അക്കാദമിക മേഖലയിൽ വരുന്ന 30 -35 വർഷക്കാലത്തേക്കു സമ്പൂർണമായും ഇടതുപക്ഷത്തിന്റെ ആധിപത്യം ഉറപ്പുവരുത്തുന്ന അധ്യാപക നിയമന നടപടികൾ
കേരള സർവകലാശാലയുടെ കീഴിലുള്ള മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്റർ ആയി നിയമിതയായ പ്രൊഫ. പൂർണിമ മോഹനനെ ആക്ഷേപിക്കുന്നവർ സർവകലാശാലകളിലെ ‘പുതിയ നിയമനവ്യവസ്ഥകളിൽ’ നിശ്ശബ്ദരായിരിക്കുന്നത് എന്തേ?
—————————————
മലയാളം ലെക്സിക്കൻ എഡിറ്റർ നിയമനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്.
ഈ എഡിറ്റർ പോസ്റ്റിനു നിശ്ചയിക്കപ്പെട്ട യോഗ്യതയിൽ മാറ്റങ്ങൾ വരുത്തിയോ, രഹസ്യവിജ്ഞാപനം ഇറക്കിയോ എന്നത് സംബന്ധിച്ചൊക്കെ വിവാദമുയർത്തിയവർ വിശദീകരിക്കുകയും ബന്ധപ്പെട്ട ഏജൻസികളെ കൊണ്ടു അന്വേഷിപ്പിക്കുകയും ഉത്തമ ബോധ്യമുണ്ടെങ്കിൽ കോടതിയെ ഇടപെടുവിക്കുകയും ചെയ്യട്ടെ. എന്നാൽ ഇതിന്റെ പേരിൽ പ്രൊഫ. പൂർണിമ മോഹൻ എന്ന പ്രതിഭയെ ഇകഴ്ത്തിക്കെട്ടാനുള്ള നീക്കം അങ്ങേയറ്റം നീചമാണ്; നിരുത്സാഹപ്പെടുത്തേണ്ടതാണ്.
വളരെക്കാലമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുമായി, പ്രത്യേകിച്ചു ഭാഷകളും സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുമായി അടുത്ത പരിചയം ഉള്ളയാളാണ് ഞാൻ. പിടിപാടുകൾ വേണ്ടത്ര ഇല്ലാത്തതിനാൽ സംസ്‌കൃതത്തിലും മലയാളത്തിലും മഹാപ്രതിഭകളും പണ്ഡിതന്മാരുമായിരുന്നിട്ടും മൂലയ്ക്കിരുത്തപ്പെട്ട നിരവധി മഹനീയ വ്യക്തിത്വങ്ങളെ എനിക്കറിയാം. പിടിപാടുകളുടേയും രാഷ്ട്രീയ ചുറ്റുപാടുകളുടേയും ബലത്തിൽ മാത്രം വലിയ വലിയ സ്ഥാനങ്ങളെ അലങ്കരിച്ചിരുന്നവരും അലങ്കരിച്ചുകൊണ്ടിരിക്കുന്നവരും എന്റെ പരിചയസീമയിൽ ഉണ്ട്.
മലയാളം “അറിയാത്ത” മലയാളം പ്രൊഫസർമാരും സംസ്‌കൃതമറിയാത്ത സംസ്‌കൃതം പ്രൊഫസർമാരും സുലഭമാണ് നമ്മുടെ നാട്ടിൽ എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയൊന്നുമില്ല.
പല കേമന്മാരുടെയും PhD തിസീസുകൾ പരിശോധിക്കാൻ പോലും ലഭ്യമല്ലാത്ത നിലയിൽ ‘അപ്രത്യക്ഷ’മായതിനു കാരണവും ഇതൊക്കെ തന്നെ.
രാഷ്ട്രീയ കാരണമൊന്നു കൊണ്ടു മാത്രം അക്കാദമികമേഖലയിൽ നിരന്തരം നിരവധി വേട്ടയാടലുകൾക്കും വെട്ടി നിരത്തലുകൾക്കും ആക്രമണങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും ഇരയായ വ്യക്തിയാണ് ഞാൻ.
