ്പുള്ളിക്കളം പരമ്പര.കളം എന്നാൽ കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ , ഈ തറവാട് സ്ഥിതി ചെയ്യുന്ന ഭൂമി പണ്ട് മടപ്പുള്ളി അച്ചന്മാർ എന്ന് പേരുള്ള പരമ്പരയുടെതായിരുന്നു എന്നും , അവരിൽ നിന്ന് ശ്രീ കുന്നത്ത് ഗോവിന്ദമേനോൻ ഇതെല്ലാം വിലയ്ക്ക് വാങ്ങി, മടപ്പുള്ളി എന്ന അവരുടെ നാമം നിലനിർത്തി തങ്ങളുടെ പരമ്പരയ്ക്ക് മടപ്പുള്ളിക്കളം എന്ന പേർ ഇട്ടു.മടപ്പുള്ളിക്കളവും പണ്ടാരക്കളവും പുലബന്ധമുള്ളവരാണ്. മടപ്പുള്ളിക്കാരുടെ ഇനീഷ്യൽ കാര്യോട്ട് കളത്തിന്റെ കെ . ആണ് . തിരുവില്വാമലയിൽ തന്നെ ഉള്ള മറ്റൊരു സിദ്ധ നായർ പരമ്പരയായ പോന്നേടത്ത് ആച്ചാട്ടിൽ തറവാട് , മടപ്പുള്ളിക്കളം തറവാട് , പണ്ടാരക്കളം തറവാട് എന്നിവർ പരസ്പരം ബന്ധുക്കളാണ്. ഈ മൂന്ന് തറവാട്ടുകാരും തിരുവില്വാമലയുടെ പുരോഗതിയിൽ വലിയൊരു പങ്കുവഹിച്ചവരാണ്
ഇവർ ജന്മി പരമ്പരയായിരുന്നു. കൊണ്ടാഴി , തിരുവില്വാമല ഭാഗങ്ങളിൽ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയുണ്ടായിരുന്നു . ഇപ്പോൾ തറവാട്ടിൽ ഉള്ളവരുടെ അറിവുള്ള കാലത്ത് തന്നെ പത്തായിരം പറ പാട്ടം നെൽകൃഷിയുണ്ടായിരുന്നുവത്രെ. കൃഷി തന്നെയായിരുന്നു ഇവരുടെ പ്രധാനമാർഗ്ഗം .
മടപ്പുള്ളിക്കളം തറവാട് നാലുകെട്ടാണ്. ഏകദേശം 130 വർഷത്തോളം പഴക്കം കാണും തറവാടിന്.കുട്ടിപ്പാറു അമ്മയുടെ മകനായ ശ്രീ കെ . ശേഖരമേനോന്റെ കാലത്താണ് ഈ കാണുന്ന തറവാട് നിർമ്മാണം നടന്നിരിക്കുന്നത്.കേരളീയ വാസ്തുശൈലിയും, വെസ്റ്റേൺ ശൈലിയും സംയോജിച്ച ഒരു മനോഹരമായ സൗധമാണീ തറവാട്.പാലക്കാടൻ / വള്ളുവനാടൻ / ഏറനാടൻ , ഭാഗങ്ങളിൽ ഈ ഒരു ശൈലി കാണാനാകില്ലാ . പ്രത്യേകിച്ച് മട്ടുപ്പാവുള്ള നാലുകെട്ട് ശൈലി. ഒരു പാലിയം മോഡൽ പോലെ എല്ലാം തോന്നി .
