മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-ലിഫ്റ്റ്) പദ്ധതി ആവിഷ്‌കരിച്ച് കുടുംബശ്രീ. ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് ഒരു സംരംഭം അല്ലെങ്കില്‍ തൊഴില്‍ എന്ന നിലയില്‍ സംസ്ഥാനത്തെ 3,16,860 അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും ഉപജീവനമാര്‍ഗം സൃഷ്ടിച്ചു സുസ്ഥിര വരുമാനം സൃഷ്ടിക്കുന്ന പദ്ധതിയാണ് കെ-ലിഫ്റ്റ് 24 (കുടുംബശ്രീ ലൈവ്ലിഹുഡ് ഇനീഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മിഷന്‍). 1070 സി.ഡി.എസ്സുകള്‍ക്ക് കീഴിലായി 3,16,860അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. കുടുംബശ്രീ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, പാലിയേറ്റീവ് പദ്ധതി ഗുണഭോക്താക്കള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ കുടുംബശ്രീ കുടുംബത്തിലെ എല്ലാവരിലേക്കും എത്തുന്ന ഉപജീവനമാര്‍ഗ്ഗങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. കുടുംബശ്രീക്കുള്ളിലെ വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും സംയോജനത്തിലൂടെയുമാണ് വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നത്.
കുടുംബശ്രീ അയല്‍ക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിച്ച ‘തിരികെ സ്‌കൂളില്‍’ ക്യാമ്പയിന്റെ തുടര്‍ച്ചയായയാണ് പദ്ധതി നടപ്പിലാക്കുന്നത്.കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്. ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിയിലെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കിയാണ് സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട വരുമാനവും തൊഴിലും ലഭ്യമാക്കി സാമ്പത്തിക സുസ്ഥിരതയിലേക്ക് സംസ്ഥാനത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ കെ-ലിഫ്റ്റ് പദ്ധതി നടപ്പാക്കുന്നത്.
നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യത്തിന്റെ കുറവ് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ‘ഉജ്ജീവനം’ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും 47.9 ശതമാനം ആളുകളെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്ന സാഹചര്യത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാനവര്‍ധനവിലേക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കെ ലിഫ്റ്റ് പദ്ധതി സഹായകമാവും. രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന നൂതനവും വിപുലവുമായ ദൗത്യങ്ങളിലൊന്നാണ് കെ-ലിഫ്റ്റ്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിലൂടെ ഈ ക്യാമ്പയിന്‍ കേരളത്തിന്റെ ദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാവും.
0 Comments