എന്റെ ഇത്തരം പരിചയങ്ങളും അനുഭവങ്ങളും അടിസ്ഥാനപ്പെടുത്തി, എനിക്ക് ഉത്തമബോധ്യമുള്ള ഒരു കാര്യത്തിൽ അക്കാദമിക പ്രതിബദ്ധതയുള്ള ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ – വിവാദമുയർത്തിയ കേമന്മാരെക്കാളും എന്നുമാത്രമല്ല, കേരളത്തിലെ എണ്ണം പറഞ്ഞ ഭാഷാ പണ്ഡിതന്മാരോടൊപ്പം നിൽക്കാൻ മാത്രം വിവിധ ഭാഷകളിൽ പ്രാവീണ്യവും ഭാഷാശാസ്ത്രത്തിൽ അഗാധമായ ധാരണയും പാണ്ഡിത്യവും ഉള്ള പ്രതിഭയാണ് പ്രൊഫ. പൂർണിമ മോഹനൻ. അവരെ നിയമിക്കുകയോ നിയമിക്കാതിരിക്കുകയോ വിജ്ഞാപനത്തെ ചോദ്യം ചെയ്യുകയോ ചോദ്യം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് വേറൊരു കാര്യമാണ്. എന്നാൽ വേറെ ‘പലരേയും’ അളന്ന മട്ടിൽ അവർ വെറും ‘മണ്ണുണ്ണി’ യാണ് എന്നും പിടിപാട് മാത്രമാണ് യോഗ്യത എന്നുമൊക്കെ തട്ടിമൂളിക്കുന്നത് ശരിയല്ലാത്ത പ്രവണതയാണ്.
———————————-
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ വിടുന്നത് ശരിയല്ല. കേരളത്തിലെ അക്കാദമിക മേഖലയിൽ വരുന്ന 30 -35 വർഷക്കാലത്തേക്കു സമ്പൂർണമായും ഇടതുപക്ഷത്തിന്റെ ആധിപത്യം ഉറപ്പുവരുത്തുന്ന അധ്യാപക നിയമന നടപടികൾ ആണ് വിവിധ കോളേജുകളും സർവകലാശാലകളും നടത്തിക്കൊണ്ടിരിക്കുന്നത്.
UGC Regulations 2018 ന്റെ മറ പിടിച്ചു ഇഷ്ടമുള്ളവരെ ഉൾക്കൊള്ളും വിധം ‘Cut off Mark’ നിശ്ചയിക്കാനും ‘Short list’ തയ്യാറാക്കുവാനും പൂർണമായും ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം നൽകുവാനും അനഭിമതരെ വെട്ടി നിരത്തുവാനും സെലക്ഷൻ കമ്മിറ്റികൾക്കു ‘പരമാധികാരം’ നൽകുന്ന Regulation ആണ് UGC Regulation -2018.
മുൻപുണ്ടായിരുന്ന UGC – Regulation – 2010 ൽ ഇന്റർവ്യൂ ബോർഡിനു അമിതമായ ‘കൈകടത്തലും’ ‘താൽപര്യ സംരക്ഷണ’വും അസാധ്യമായിരുന്നു. അതനുസരിച്ചു 80% മാർക്ക് ഉദ്യോഗാർഥിയുടെ അക്കാദമിക നേട്ടങ്ങൾക്കും (Index Mark) 20% മാർക്ക് പത്തോ പതിനഞ്ചോ മിനുറ്റ് നീളുന്ന ഇന്റർവ്യൂവിനും പരിഗണിക്കുന്നതായിരുന്നു. അതിനെ അട്ടിമറിച്ചുകൊണ്ടാണ് UGC Regulation -2018 നിലവിൽ വന്നത്. കഷ്ടമെന്നു പറയട്ടെ മോദി സർക്കാർഭരണകാലത്ത് തന്നെയാണ് ഇതു സംഭവിച്ചത്. ചില നിക്ഷിപ്‌ത താത്പര്യക്കാരുടെ കൈകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതും അവർ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നതും വാസ്തവമാണ്.
ദുരുപദിഷ്ടമായ ഈ Regulation കേരളത്തിലാണ് ഇന്നു വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥിര – താൽക്കാലിക അധ്യാപക നിയമനങ്ങളിൽ സ്വജനപക്ഷപാതവും ഇതരശബ്ദ ഉന്മൂലനവും നടത്താൻ ദുരുപയോഗം ചെയ്യുന്ന ഈ ‘കരിനിയമ’ ത്തെക്കുറിച്ചു മിണ്ടാൻ ഒരു സംരക്ഷണ കമ്മിറ്റിക്കാരും രാഷ്ട്രീയകക്ഷികളും ഇതുവരേയും മുന്നോട്ടു വന്നതായിട്ടറിവില്ല. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ആണ് ഈ പറഞ്ഞിരിക്കുന്നവരുടെ യൊക്കെ ലക്ഷ്യമെങ്കിൽ പ്രൊഫ. പൂർണിമ മോഹനെ അവഹേളിക്കുന്ന കൂട്ടത്തിൽ എങ്കിലും രണ്ടുവരി ഇക്കാര്യത്തിലും പറയേണ്ടതല്ലേ !
– ഡോ: ഭാർഗവ റാം
0 Comments