കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്, സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുക ലക്ഷ്യം- മുഖ്യമന്ത്രി

by | May 13, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയന്ത്രണം പാളിയാൽ കൈവിട്ടുപോകുമെന്നും സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായാൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജാഗ്രത വേണമെന്ന് ആവർത്തിച്ചുപറയുന്നത്. രോഗബാധിത മേഖലകളിൽനിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിർത്തുകയും സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം.
കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ്. തുടർന്ന് രോഗവ്യാപനം പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു. മറ്റ് രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും പ്രവാസി സഹോദരങ്ങൾ ഇപ്പോൾ തിരിച്ചെത്തിത്തുടങ്ങി. ഈയാഴ്ച മുതൽ കൂടുതൽ പേർ നാട്ടിലേക്കെത്തും. ഇപ്പോൾ രോഗബാധിതരായ 32 പേരിൽ 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ഇവരിൽ ചന്നൈയിൽനിന്നു വന്ന ആറു പേർക്കും മഹാരാഷ്ട്രയിൽനിന്നു വന്ന നാലുപേർക്കും നിസാമുദീനിൽനിന്നു വന്ന രണ്ടുപേർക്കും വിദേശത്തുനിന്നു വന്ന 11 പേർക്കുമാണ് രോഗബാധയുണ്ടായത്.

സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച ഒൻപതു പേരിൽ ആറുപേർ വയനാട്ടിലാണ്. ചെന്നൈയിൽ പോയിവന്ന ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേർക്കും സഹഡ്രൈവറുടെ മകനും സമ്പർക്കം പുലർത്തിയ മറ്റു രണ്ടുപേർക്കുമാണ് രോഗബാധയുണ്ടായത്. വയനാടിനു പുറത്ത് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായ മറ്റു മൂന്നുപേർ ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കൽപാതീതമാണ്. കാസർകോട് മുമ്പ് ഒരാളിൽനിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരിൽ ഒൻപതുപേർക്കും. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽനിന്നും ആറുപേർക്ക് രോഗം പടർന്നു.

ഇതുവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും ആവശ്യമായ സുരക്ഷയൊരുക്കാനും നമുക്ക് സാധിച്ചു. കൂടുതൽ ആളുകൾ സംസ്ഥാനത്തേക്ക് എത്തുമ്പോൾ അവർക്കും സുരക്ഷയൊരുക്കാൻ കഴിയണം. ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയിൽ, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആളുകൾ എത്തുന്നുണ്ട്. ഇതുവരെ സംസ്ഥാനത്ത് റോഡു വഴി 33,116 പേരും വിദേശരാജ്യങ്ങളിൽനിന്ന് വിമാനങ്ങൾ വഴി 1,406 പേരും കപ്പലുകളിൽ 831 പേരും എത്തിയിട്ടുണ്ട്. ട്രെയിൻ സർവീസും ആരംഭിക്കുകയാണ്.
ഇതുവരെയുള്ള പോസിറ്റീവായ കേസുകളിൽ 70 ശതമാനം പുറമേനിന്ന് വന്നവരാണ്. 30 ശതമാനം അവരിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചവരും. രോഗവ്യാപന നിരക്ക് ഒന്നിൽ താഴെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മരണനിരക്കും വളരെ കുറയ്ക്കാൻ നമുക്ക് കഴിഞ്ഞു. ബ്രേക്ക് ദി ചെയിനും ക്വാറൻറൈൻ-റിവേഴ്സ് ക്വാറൻറയിനും വിജയിപ്പിക്കാൻ കഴിഞ്ഞത് കൊണ്ടാണ് നേട്ടങ്ങൾ കൈവരിക്കാനായത്. ഇത് നമുക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നൽകുന്നുണ്ട്.

ഇനിയുള്ള ഘട്ടത്തിൽ സ്ഥിതിഗതികളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കണം. ഇതുവരെ വിദേശത്തുനിന്നുള്ളവർ കേരളത്തിലേക്ക് വരുന്ന അവസരത്തിൽ വിദേശരാജ്യങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും അതായിരുന്നു. ഇപ്പോൾ ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് അതത് രാജ്യങ്ങളിൽ ആൻറിബോഡി ടെസ്റ്റ് നടത്താൻ നിർദ്ദേശം നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപന തോത് കുറയ്ക്കാൻ ഇതു സഹായിക്കും.

ഒരേസമയം നമുക്ക് അനേകം പേരെ സ്വീകരിക്കേണ്ടിവരും. അവർ എല്ലാവരും ഇങ്ങോട്ടു വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇതിന് എല്ലാ ആളുകളുടെയും സഹായവും സഹകരണവും വേണം. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമായി തുടരും.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എത്തുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിർബന്ധമായും ശേഖരിച്ചിരിക്കണം എന്ന തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് കോവിഡ് ജാഗ്രത 19 വെബ് പോർട്ടലിൽ രജിസ്ട്രേഷനും പാസും നിർബന്ധമാക്കിയത്. നമ്മുടെ സഹോദരങ്ങൾ മറ്റ് പല സ്ഥലത്തും അനുഭവിക്കേണ്ടിവരുന്ന പ്രയാസത്തെക്കുറിച്ച് എല്ലാവർക്കും നല്ല ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെ സംസ്ഥാനത്തേക്കുള്ള യാത്രകൾ ആ പ്രയാസം വർധിപ്പിക്കാൻ മാത്രമേ ആത്യന്തികമായി ഉപകരിക്കൂ. ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്റെ സുരക്ഷയാണ് എന്ന് എല്ലാവരും, അത് പുറത്തുനിന്ന് വരുന്നവരായാലും ഇവിടെയുള്ളവരായാലും ഓർക്കേണ്ടതുണ്ട്.

അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് ഹോം ക്വാറൻറൈൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. ഹോം ക്വാറൻറൈൻ എന്നത് ഫലത്തിൽ റൂം ക്വാറൻറൈൻ എന്നതായി മാറണം. വീട്ടിൽ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ആരോഗ്യപ്രവർത്തകരും സർക്കാരും നിർദേശിക്കുന്നതിനപ്പുറത്തേക്ക് ഈ ഘട്ടങ്ങളിൽ ആരും പെരുമാറാൻ പാടില്ല. കുട്ടികൾ, പ്രായമായവർ, ഗുരുതരമായ രോഗമുള്ളവർ എന്നിവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകാൻ പാടില്ല എന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകരുത്.

വരുന്നവർ മാത്രമല്ല, ഇവിടെയുള്ളവരും അക്കാര്യത്തിൽ ജാഗ്രത കാട്ടണം. കഴിഞ്ഞ ഘട്ടത്തിൽ എങ്ങനെയായിരുന്നോ നമ്മുടെ സംവിധാനങ്ങൾ പ്രവർത്തിച്ചത് ആ സൂക്ഷ്മതയോടു കൂടി തന്നെ വരും ദിവസങ്ങളിലും പ്രവർത്തിച്ചേ മതിയാകൂ. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവരുമായി സഹകരിക്കാൻ എല്ലാവരും തയ്യാറാകണം. ക്വാറൻറൈനിൽ കഴിയുന്നവർ വീട്ടിൽ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തൽ പോലീസിൻറെ കൂടി ബാധ്യതയായി നിർദേശിച്ചിട്ടുണ്ട്. അക്കാര്യത്തിൽ പൂർണമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!