വാമൊഴിയിൽ ചരിത്രത്തിൻ്റെ അതിജീവനം പ്രതിസന്ധിയിലാകുമ്പോൾ ഈ നാട്ടുകാർക്ക് നഷ്ടമാകുന്നത് മഹത്തായ ഒരധ്യായമാകും.
ചട്ടമ്പി സ്വാമികൾ തന്റെ യാത്രകളിൽ ഇടത്താവളമാക്കിയിരുന്ന നായർ ഭവനങ്ങളിലൊന്ന് ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്നു.
മേടയിൽ വീട്. ഓച്ചിറ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് ഒന്നര മയിൽ കിഴക്കു മാറി ആലപ്പുഴ-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ഞക്കനാലാണ് ഈ വീട്.
ഈ പ്രദേശത്ത് ഇന്നുമുള്ള ഒരേയൊരു മേടനിർമ്മിതി (ഒന്നിലധികം നിലകളുള്ള കെട്ടിടം/മാളിക എന്നർത്ഥം). ഓച്ചിറയിൽ കൂടിയുള്ള യാത്രകൾക്കിടയിൽ ചട്ടമ്പി സ്വാമികൾ അവിടെ വന്നു പോകുന്നത് പതിവായിരുന്നു.
ജീവിതത്തിൻ്റെ അവസാന കാലം ഒരു നീണ്ടകാലയളവ് അദ്ദേഹം താമസിച്ചിരുന്നത് മേടയിൽ വീട്ടിലെ അതിഥിയായിട്ടായിരുന്നു. പന്മന ആശ്രമത്തിലേക്ക് പോകുംമുമ്പുള്ള സ്വാമികളുടെ ജീവിതം ഏറെക്കുറെ അവിടെ തന്നെയായിരുന്നുവെന്ന് പറയാം.
മേടയിലെത്തുമ്പോൾ അദ്ദേഹം അവിടെ അന്തിയുറങ്ങിയിരുന്നത് ഒരു പത്തായത്തിൻ്റെ മുകളിലായിരുന്നു. ചട്ടമ്പി സ്മരണകളുമായി അതിന്നും അവിടെ സുരക്ഷിതമാണ്.
തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് അയ്യപ്പൻ പിള്ള എന്ന് പേരിട്ടിരുന്ന കുഞ്ഞൻ പിള്ള ജനിച്ചതെങ്കിലും ദേശാടനങ്ങളും ജ്ഞാനവൈഭവങ്ങളും കൊണ്ട് അദ്ദേഹം സാർവ്വദേശീയനായിരുന്നു.
ചട്ടമ്പി സ്വാമികളുടെ യാത്രകളും കണ്ടുമുട്ടലുകളും ചരിത്രരേഖകളിൽ ഏറെയാണ്. നായർ സമുദായത്തിൻ്റെ ഗുരുവരനായ ചട്ടമ്പിസ്വാമികളുടെ നിലപാടുകളും പ്രവർത്തനങ്ങളും നായന്മാരുടെ സ്വത്വം ഉണർത്തുന്നവയായിരുന്നെന്ന് നമുക്കറിയാം. ബ്രാഹ്മണമേൽക്കോയ്മയെ എതിർത്തു കൊണ്ട് ജ്ഞാനസമ്പാദനത്തിന് ഊന്നൽ നൽകി സ്വാമികൾ നൽകിയ ദിശാബോധം ചെറുതല്ല.
അങ്ങനെയുള്ള സ്വാമികളുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ് മേടയിൽ വീട്. അക്കാലത്ത് ജീവിച്ചിരുന്ന കുഞ്ഞിക്കുട്ടി പിള്ളയുടെ സന്തതി പരമ്പരകൾ ഇന്നും സംരക്ഷിച്ചു വരുന്ന പുരാതനമായ ആ മേടയിൽ വീടും പത്തായവും നൂറ്റാണ്ടുകൾ പഴക്കമുള്ള കൊച്ചുകളീക്കൽ കുടുംബത്തിന്റെ ശാഖയിൽ ഉൾപ്പെട്ടതാണ്.
തങ്ങളുടെ വീട്ടിൽ വന്നിരുന്ന ആ സാധു ഇങ്ങനെയൊരു മഹാദിവ്യനായിരുന്നെന്ന് ഒരു പക്ഷെ, അക്കാലത്തുള്ളവർ വേണ്ടവിധം തിരിച്ചറിയാതെ പോയിരുന്നിരിക്കണം.
ചട്ടമ്പി സ്വാമികൾ വന്നിരുന്നതിന്റെ കഥകൾ കുഞ്ഞിക്കുട്ടിപ്പിള്ളയും മക്കളും പറഞ്ഞിരുന്നത് കേട്ട് വളർന്നവരാണ് ഇന്നത്തെ തലമുറ. അതൊക്കെ അവർ ഓർത്തെടുക്കേണ്ടതും ഇളംതലമുറയ്ക്കും പൊതു സമൂഹത്തിനും കൈമാറേണ്ടതും കാലം ആവശ്യപ്പെടുന്നതാണ്.
1924 മെയ് 5 ന് കൊല്ലം ജില്ലയിൽ കുമ്പളത്ത് ശങ്കുപ്പിള്ള സ്ഥാപിച്ച പന്മന ആശ്രമത്തിലാണ് ചട്ടമ്പി സ്വാമികൾ സമാധിയായത്. അദ്ദേഹത്തിൻ്റെ സമാധിയ്ക്ക് കൊല്ലവർഷ കണക്കിലെ തിഥിയനുസരിച്ച് മെയ് 8 ന് 100 വർഷം തികയുകയാണ്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം 2024 മെയ് 5 നും.
സ്വാമികളുടെ സമാധിയുടെ ശതാബ്ദി ആചരിക്കുന്ന ഈ വേളയിൽ ഗുരുസ്പർശത്തിന്റെ മഹത്ചരിതങ്ങളുമായി തലയുയർത്തി നിൽക്കുന്ന മേടയിൽ വീട് തീർച്ചയായും ഒരഭിമാനമാണ്.
ജി ഗിരീഷ് കുമാർ
0 Comments