ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് വേണ്ടി നോർക്ക റൂട്ട്സ് നടത്തിവരുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം. ഭരണം, ധനകാര്യം, സാങ്കേതികവിദ്യ, സാമ്പത്തികം, സാമൂഹിക മേഖല എന്നീ വിവിധ മേഖലകളിലെ മികവിന് ദേശീയ തലത്തിൽ നൽകുന്ന സ്കോച്ച് അവാർഡ് നോർക്ക റൂട്ട്സിനു ലഭിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് നോർക്കയെത്തേടി സ്കോച്ച് അവാർഡ് എത്തുന്നത്. സാമൂഹിക നീതിയും ശാക്തീകരണവും വിഭാഗത്തിലെ ഗോൾഡ് കാറ്റഗറിയിലാണ് പുരസ്കാരം. 182 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളികൾക്കായി നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ മികവാണ് നോർക്കയെ അവാർഡിന് അർഹമാക്കിയത്.
നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്റർ, ലോക കേരള സഭ, ലോക മലയാള കേന്ദ്രം, എൻ.ആർ. കെ. ഇൻഷുറൻസ്, പ്രവാസി നിയമ സാഹായ സെല്ലുകൾ തുടങ്ങിയ പദ്ധതികളെല്ലാം പുരസ്‌കാരം നേടിയെടുക്കാൻ നോർക്ക റൂട്ട്‌സിന് സഹായകരമായി.മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾ നടപ്പാക്കിയതിനാണ് നോർക്ക റൂട്ട്‌സിന് കഴിഞ്ഞവർഷം സ്‌കോച്ച് അവാർഡ് ലഭിച്ചത്.
നോർക്കയുടെ ഗ്ലോബൽ കോൺടാക്റ്റ് സെന്ററും വിശ്വമലയാളികളുടെ കൂട്ടായ്മയായ ലോക കേരള സഭയും രാജ്യത്ത് കേരളത്തിൽ മാത്രമുള്ള പദ്ധതികളാണ്. നോർക്കയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും പരാതികൾ അധികൃതരെ അറിയിക്കുന്നതിനായുള്ള രാജ്യാന്തര ടോൾഫ്രീ (18004253939) സൗകര്യത്തോട് കൂടിയ ഗ്ലോബൽ കോൺടാക്ട് സെന്റർ ഇതുവരെ 44 വിദേശ രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തോളം പ്രവാസികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രവാസത്തിനു മുൻപ്, പ്രവാസത്തിന് ഒപ്പം, പ്രവാസത്തിനു ശേഷം എന്നിങ്ങനെ പ്രവാസിക്ഷേമത്തിന്റെ സമഗ്രമേഖലകളേയും സ്പർശിക്കുന്ന പദ്ധതികൾക്കും സേവനങ്ങൾക്കുമുളള അംഗീകാരമാണ് പുരസ്കാരം.Excellence in Expatriate Welfare Development; National recognition for Norca Roots.
0 Comments