ആലപ്പുഴ : മുൻപൊരിക്കലും ഇല്ലാത്തവിധം ക്ഷീര കർഷകരെ സഹായിക്കുന്ന വൈവിദ്ധ്യമാർന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിക്കുന്ന ക്ഷീരകർഷകരുടെ വളർത്തുമൃഗങ്ങളെയും കർഷകരെയും സംരക്ഷിക്കുന്നതിനായുള്ള ‘ദയ ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരമേറ്റപ്പോൾ ആദ്യം തീർപ്പാക്കിയത് ക്ഷീര കർഷകരുടെ പ്രതിസന്ധിയാണ്. കോവിഡ് കാലത്ത് കെട്ടികിടന്ന പാൽ മുഴുവൻ മിൽമ വഴി സംഭരിച്ചു. കേരളത്തിനാവശ്യമായ പാൽ എടുത്ത ശേഷം ബാക്കിയുള്ളവ മുഴുവനും പാൽപ്പൊടിയാക്കാനുള്ള ഉത്തരവാദിത്തമാണ് മിൽമ ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ കേരളത്തിൽ തന്നെ ഇതിന് ബദൽ എന്ന നിലയ്ക്കാണ് മലപ്പുറത്ത് മിൽമയുടെ നേതൃത്വത്തിൽ പാൽപ്പൊടി ഫാക്ടറി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ജില്ലയിൽ കുളമ്പ് രോഗം നിയന്ത്രണ വിധേയമാക്കാൻ മൃഗ സംരക്ഷണ വകുപ്പ് ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം പ്രതിരോധ വാക്സിൻ അടിയന്തിരമായി എത്തിക്കാൻ സാധിച്ചു. കുളമ്പ് രോഗം വ്യാപിച്ചിട്ടുള്ള മേഖലയിലെ പശുക്കൾക്ക് പ്രതിരോധ മരുന്ന് നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. രോഗം ബാധിച്ച പശുക്കൾക്ക് സൗജന്യമായി തീറ്റ കൊടുക്കുന്ന കാര്യവും മൃഗ സംരക്ഷണ വകുപ്പിന്റെ പരിഗണനയിലാണ്.
കോവിഡ് ബാധിതരുടെ പശുക്കളെ സംരക്ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഈ പദ്ധതി അഭിനന്ദനാർഹമാണ്. മറ്റു ജില്ലാ പഞ്ചായത്തുകളും ഈ പദ്ധതി മാതൃകയായി കണ്ടു നടപ്പാക്കണം. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചമ്പക്കുളത്ത് നിർമ്മിക്കുന്ന പശുക്കൾക്കുള്ള സംരക്ഷണ കേന്ദ്രം വരുന്നതോടെ ക്ഷീരകർഷകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കും. ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ ക്ഷീര മേഖലയെ സഹായിക്കാനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളർത്തുമൃഗങ്ങളെ ക്ഷീര സംഘങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ വാസ സ്ഥലത്തേക്ക് ദത്തെടുത്ത് അവയ്ക്ക് ഭക്ഷണവും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തി പാൽ കറന്നു കിട്ടുന്ന വരുമാനം ക്ഷീരകർഷകർക്ക് നൽകുന്ന പദ്ധതിയാണ് ദയ. 72 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ജില്ലയിലെ 72 പഞ്ചായത്തുകളിലുമായി പദ്ധതി നടപ്പാക്കും. ഒരു പഞ്ചായത്തിന് ഒരു ലക്ഷം രൂപ വീതം പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നൽകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. കോവിഡ് ബാധിതരുടെ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം എ.എം. ആരിഫ് എം.പി. നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്ഷീര വികസന ഓഫീസർ എ. അനുപമ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. വി. പ്രിയ ടീച്ചർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള , കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഉത്തമൻ, അഡ്വ. പി. എസ് ഷാജി, എൻ. എസ്. ശിവപ്രസാദ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments