പന്തളംകൊട്ടാരം:സമുദായ അസമത്വത്തിനെതിരായ ചരിത്രം!

by | Apr 10, 2020 | History | 0 comments

‘പന്തളം കൊട്ടാരത്തിന്റേത് സമുദായ മേധാവിത്വത്തിനെതിരെ കലഹിച്ച് എല്ലാ ജാതിക്കാരെയും ക്ഷണിച്ച ചരിത്രം !
(രവിവർമ്മ തമ്പുരാൻ എഴുതിയത് …)
”പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ തൊണ്ണൂറ്റൊൻപതുകാരനായ രേവതിനാൾ പി. രാമവർമ രാജയ്ക്ക് കുടുംബാംഗങ്ങൾക്കിടയിൽ ഒരു വിളിപ്പേരുണ്ട്–പ്രൊട്ടസ്റ്റ്. പ്രൊട്ടസ്റ്റ് ചേട്ടൻ, പ്രൊട്ടസ്റ്റ് അമ്മാവൻ എന്നിങ്ങനെ സ്ഥാനക്രമമനുസരിച്ച് ഓരോരുത്തരും വിളിക്കും. ആ വിളി കേൾക്കുമ്പോൾ വാർധക്യം ബാധിക്കാത്തൊരു ചിരി, ചുളിവു വീണ ആ മുഖത്തു വിരിയും. വലിയ തമ്പുരാന്റെ പേരിലെ ‘പ്രൊട്ടസ്റ്റ്’ പന്തളം കൊട്ടാരത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ അടയാളമാണ്. ജാതിയിൽ കുറഞ്ഞവർ എന്ന് മുദ്രയടിച്ച് ഒരുകൂട്ടം മനുഷ്യരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന കാലത്ത് സമുദായ മേധാവിത്വത്തിനെതിരെ കലഹിച്ച് എല്ലാ ജാതിക്കാരെയും കൊട്ടാരത്തിലേക്കു ക്ഷണിച്ചുവരുത്തി പന്തിഭോജനം നടത്തിയതിനു പതിച്ചുകിട്ടിയ പേരാണത്.

1948ലെ കൊൽക്കത്ത തിസീസിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, കൊട്ടാരത്തിലെ നിലവറയിലിരുന്ന് പാർട്ടി ലഘുലേഖകൾ കല്ലച്ചിൽ അച്ചടിച്ച് വിതരണം ചെയ്തതിന് അറസ്റ്റിലായപ്പോൾ ഉറച്ചുപോയ പേരാണത്. അതിനും മുൻപു രാജഭരണം നിലനിന്ന കാലത്ത്, അധികാരം ജനങ്ങളിലെത്തിക്കാൻ വേണ്ടി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സംഘടിപ്പിച്ച ഉത്തരവാദ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തുകൊണ്ട് തുടങ്ങിവച്ച പ്രൊട്ടസ്റ്റുകളുടെ പരമ്പരയ്ക്കു കിട്ടിയ അംഗീകാരമാണത്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനാണ് ഇന്ന് അദ്ദേഹം.

പാർട്ടി ലഘുലേഖകളുമായി കൊട്ടാരം വനിതകൾ .
നിലവറയിൽ അച്ചടിച്ച ലഘുലേഖ പുറത്തെത്തിക്കാനുള്ള വിദ്യ എന്തായിരുന്നുവെന്നോ? കൊട്ടാരംവക ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ഒരു സഹായി. അദ്ദേഹം തൊഴാൻ വരുന്ന ഭക്തരുടെ കൈവശം പ്രസാദത്തിനൊപ്പം അതുകൂടി വച്ചുകൊടുക്കും. രണ്ടാമത്തെ സഹായികൾ കൊട്ടാരവനിതകളും അവിടത്തെ കുട്ടികളുമാണ്. അവരെയും ആരും സംശയിക്കാനിടയില്ലല്ലോ. ഇപ്പോഴത്തെ വലിയ തമ്പുരാട്ടി തൊണ്ണൂറ്റൊൻപതുകാരി മകംനാൾ തന്വംഗി തമ്പുരാട്ടി, മംഗല തമ്പുരാട്ടി, അംബാലിക തമ്പുരാട്ടി, ഗായത്രി തമ്പുരാട്ടി തുടങ്ങി ഒരുകൂട്ടം കൊട്ടാരവനിതകൾ കീഴ്വഴക്കങ്ങൾ ലംഘിച്ച് പാർട്ടി ലഘുലേഖകൾ പുറത്തെത്തിക്കുകയും പാർട്ടിയുടെ പ്രകടനങ്ങളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇവരിൽ ഗായത്രി തമ്പുരാട്ടിയും മംഗലത്തമ്പുരാട്ടിയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവരെ രക്തപതാകയുടെ പിന്നിൽ അണിനിരത്തിയവരിൽ പ്രധാനിയാണ് പ്രൊട്ടസ്റ്റ് തമ്പുരാൻ.
കൊട്ടാരത്തിലെ മറ്റൊരു വിപ്ലവകാരിയായിരുന്നു ആർ. രാമവർമ. ആൾ ഇന്നില്ല. പന്തളം പഞ്ചായത്തിന്റെ (ഇപ്പോൾ മുനിസിപ്പാലിറ്റി) ആദ്യത്തെ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന് ജപ്പാൻ എന്നു വിളിപ്പേരുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിനെ ആരാധിക്കുകയും ജപ്പാനിൽ പോയി ഐഎൻഎയ്ക്കൊപ്പം ചേർന്ന് ബ്രിട്ടനെതിരായ പോരാട്ടത്തിൽ ഭാഗമാകണമെന്ന് ആഗ്രഹിക്കുകയുമൊക്കെ ചെയ്തതുകൊണ്ടാവാം ആ പേര് പതിഞ്ഞത്. ജപ്പാൻ യാത്ര നടക്കാഞ്ഞതിനാൽ അദ്ദേഹം നാട്ടിലെ കൊടികെട്ടിയ കമ്യൂണിസ്റ്റായി.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ യൂണിറ്റ് പന്തളത്ത് തുടങ്ങുന്നതിനും മുൻപ് കൊട്ടാരം കേന്ദ്രീകരിച്ച് പന്തളം കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചിരുന്നു. അവിടത്തെ ഒരംഗത്തിന്റെ രണ്ടുമുറിപ്പുരയായിരുന്നു ഓഫിസ്. ബോർഡെഴുതിക്കൊടുത്തത് ആർട്ടിസ്റ്റ് വി.എസ്. വല്ല്യത്താനാണ്. വല്ല്യത്താന്റെ അച്ഛൻ കൊട്ടാരത്തിലെ അംഗമാണ്. കെ. കേരളവർമ, കെ. രാമവർമ, കെ. രവിവർമ, എൻ. രാജരാജവർമ, ആർ രാമവർമ, മനു വർമ എന്നിവരും സുഹൃത്തായ പട്ടതോട്ടത്തിൽ ചന്ദ്രശേഖരനുണ്ണിത്താനും ആയിരുന്നു പ്രധാന സംഘാടകർ.

*കമ്യൂണിസ്റ്റ് ഒളിത്താവളം …
ഇവരുമായുള്ള അടുപ്പംമൂലമാണ് കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളിൽ പലരും ഒളിവിലിരിക്കാൻ പന്തളത്തേക്കു വന്നത്. പന്തളം കൊട്ടാരത്തിലെ നിലവറകൾ മാത്രമല്ല തട്ടുമ്പുറങ്ങളും ഉൾമുറികളുമൊക്കെ സഖാക്കളുടെ സുരക്ഷിത ഒളിത്താവളങ്ങളായിരുന്നു. എം.എൻ. ഗോവിന്ദൻ നായർ, പി.കെ. വാസുദേവൻ നായർ, സി. അച്യുതമേനോൻ, പി.ടി. പുന്നൂസ്, പി.കെ. ചന്ദ്രാനന്ദൻ, കെ. വി. പത്രോസ്, കെ.സി. ജോർജ് തുടങ്ങി പന്തളം കൊട്ടാരത്തിൽ ഒളിവിലിരുന്ന ഒട്ടേറെ പ്രമുഖരുണ്ട്. അക്കാലത്ത് പലപ്പോഴും പാർട്ടിയുടെ പല രഹസ്യ നേതൃയോഗങ്ങളും അവിടെ നടന്നു. അതിൽ പങ്കെടുക്കാൻ ഇഎംഎസ് അടക്കമുള്ളവർ വന്നിട്ടുമുണ്ട്. വി.ടി. ഇന്ദുചൂഡൻ, ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി തുടങ്ങിയ പ്രമുഖരും ഒളിവിൽ വന്നുപോയി. ഒളിവിലിരിക്കുന്ന നേതാക്കന്മാർക്ക് താമസവും ഭക്ഷണവുമൊക്കെ കൊടുത്തുവന്നിരുന്നത് കൊട്ടാരം സമ്പന്നമായിരുന്നതുകൊണ്ടല്ല. സ്വന്തം കാര്യങ്ങൾക്ക് വലിയ ഞെരുക്കം അനുഭവപ്പെട്ടിരുന്ന കാലത്തു തന്നെയാണ് ഇല്ലാത്തവർ ഉള്ളവരുടെ മേൽ വിജയം നേടുന്ന പുത്തൻ പുലരി സ്വപ്നംകണ്ട് അവർ കൊട്ടാരത്തെ ചുവന്ന മണ്ണാക്കിയത്. പ്രവർത്തകരെന്ന പേരിൽ പാർട്ടി ഏൽപിച്ച ദൗത്യങ്ങളെല്ലാം സമൂഹത്തിലിറങ്ങി നടന്ന് പരസ്യമായും രഹസ്യമായും അവർ നിർവഹിച്ചു. അതിന്റെ തിരിച്ചടികൾ ഏറ്റുവാങ്ങി. പലരും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമായി മർദിക്കപ്പെട്ടു.

