ആലപ്പുഴ : ലോക്ക് ഡൌണ്‍ അവസാനിക്കുമ്പോള്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം നാട്ടിലേക്ക് തിരികെയെത്താന്‍ സാധ്യത ഉള്ളവരുടെ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കണമെന്നു ജില്ലാ കളക്ടര്‍ എം. അഞ്ജന. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നഗരസഭാധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള യോഗത്തിലാണ് കളക്ടറുടെ നിര്‍ദ്ദേശം. വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ട് വിവരശേഖരണത്തിനു പഞ്ചായത്ത് അംഗങ്ങള്‍ മുന്‍കൈയെടുക്കണം. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ വീടുകളില്‍ രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കുട്ടികള്‍ എന്നിവര്‍ ഉണ്ടോ എന്നിങ്ങനെയുള്ള കൃത്യമായ വിവര ശേഖരണമാണ് നടത്തേണ്ടത്. ഇവര്‍ക്ക് ഐസൊലേഷനില്‍ താമസിക്കുന്നതിനായി ശുചിമുറി അടങ്ങിയ മുറികള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ അതത് വീടുകളില്‍ തന്നെ ഉണ്ടോ എന്നും പരിശോധിക്കണം.
ഒരാഴ്ച കൊണ്ട് വിവരശേഖരണം പൂര്‍ത്തീകരിച്ചു ഈ മാസം 27 ന് ജില്ലാതലത്തിലുള്ള പട്ടിക തയ്യാറാക്കാനാണ് പഞ്ചായത്തുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
0 Comments