വിവാഹ വാർഷികം
ജനുവരി ഇരുപത്തിയേഴ് !
ഇന്ന് അവരുടെ പതിനഞ്ചാം വിവാഹ വാർഷികമാണ്!
അലറാമില്ലാതെ തന്നെ പതിവുപോലെ വീണ ഉണർന്നെണീറ്റു. കണ്ണുകളടച്ചു കിടക്കയിൽ അല്പനേരം ധ്യാന നിരതയായിരുന്നു. മൗന പ്രാർത്ഥനക്കൊടുവിൽ കഴുത്തിൽ കിടന്ന താലിമാലയെടുത്ത് ഇരുകണ്ണിലും വെച്ചു പ്രാർത്ഥിച്ചു. പിന്നെ തിരിഞ്ഞു ചെറു പുഞ്ചിരിയോടവൾ അദ്ദേഹത്തെ നോക്കി . ആശാൻ നല്ല ഉറക്കത്തിലാണ്. ഗൗരവം നിറഞ്ഞ ആ മുഖത്തുനോക്കി ഇത്തിരി നേരമങ്ങനെയിരുന്നു. മെല്ലെ ആ തിരുനെറ്റിയിലൊരു ചുംബനം മുദ്രണം ചെയ്തിട്ടവൾ പ്രഭാതകൃത്യങ്ങളിലേക്ക് തിരിഞ്ഞു.
കൃത്യം ആറുമണിക്ക് മോളെ വിളിച്ചുണർത്തി. തനുമോൾ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്. വളരെ ഉത്സാഹത്തോടെയവൾ ഉണർന്ന് അമ്മയെ കെട്ടിപിടിച്ചു.
“ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മമ്മ..”
വിഷ്ചെയ്തിട്ട് മോൾ അവളുടെ കഴുത്തിലൂടെ കൈകളിട്ടു ചുറ്റി പിടിച്ചുകൊണ്ട് കവിളിലൊരു മുത്തം വെച്ചപ്പോൾ ആ കപോലങ്ങൾക്ക് നേർത്ത ചൂടുണ്ടായിരുന്നുവെന്ന് വീണയ്ക്ക് തോന്നി. മോൾ വേഗം തലയണക്കീഴിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കുഞ്ഞു ഗിഫ്റ്റ് ബോക്സെടുത്തു വീണയ്ക്കു നേരെ നീട്ടി. അവളതിലേക്ക് അത്ഭുതത്തോടെ നോക്കി. എന്തായിത്? ആ കുഞ്ഞിക്കണ്ണുകളിൽ സന്തോഷത്തിൻെറ തിരയിളക്കം. കണ്ണുകൾകൊണ്ട് അത് തുറന്നു നോക്കാൻ മോൾ ആവശ്യപ്പെട്ടു. വീണ സന്തോഷത്തോടെ വർണ്ണപേപ്പറുകൾ നീക്കി പൊതിയഴിച്ചപ്പോൾ കണ്ടു, ഒരു കുഞ്ഞു ബോക്സ്. മോൾക്ക് പപ്പ കൊടുക്കുന്ന പോക്കറ്റ്മണികൾ സ്വരൂപിച്ചു എന്തോ വാങ്ങിയതാണ്. ആകാംക്ഷയോടെ അവളത് പതിയെ തുറന്നു നോക്കി. മനോഹരമായൊരു ചുവന്ന സിന്ദൂരച്ചെപ്പ്!! ചെപ്പുനിറയെ കൊച്ചു കൊച്ചു സ്പടികചില്ലുകളും മുത്തുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു.
“താങ്ക്യൂ.. മൈ ഡിയർ”
മോളെ ശരീരത്തോട് ചേർത്ത് പിടിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ വീണ പറഞ്ഞു. ചെപ്പിൻെറ മൂടി മെല്ലെ തുറക്കുമ്പോൾ നിറയെ സിന്ദൂരം പുറത്തേക്ക് തൂവാൻ വെമ്പൽപൂണ്ട് നിൽക്കുന്നു. വീണയ്ക്കു സന്തോഷമായി. പപ്പയെ പോലെയല്ല മോൾ.. അവൾ ഓർത്തു വെച്ചിരിക്കുന്നു.. അത് അടച്ചുവെച്ചിട്ട് മോളുടെ നെറുകയി മെല്ലെയവൾ ചുണ്ടുചേർത്തു. തന്നെ അറിയുന്ന മകൾ..! തൻെറ ഭാഗ്യമാണ്..
അടുക്കളയിലെ ജോലികളോരോന്നായി വേഗം ചെയ്തു തീർത്തു വിവേകിനുള്ള ചായയുമായി ചെന്ന് അയാളെ വിളിച്ചുണർത്തി.
“മോളുണർന്നോ..”
‘ഉം..”
പതിവുപോലെ ഒപ്പമിരുന്ന് ചായ കുടിക്കുമ്പോൾ ആ കൈകൾ പതിയെ മൊബൈൽ ഫോണിലേക്ക് നീളുന്നത് കണ്ടു. യാതൊരു പ്രതികരണവുമില്ലാതെ..
തുടരും ….
0 Comments