ഉന്നത ഗുണനിലവാരത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രീമിയം കഫേകൾ ആരംഭിക്കുന്നു. കഫേ കുടുംബശ്രീ പ്രീമിയം ബ്രാൻഡ് ശൃംഖലയുടെ ആദ്യ കഫേ എറണാകുളം അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു.തദ്ദേശീയ വിഭവങ്ങൾക്ക് പുറമേ, കേരളത്തിനകത്തും പുറത്തും ഇതിനകം ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങളും പ്രീമിയം കഫേകളിലൂടെ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, മാലിന്യ സംസ്ക്കരണം, പാഴ്സൽ സർവീസ്, കാറ്ററിങ്ങ്, ഓൺലൈൻ സേവനങ്ങൾ, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ, പാർക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളാണ് പ്രീമിയം കഫേകളുടെ പ്രത്യേകത.
ഒരേ സമയം കുറഞ്ഞത് അമ്പത് പേർക്കെങ്കിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കഫേകൾ പ്രതിദിനം കുറഞ്ഞത് 18 മണിക്കൂറെങ്കിലും പ്രവർത്തിക്കും. പ്രത്യേക ലോഗോയും ഏകീകൃത രൂപകൽപന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകൾ തുറക്കുന്നത്. പ്രീമിയം കഫേകളിലൂടെ വനിതകൾക്ക് കാൻറീൻ കാറ്ററിംഗ് രംഗത്ത് കൂടുതൽ പ്രഷണലിസം കൈവരിക്കാൻ അവസരമൊരുങ്ങും. നിലവിൽ കുടുംബശ്രീയുടെ കീഴിലുളള 288 ബ്രാൻഡഡ് കഫേകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരവും വരുമാനവർധനവും ഇതിലൂടെ ലഭിക്കും.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവസരമുണ്ട്. ഓരോ പ്രീമിയം കഫേയിലും കുറഞ്ഞത് 15 വനിതകൾക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. സംസ്ഥാനത്ത് 1198 ജനകീയ ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്കും ഭാവിയിൽ പ്രീമിയം കഫേ വഴി മെച്ചപ്പെട്ട തൊഴിൽ ലഭ്യമാക്കാം. അതത് സി.ഡി.എസുകൾ വഴിയാണ് പ്രീമിയം കഫേകളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഓരോ പ്രീമിയം കഫേക്കും 20 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തൃശൂരിൽ ഗുരുവായൂർ, പാലക്കാട് കണ്ണമ്പ്ര, വയനാട് ജില്ലയിൽ മേപ്പാടി എന്നിവിടങ്ങളിലും കഫേ പ്രീമിയം പ്രവർത്തനം ആരംഭിക്കും.സംസ്ഥാന ദേശീയ പാതയോരങ്ങൾ, പ്രമുഖ നഗരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കഫേകൾ വ്യാപകമാക്കുകയാണ് ലക്ഷ്യം.
0 Comments