മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് വിദ്വാൻ പി.കേളുനായർ(1901-1929). കേവലം ഇരുപത്തിയേഴ് കൊല്ലക്കാലമേ ഇദ്ദേഹം ജീവിച്ചിരുന്നുള്ളൂ.1901 ജൂൺ 27-ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് കൊമ്പത്തുപയനി വീട്ടിൽ മാണിയമ്മയുടേയും, പനങ്ങാട് സ്വദേശി നായരച്ചൻ വീട്ടിൽ കുഞ്ഞമ്പുനായരുടേയും പുത്രനായി ജനിച്ചു.കുഞ്ഞിക്കേളു എന്നാണ് യഥാർത്ഥനാമം. ചെറുപ്പത്തിൽ തന്നെ സംസ്കൃതവും സോപാനസംഗീതവും അഭ്യസിച്ചു.തന്റെ പതിനാറാം വയസ്സുവരെ ഇദ്ദേഹം സംഗീതാഭ്യാസം നടത്തുകയുണ്ടായി.കൂട്ടത്തിൽ ആയുർവേദം കോട്ടയ്ക്കൽ ആയുർവേദശാലയിൽ നിന്നും 2കൊല്ലക്കാലം പഠിച്ചു.
1918-1919 കാലയളവിൽ ഒന്നരക്കൊല്ലം ഉത്തരേന്ത്യയിൽ സൈനികസേവനം അനുഷ്ഠിച്ചു. രോഗബാധിതനായതിനെത്തുടർന്ന് ജോലി നഷ്ടപ്പെടുകയും നാട്ടിൽ തിരിച്ചെത്തുകയും ഉണ്ടായി.മടക്കയാത്രയിൽ കർണ്ണാടക സംഗീതലോകവും തമിഴ്ഭാഷയും സ്വായത്തമാക്കാൻ സാധിച്ചു.തിരികേ നാട്ടിലെത്തിയ ഇദ്ദേഹം അന്ന് ശീലിച്ചുപോന്നിരുന്ന തമിഴ് ചുവയുള്ള നാടകങ്ങളിൽ നിന്നും വിഭിന്നമായി തന്റേതായ ശൈലിയിൽ സംഗീതനാടകങ്ങൾ രചിച്ച് അവതരിപ്പികയും പുതിയൊരു ആസ്വാദനാനുഭവം പ്രദാനം ചെയ്യുകയുമുണ്ടായി.
നാടകങ്ങളിലെ ഇതിവൃത്തങ്ങൾ പു രാണകഥകളെ ആധാരമാക്കിയുള്ളതെങ്കിലും കഥയുടെ ഒഴുക്കിനിടയിൽ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും വിപ്ലവാദർശങ്ങളും എല്ലാം കേളുനായരുടെ നാടകങ്ങളിൽ സാധാരണമായിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ,ജാതിസ്പർദ്ധ ഇവയ്ക്കെതിരായി തന്റെ തൂലിക ഉപയോഗിച്ചു.നാടകം നടത്തിക്കിട്ടിയിരുന്ന തുക സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനു നീക്കിവെച്ചു.
അജാനൂർ ഭാരത് യുവക് സംഘത്തിന്റെ അദ്ധ്യക്ഷൻ, ശക്തി മാസികയുടെ പത്രാധിപർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
0 Comments