അഞ്ചേക്കറോളം വരുന്ന പച്ചപ്പുതപ്പണിഞ്ഞ ഭൂമിയിലാണീ തറവാട് സ്ഥിതി ചെയ്യുന്നത്. ദൂരെ ഗേയ്റ്റിൽ നിന്നു നോക്കിയാൽ തന്നെ അശോകമരങ്ങൾ രണ്ട് ഭാഗത്ത് നിന്നും വെൺകൊറ്റക്കുട പിടിച്ച് നിൽക്കുന്ന പോലെ തറവാടിന്റെ മുറ്റത്ത് കാണാം നമുക്ക് . അത് ഒരു മനോഹരമായ കാഴ്ച്ചയാണ്. അടുത്ത കാലത്ത് ഞാൻ കണ്ടതിൽ ഏറ്റവും വലിപ്പമേറിയതും മനോഹരവും ആയ പ്രധാനവാതിൽ ആണ് മടപ്പുള്ളിക്കളത്തിലേത്. പ്രധാനവാതിൽ കടന്ന് ഉള്ളിലേക്ക് കയറുമ്പോൾ തട്ടിൽ മരത്താൽ കൊത്തിയുണ്ടാക്കിയ സർപ്പവും, പൂക്കളും നമ്മിൽ ആശ്ചര്യമുളവാക്കും . പഴയ വാസ്തുവിദ്ഗദ്ധരുടെ കഴിവിനെ നമ്മൾ നമിക്കേണ്ടിയിരിക്കുന്നു.
നാലോളം കിടപ്പ് മുറികളും, മനോഹരമായ വാതിലുകളും, നടുമുറ്റവും, വല്ലിയ തളങ്ങളും, ഭംഗിയുള്ള ജനലുകളും, കാണാനഴകുള്ള കോണികളും, മച്ചും, കലവറയും, ഭൂഗർഭ നിലവറയും ,പഴയക്കാല രീതിയിൽ ഉള്ള അടുക്കളയും,എല്ലാം അടങ്ങുന്ന ഒരു ദൃശ്യവിരുന്നാണീ തറവാട് . ധാരാളം വായുസഞ്ചാരം ഉള്ള മുറികൾ, പഴമയുടെ മണം വീശി നമ്മെ മനം മയക്കും.നല്ല കനമുള്ള മരത്താൽ ഉള്ള തട്ടും, ചില ഭാഗത്ത് മരത്തിന്റെ ഇടചുമരും, വിശാലമായ മട്ടുപ്പാവും ഈ തറവാടിന്റെ പ്രത്യേകതയാണ്. നാലുകെട്ടിനുള്ളിൽ ഒരു രാജകീയ പ്രൗഡിയോടെ , ഇരിപ്പിടങ്ങളും, മേശകളും, എല്ലാം ഒരുക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ തറവാട്ടിൽ താമസിക്കുന്നവരോട് വളരെ അധികം ബഹുമാനം തോന്നി. നാലുകെട്ടിനോട് ചേർന്ന് ഒരു ഔട്ട് ഹൗസും, പിന്നാലെ ആയി രണ്ട് കുളങ്ങളും, ഒരു കിണറും ഉണ്ട് .
പണ്ടിവിടെ ഒരു വല്ലിയ പത്തായപ്പുരയും ഉണ്ടായിരുന്നു . മടപ്പുള്ളിക്കളം തറവാട് വളരെ മനോഹരമായി , അടുക്കും ചിട്ടയോടും കൂടി, സംരക്ഷിച്ച് പോരുന്ന തറവാട്ടംഗങ്ങൾക്ക് ന്റെ കൂപ്പ് കൈ . കാരണം ഈ തറവാടുകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ് . അവ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അത് മടപ്പുള്ളിക്കളത്തിന്റെ അവകാശിയായ കെ ജാനകി ( തങ്കം രാജേന്ദ്രൻ) നന്നായി നിർവ്വഹിക്കുന്നുണ്ട് തീർത്തും മാതൃകാപരം ,സ്തുത്യർഹം. ശുദ്ധമദ്ധളം, ഹരിചന്ദനം എന്നീ സിനിമകൾ ഈ തറവാട്ടിൽ ഷൂട്ട് ചെയ്തിട്ടുണ്ട്
