കാസർകോട് : ഭാരതീയ ചികിത്സാ വകുപ്പിന്റെയും, കോവിഡ് 19 റസ്‌പോണ്‍സ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയുര്‍രക്ഷാ ടാസ്‌ക് ഫോഴ്‌സുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയും മേധാവി ചെയര്‍മാനായും, ആയുര്‍വേദ സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായുമുളള കമ്മിറ്റിയില്‍ സ്ഥലത്തെ സ്വകാര്യ ആയുര്‍വേദ ഡോക്ടറും, ആയുര്‍വേദ വിദ്യാര്‍ത്ഥി, പഞ്ചായത്തിലെ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍, അംഗന്‍വാടി പ്രതിനിധി,ഐ. സി. ഡി. സി പ്രതിനിധി, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റി ആയുര്‍രക്ഷാ ക്ലിനിക്കുകളുടെ പ്രയോജനം ജനങ്ങളിലേക്കെത്തിക്കുന്നതിനുളള ജനകീയകൂട്ടായ്മയാണ്.
60 വയസ്സിന് മേല്‍ പ്രായമുളളവര്‍ക്ക് പ്രത്യേക കരുതലേകുന്ന സുഖായുഷ്യം, കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് ആരോഗ്യ സംരക്ഷണ പാക്കേജായ പുനര്‍ജനി പദ്ധതി കൂടാതെ ക്വാറന്റയിനില്‍ ഉളള ആള്‍ക്കാര്‍ക്ക് രോഗ പ്രതിരോധത്തിനും, ആരോഗ്യ സംരക്ഷണത്തിനുമായുളള ഔഷധവിതരണം, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ആഹാരക്രമങ്ങളെ കുറിച്ചുളള നിര്‍ദ്ദേശങ്ങള്‍ ഇവയും പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും .
0 Comments