തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ മൂന്നാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് മോഷണവും അക്രമങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെയും അനിഷ്ടസംഭവങ്ങളുടെയും എണ്ണം കുറഞ്ഞു. ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചുപൂട്ടുകയും വാഹനങ്ങൾ നിരത്തിലിറങ്ങാതാവുകയും ചെയ്തതോടെ റോഡപകടങ്ങളും വിരളം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 38 പീഡനക്കേസുകളാണ് സംസ്ഥാനത്ത് മൊത്തത്തിൽ റിപ്പോർട്ടായത്. ഇത്തവണ അത് പത്തിൽ താഴെയായി. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു ഡസനോളം കവർച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു . ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഒരു കേസുമില്ല.
കഴിഞ്ഞ വർഷം 13 തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇപ്പോൾ ഒരു കേസാണ് ഉണ്ടായിട്ടുള്ളത് . ജില്ലാ – സംസ്ഥാന അതിർത്തികൾ അടയ്ക്കുകയും റോഡ് -റെയിൽ ഗതാഗതം നിലയ്ക്കുകയും ചെയ്തതോടെ ഇപ്പോൾ പൊലീസിനും എക്സൈസിനും മയക്ക് മരുന്ന്കേസില്ല . അസ്വാഭാവിക മരണങ്ങളും തീരെ കുറഞ്ഞു.
രണ്ട് ഗാർഹിക പീഡനകേസാണ് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ടായത്. കഴിഞ്ഞ വർഷം രണ്ട് ഡസനോളം കേസുകൾ ഈ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു. വാഹനാപകടക്കേസുകളിൽ ദിനംപ്രതി നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്ന കേരളത്തിൽ രണ്ടാഴ്ചയ്ക്കകം ആകെ 15 കേസുകളാണ് റിപ്പോർട്ടായത്.
0 Comments