തറവാട്ടിലെ മച്ചിൽ ഭഗവതി സാന്നിധ്യവും, ദിവസേന വിളക്ക് വയ്ക്കലും പതിവുണ്ട് . മായന്നൂർ ഭഗവതിയാണ് മടപ്പുള്ളിക്കളം തറവാട്ടുകാരുടെ പരദേവത .തറവാട്ട് വളപ്പിൽ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട് . ഒരു ക്ഷേത്രത്തിൽ ഭഗവതിയും ( വാൽക്കണ്ണാടിയിൽ ആണ് പ്രതിഷ്ഠ) ഒരു ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസും ആണ് പ്രതിഷ്ഠ. എല്ലാ വെള്ളിയാഴ്ചകളിലും ഒരു നേരം നമ്പൂതിരി പൂജയും, മീനത്തിലെ മകത്തിൽ ഗംഭീര ചുറ്റു വിളക്ക് ഉത്സവവും ഭഗവതിയ്ക്ക് ആഘോഷിയ്ക്കാറുണ്ട് . അന്ന് കുടുംബത്തിലെ സകലരുടെയും സാന്നിധ്യവും ഉണ്ടാകാറുണ്ടിവിടെ.ബ്രഹ്മരക്ഷസ്സിനു കർക്കിടകമാസത്തിൽ ഒരു തിങ്കൾ അല്ലെൽ വ്യാഴാഴ്ച്ച ഒരു നേരത്തെ നമ്പൂതിരി പൂജയുണ്ടാകാറുണ്ട് . സർപ്പക്കാവിൽ എല്ലാകൊല്ലവും വൃശ്ചികത്തിലെ ആയില്യത്തിന് വെള്ളരി നേദ്യങ്ങൾ പതിവുണ്ട് . സർപ്പക്കാവിനോട് ചേർന്നുള്ള നാഗലിംഗമരം എന്നെ അദ്ഭുതപ്പെടുത്തി . ദൈവീക ചൈതന്യത്തിന്റെ നേർക്കാഴ്ച .
സമൂഹത്തിനും നാടിനും അനവധി സേവനങ്ങൾ , നന്മകൾ , സംഭാവന ചെയ്ത മടപ്പുള്ളിക്കളത്തിലെ വ്യക്തികളെ നമുക്കൊന്ന് പരിചയപ്പെടാം . മടപ്പുള്ളിക്കളം തറവാടിന്റെ ആദ്യ തറവാട്ടമ്മയായ ശ്രീ കെ കുട്ടിപ്പാറു അമ്മയുടെ മക്കളായ ,ഇലക്ട്രിക്കൽ എഞ്ചിനീയറും ,കൊൽക്കത്തയിൽ കസ്റ്റംസ് കലക്ടറും ആയി സേവനമനുഷ്ഠിക്കുകയും ചെയ്ത , സ്തുത്യർഹ സേവനത്തിന് റാവു . ബഹദൂർ ബഹുമതി നേടിയ ശ്രീ കെ റാവു ബഹദൂർ പങ്കുണ്ണി മേനോൻ ( കൊച്ചുണ്ണി മേനോൻ – 1895 -1963) ഇദ്ദേഹം ബംഗാളി സ്ത്രീയായ സുലതാ ഡേ യെ വിവാഹം കഴിച്ച് ബംഗാളിൽ തന്നെ തന്റെ ജീവിതം നയിച്ചു.ശ്രീ കെ ശേഖര മേനോൻ ( 1900-1952 ) [ ]അദ്ദേഹത്തിന്റെ കാലത്ത് നാട്ടിൽ കൃഷികാര്യങ്ങൾക്കും, കന്നു തെളി, കന്നുകാലി വളർത്തൽ എന്നിവയുടെ പ്രാധാന്യവും, അതിന്റെ നടത്തിപ്പും പ്രാവർത്തികമാക്കുകയും, അതിനായി ഉത്സാഹിക്കുകയും ചെയ്തു