കവിതയിലൂടെ പോരാട്ടം …
പന്തളം കൊട്ടാരത്തിലെ പുരോഗമന ചിന്തയ്ക്ക് പഴക്കം നിർണയിക്കാനാവില്ല. 1879 മുതൽ 1919 വരെ ജീവിച്ചിരുന്ന മഹാകവി പന്തളം കേരളവർമ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന പത്രമാണ് കവനകൗമുദി. പരസ്യങ്ങളടക്കം പത്രത്തിലെ എല്ലാ വിഭവങ്ങളും കവിതയിൽ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ആ പത്രത്തിന്റെ മുഖപ്രസംഗത്തിലൂടെ രാജഭരണത്തിലെ പോരായ്മകളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സമൂഹത്തിലെ ഉച്ചനീചത്വവുമൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. വിമർശിച്ചു. കവനകൗമുദിയിൽ കേരളവർമ എഴുതിയ ഒരു മുഖപ്രസംഗത്തിൽനിന്ന്.
‘വെൺമാടമേറി വിലസുന്നൊരു തമ്പുരാനും
ചുമ്മാടു താങ്ങി വിഷമിപ്പൊരു നിസ്വർ താനും .. തെമ്മാടിയും വലിയ യോഗ്യനുമെന്നു വേണ്ട
നന്മാടുമോർക്കിലിഹ ജീവികളൊന്നു പോലെ’
കൊട്ടാരത്തിലെ മറ്റൊരു കടുത്ത പാർട്ടി പ്രവർത്തകനായിരുന്ന പി.ആർ. രാജരാജവർമ വർഷങ്ങൾക്കു മുൻപ് എഴുതിയ ‘ചുവന്ന സ്മൃതികളിലൂടെ’ എന്ന പുസ്തകത്തിൽ, കമ്യൂണിസ്റ്റ് പ്രവർത്തകരായതിന്റെ പേരിൽ കൊട്ടാരത്തിലെ അംഗങ്ങൾ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്ന ആലപ്പഴഞ്ഞിയിൽ കേരളവർമ 1950 ജൂലൈ 16ന് അറസ്റ്റിലായി. ശബരിമല തീവയ്പിന്റെ പേരിലായിരുന്നു അറസ്റ്റ്. ലോക്കപ്പിൽ അതിക്രൂരമായ രീതിയിലുള്ള മർദനം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ഇന്നും തെളിയാതെ കിടക്കുന്ന ശബരിമല തീവയ്പിന്റെ ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം പാളിപ്പോയതിനെ തുടർന്ന് ഒരു വർഷത്തിനു ശേഷം അദ്ദേഹം കുറ്റവിമുക്തനായി പുറത്തുവന്നെങ്കിലും അക്കാലത്തെ മർദനം രോഗങ്ങളായി ഒപ്പം കൂടി.

