ദിശ കോവിഡ് ഹെൽപ് ലൈൻ: 104 ദിനങ്ങൾ ഒരു ലക്ഷം കോളുകൾ

by | May 4, 2020 | Uncategorized | 0 comments

ഒരു ലക്ഷം തികയുന്ന കോൾ എടുത്ത് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം ; കോവിഡ്-19 സംശയങ്ങളുമായി ബന്ധപ്പെട്ട് മലയാളികളുടെ മനസിൽ പതിഞ്ഞ നമ്പരാണ് ദിശ 1056. പതിവ് പോലെ കോവിഡ് സംശയങ്ങൾ ചോദിച്ച് ഒരു ലക്ഷം തികയുന്ന കോളെത്തി. ആ കോൾ എടുത്തതാകട്ടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും. ചെന്നൈയിൽ നിന്ന് ശ്രീലക്ഷ്മിയായിരുന്നു ദിശയിൽ സംശയം ചോദിച്ച് വിളിച്ചത്. മന്ത്രിയാകട്ടെ സ്വയം പരിചയപ്പെടുത്താതെയാണ് സംസാരിച്ചത്. ‘ശ്രീലക്ഷ്മീ പറയൂ… അതെ ദിശ, നോർക്കയിൽ രജിസ്റ്റർ ചെയ്ത് വേണം കേരളത്തിലേക്ക് വരാൻ. അതിർത്തിയിൽ പരിശോധനയുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. അല്ലെങ്കിൽ വീട്ടിലെ 14 ദിവസത്തെ കർശന നിരീക്ഷണത്തിലായിരിക്കും. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ വളരെയേറെ ശ്രദ്ധിക്കണം. ടൊയിലറ്റ് സൗകര്യമുള്ള ഒറ്റയ്ക്കൊരു മുറിയിൽ തന്നെ കഴിയണം. ആരുമായും ഇടപഴകരുത്. വീട്ടിൽ ഒരാൾക്ക് ഭക്ഷണം നൽകാം. സൗകര്യമില്ലാത്തവർക്ക് പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കാം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ശ്രീലക്ഷ്മീ ഞാനാ ശൈലജ ടീച്ചർ, ആരോഗ്യ വകുപ്പ് മന്ത്രി. ഒരു ലക്ഷം തികയുന്ന കോൾ ആയതു കൊണ്ടാ എടുത്തത്’ മന്ത്രിയോടാണ് സംസാരിക്കുന്നതെന്നറിഞ്ഞ ശ്രീലക്ഷ്മി അൽപം പരിഭ്രമിച്ചുവെങ്കിലും ഉടൻതന്നെ ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള നന്ദിയറിയിച്ചു. എല്ലാവരും കൂടിയാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് മന്ത്രിയും വ്യക്തമാക്കി.

കോവിഡ് കാലത്ത് ദിശയിലേക്ക് വരുന്ന കോളുകൾ ഇങ്ങനെയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹൈൽപ് ലൈനിൽ ഇതുവരെ ഒരുലക്ഷത്തിലധികം കോളുകളാണ് വന്നത്. ഏറ്റവുമധികം കോൾ (13,950) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. രോഗലക്ഷണങ്ങൾ ചോദിച്ച് 10,951 കോളുകളും കോവിഡ് മുൻകരുതലുകളും യാത്രകളും സംബന്ധിച്ച് 6,172 കോളുകളും ഭക്ഷണത്തിനും മറ്റുമായി 5,076 കോളുകളും ടെലി മെഡിസിനായി 4,508 കോളുകളും മരുന്നിന്റെ ലഭ്യതയ്ക്കായി 3,360 കോളുകളും കോവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 2,508 കോളുകളുമാണ് വന്നത്. ഏറ്റവുമധികം കോൾ വന്നത് തിരുവനന്തപുരം (11,730) ജില്ലയിൽ നിന്നും, ഏറ്റവും കുറവ് കോൾ വന്നത് വയനാട് (902) ജില്ലയിൽ നിന്നുമാണ്. ഇതിൽ 10 ശതമാനം കോളുകൾ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്. സാധാരണ പ്രതിദിനം 300 മുതൽ 500 വരെ കോളുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ ദിവസങ്ങളിൽ പ്രതിദിനം 3000 കോളുകൾ വരെ ദിശയ്ക്ക് ലഭിച്ചു.
കേരള ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നുള്ള സംയുക്ത സംരംഭമായി 2013 മാർച്ചിലാണ് ടെലി മെഡിക്കൽ ഹെൽത്ത് ഹെൽപ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ര്മാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തിൽ 15 കൗൺസിലർമാരും 6 ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയിൽ കോൾ പ്രവാഹം കാരണം ഡെസ്‌കുകളുടെ എണ്ണം 6 ൽ നിന്ന് 30 ആക്കി വർദ്ധിപ്പിച്ചു. അതിനാൽ തന്നെ പ്രതിദിനം 4500 മുതൽ 5000 വരെ കോളുകൾ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് കഴിയും. പരിശീലനം സിദ്ധിച്ച 55 പേരാണ് 24 മണിക്കൂറും ഇവിടെ സേവനമനുഷ്ഠിക്കുന്നത്.
യാത്ര സഹായം, ഭക്ഷ്യ വിതരണം, പ്രദേശിക സഹായം എന്നിവയ്ക്കായി വാർഡ് കൗൺസിലർമാർ, പോലീസ്, സപ്ലൈ ഓഫീസർമാർ, കോവിഡ് റിപ്പോർട്ടിംഗിനായും വൈദ്യ സഹായത്തിനായും സംസ്ഥാന, ജില്ലാ കോവിഡ് കൺട്രോൾ റൂമുകൾ, കളക്ടറേറ്റ് കൺട്രോൾ റൂമുകൾ, അതിഥി തൊഴിലാളികൾക്കായി വാർ റൂം, ലേബർ വെൽഫെയർ ഓഫീസർമാർ, എംപാനൽഡ് ഡോക്ടർമാർ, സൈക്യാർട്ടിസ്റ്റുമാർ, കൗൺസിലർമാർ എന്നിവരുമായി ചേർന്നാണ് ദിശ പ്രവർത്തിച്ചു വരുന്നത്.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങൾക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ടെലിമെഡിക്കൽ സഹായം നൽകുന്നതിന് ഓൺ ഫ്ളോർ ഡോക്ടർമാരും ഓൺലൈൻ എംപാനൽഡ് ഡോക്ടർമാരും അടങ്ങുന്ന ഒരു മൾട്ടിഡിസിപ്ലിനറി ടീമും വിവിധ തലങ്ങളിൽ മാനസികാരോഗ്യ സഹായം നൽകുന്നതിന് സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരുടെ ഒരു ശൃംഖലയും ദിശയിലുണ്ട്.

ദിശ കോൾ സെന്ററിന്റെ പ്രവർത്തനം മന്ത്രി വിലയിരുത്തി. രാത്രിയും പകലുമില്ലാതെ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ദിശയിലെ മുഴുവൻ ജീവനക്കാരേയും അവർക്ക് സഹായം നൽകുന്ന വിവിധ ഡോക്ടർമാരുൾപ്പെടെയുള്ള എല്ലാവരേയും മറ്റ് വകുപ്പുകളേയും മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കോവിഡ്-19 നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ എന്നിവർ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!