ശ്രീ കെ ജാനകിയമ്മയുടെ (1889-1966) മക്കളായ പ്രശസ്ത കമ്പനിയായ പിയേഴ്സ് ലെസ്ലിയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീ കെ നാരായണ മേനോൻ ( 1910-1993) ,ശ്രീ കെ ഗോവിന്ദ മേനോൻ ( 1912-2007) അദ്ദേഹമാണ് പാലക്കാട്ടെ പ്രസിദ്ധമായതും , ആദ്യത്തേതുമായ ആട്ടോമൊബെയിൽ ഷോപ്പുമായ പാൽഘാട്ട് മോട്ടോർസ്സ് തുടങ്ങിയത്.പാലക്കാട്ടെ ആദ്യത്തെ സർക്കാർ അംഗീകൃത ആട്ടോമൊബെയിൽ ഷോപ്പും ഇതായിരുന്നു . 1944 ആണ് പാൽഘാട്ട് മോട്ടോർസ്സ് ആരംഭമായത് . സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ ആരംഭിച്ച പാൽഘാട്ട് മോട്ടോർസ്സ് പാലക്കാട്ടെ ആദ്യത്തെ സ്വാതന്ത്ര്യ ദിന പരേഡിനുള്ള ജീപ്പ് ഒരുക്കി പ്രത്യേക അഭിനന്ദനങ്ങൾ നേടിയപ്പോൾ അതിനു ചുക്കാൻ പിടിച്ച ശ്രീ ഗോവിന്ദമേനോന്റെ ജീവിതത്തിൽ അതൊരു നാഴികക്കല്ലായി. പാലക്കാട് ലയൺസ് ക്ലബ് തുടങ്ങാൻ മുൻ കൈ എടുത്തവരിൽ ഒരാൾ ആയിരുന്നു ശ്രീ ഗോവിന്ദ മേനോൻ .ലയൺസ് സ്കൂളിന്റെ തുടക്ക രൂപമായ ലയൺസ് നഴ്സറി സ്കൂളിൽ കുറെ കാലം മാനേജർ ആയും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
കാര്യപ്രാപ്തി കൊണ്ടും , ആശ്രിതർക്ക് സാന്ത്വനമേകിയും , ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു .ഇവരുടെ മകളായ കെ ജാനകി അമ്മയുടെ ( തങ്കം രാജേന്ദ്രൻ ) മകനും ഏഡിജിപിയും ഇപ്പോഴത്തെ ട്രാൻസ്പ്പോർട്ട് കമ്മീഷണറും ആയ ശ്രീ കെ . പദ്മകുമാർ ഐ.പി.എസ് ഈ തറവാട്ടിലെ ഈ തലമുറയിലെ പ്രമുഖ വ്യക്തിത്വമാണ്
ജനോപകാരപ്രദമായ അനവധി കാര്യങ്ങൾ മടപ്പുള്ളിക്കാർ ചെയ്തിട്ടുണ്ട് . പാവങ്ങൾക്ക് സൗജന്യ ചികിത്സയ്ക്കായി ഒരു ഡിസ്പൻസറി സ്ഥാപിച്ചിരുന്നു . അവിടെ ഒരു ഡോക്ടർ സ്ഥിരം ചികിത്സയും ഉണ്ടായിരുന്നു . തിരുവില്വാമലയുടെ ചരിത്രത്തിൽ ഇവർക്ക് എന്നുമൊരു സ്ഥാനമുണ്ടാകും
നൂറോളം അംഗങ്ങൾ ഉണ്ട് മടപ്പുള്ളിക്കളം പരമ്പരയിൽ. ശ്രീ കെ പാർവ്വതി ദേവിയമ്മ ആണ് ഇപ്പോഴത്തെ തറവാട്ടമ്മ ( 1929-) . മടപ്പുള്ളിക്കളം ശ്രീ കെ ജാനകി ( തങ്കം രാജേന്ദ്രൻ ) ശ്രീ കെ. കൃഷ്ണകുമാർ, ശ്രീ കെ പദ്മകുമാർ ഐ.പി.എസ്, ശ്രീമതി കെ . പ്രീത എന്നീ മൂന്ന് മക്കളും കുടുംബവുമാണ് തറവാട്ടിലെ അവകാശികൾ .
0 Comments