മലയാറ്റൂർ രാമകൃഷ്ണന്റെ ‘ഓർമകളുടെ ആൽബം’ എന്ന പുസ്തകത്തിൽ ആലുവ യുസി കോളജിൽ സഹപാഠിയായിരുന്ന കെ. രവിവർമയെ വിപ്ലവകാരി എന്ന് പറഞ്ഞ് വിശേഷിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം മനോരമ വാരികയിലെ തന്റെ പംക്തിയിലൂടെ മലയാറ്റൂർ ഇങ്ങനെ ചോദിച്ചു. ‘ആ അഗ്നിപർവതം തണുത്തുറഞ്ഞുവോ?’ രവിവർമയെ കുറിച്ചായിരുന്നു അന്വേഷണം. രവിവർമ ലോക്കപ്പ് മർദനവും ജയിൽവാസവുമൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് ചന്ദ്രക്കലയുടെ രൂപത്തിൽ ഒരു തഴമ്പുണ്ടായിരുന്നു. പിച്ചളക്കെട്ടുള്ള പൊലീസ് തോക്കിന്റെ പാത്തി ആ തഴമ്പു മാത്രമല്ല, നിർത്താനാവാത്ത ചുമ കൂടിയാണ് അദ്ദേഹത്തിനു സമ്മാനിച്ചത്. 2002ൽ അദ്ദേഹം മരിച്ചു. കൊട്ടാരം നിർവാഹക സംഘം മുൻ പ്രസിഡന്റ് പി. രാമവർമ പന്തളം എൻഎസ്എസ് പോളിടെക്നിക് മുൻ പ്രിൻസിപ്പലാണ്. സിപിഐ നിയന്ത്രണത്തിലുള്ള ഓൾ കേരള പ്രൈവറ്റ് പോളിടെക്നിക് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായിരുന്നു.
ഇപ്പോഴത്തെ പ്രസിഡന്റ് പി.ജി.ശശിവർമ തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റിൽനിന്ന് ജോ. സെക്രട്ടറിയായി വിരമിച്ചയാളാണ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്ന സിപിഎം സംഘടനയുടെ സെക്രട്ടറിയും ട്രഷററും അസോസിയേഷന്റെ കീഴിലുള്ള രചന സാംസ്കാരിക വേദിയുടെ കൺവീനറുമൊക്കെയായിരുന്നു. എസ്എഫ്ഐയുടെ ആദിരൂപമായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും പന്തളം എൻഎസ്എസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശശിവർമ 1974 മുതൽ സിപിഎം അംഗമാണ്. അടിയന്തരാവസ്ഥയുടെ പിറ്റേന്ന് അദ്ദേഹം അറസ്റ്റിലായിട്ടുമുണ്ട്.
ചെങ്കൊടിയുടെ അനുഭാവികളും പ്രവർത്തകരുമായി വേറെയും ആളുകൾ കൊട്ടാരത്തിലുണ്ട്. അവരുടെയൊക്കെ സ്വാധീനത്താലാകാം മിശ്രവിവാഹങ്ങൾ ഇവിടെ ഇടയ്ക്കിടെ നടക്കുന്നുണ്ട്. നായർ, ഈഴവ, ക്രിസ്ത്യാനി തുടങ്ങി വിവിധ സമുദായങ്ങളിൽനിന്നുള്ള യുവാക്കളും യുവതികളും കൊട്ടാരത്തിലെ മരുമക്കളായി വന്നുകൊണ്ടിരിക്കുന്നു. മുമ്പൊക്കെ പ്രണയവിവാഹങ്ങളായിരുന്നെങ്കിൽ ഇപ്പോൾ ആലോചിച്ചുറപ്പിച്ച് അത്തരം വിവാഹങ്ങൾ നടക്കുന്നു. കൊട്ടാരത്തിലെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അവയിൽ സന്തോഷത്തോടെ പങ്കെടുക്കുന്നു.
ആചാരങ്ങൾ തെറ്റിക്കാതെ…
ഇങ്ങനെയൊക്കെയാണെങ്കിലും അയ്യപ്പനുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ വെള്ളം ചേർക്കാൻ കൊട്ടാരത്തിലെ അംഗങ്ങൾ ഇപ്പോഴും തയാറല്ല. കൊട്ടാരത്തിലെ സ്ത്രീകൾക്ക് ഒരു പ്രായത്തിലും ശബരിമലയിൽ പോകാൻ അനുവാദമില്ല. അയ്യപ്പനെ തിരുവാഭരണം അണിയിച്ചു കാണാൻ അവർക്ക് ആഗ്രഹമുണ്ടാവില്ലേ? അതിനാണ് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ മകരവിളക്കു കഴിഞ്ഞുള്ള മടക്കയാത്രയിൽ തിരുവാഭരണം ചാർത്തുന്നത്. ഇവിടത്തെ പുരുഷന്മാർ ശബരിമലയിൽ നടയ്ക്കു നേരെനിന്നു തൊഴരുത് എന്ന ആചാരവും അവർ തെറ്റിക്കാറില്ല. ഇരുമുടി എടുക്കാതെ പതിനെട്ടാംപടി കയറാൻ അനുവാദമുള്ള ഏകകൂട്ടരും ഇവിടത്തെ പുരുഷന്മാരാണ്. വളർത്തുപുത്രനോട് ഐതിഹ്യവഴികളിലൊരിക്കൽ അനീതി കാണിക്കേണ്ടി വന്നിട്ടുള്ളതിനാലാവാം ഇനി അങ്ങനെ സംഭവിക്കരുതെന്ന ചിന്തയിൽ ഇപ്പോഴത്തെ ആചാരസംരക്ഷണയത്നത്തെ അവർ ഒരു പ്രതിജ്ഞപോലെ ശിരസിലേറ്റിയിരിക്കുന്നത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!