വേനല്‍ക്കാലത്തിനിടക്കെത്തിയ കോവിഡ് വൈറസും ലോക് ഡൗണും ജല ക്ഷാമം രൂക്ഷമാക്കാനിടയാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇടക്കിടെ കൈകള്‍ സോപ്പിട്ട് കഴുകണമെന്ന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം പാലിക്കാന്‍ പലരും ഏറെ നേരം ടാപ്പ് തുറന്നിടുന്നത് ശുദ്ധജല നഷ്ടത്തിന്റെ വ്യാപ്തിയേയും വര്‍ദ്ധിപ്പിക്കുന്നു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മിക്കവാറും വീടുകളില്‍ പച്ചക്കറി കൃഷി തുടങ്ങിയതും ജലത്തിന്റെ ഉപഭോഗം വര്‍ധിപ്പിച്ചിട്ടുണ്ട്.
കോവിഡിനെ തോല്‍പ്പിക്കുമ്പോഴേക്കും ദാഹജലം കിട്ടാക്കനിയായി മാറാതിരിക്കാന്‍ വലിയൊരു കരുതല്‍ ആവശ്യമാണ്. കോവിഡ് സംബന്ധിച്ച സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ നിയമസഭ സാമാജികരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചപ്പോഴും അതത് മണ്ഡലങ്ങളിലെ ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചത് ഈ പശ്ചാത്തലത്തില്‍ പ്രധാന്യമര്‍ഹിക്കുന്നു.
ചുരുക്കത്തില്‍ കോവിഡ് പ്രതിരോധത്തോടൊപ്പം ജല സംരക്ഷണത്തിനും പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിരിക്കുന്നു. കരുതലോടെയുള്ള ഉപയോഗം ശീലമാക്കിയാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാനാവുന്നതേയുള്ളൂ. ഓര്‍ക്കുക, 30 സെക്കന്റ് കൈ കഴുകാന്‍ 30 സെക്കന്റ് ടാപ്പ് തുറന്നു വയ്ക്കരുത്.
കൈ കഴുകാം ‘കൈ വിട്ട് കളയാതെ’
സാമൂഹിക അകലത്തോടൊപ്പം കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് കൈകള്‍ സോപ്പിട്ട് കഴുകുക എന്നത്. ജലം പാഴാകുമെന്ന് കരുതി കൈ കഴുകാതിരിക്കാനാവുകയുമില്ല. അപ്പോ പിന്നെ കഴുകുന്നതിന്റെ രീതിയൊന്ന് മാറ്റിയാല്‍ പോരേ?. ടാപ്പ് മുഴുവനായും തുറന്ന് വെക്കുന്ന ശീലക്കാരാണെങ്കില്‍ പറയുകയും വേണ്ട. അപ്പോ ശീലമൊന്ന് മാറ്റിപ്പിടിക്കാം. കൈകള്‍ നനച്ച് സോപ്പോ ഹാന്റ് വാഷോ തേച്ച് പിടിപ്പിച്ചതിന് ശേഷം മാത്രം ടാപ്പ് തുറക്കുകയാണെങ്കില്‍ അനാവശ്യമായ ജലനഷ്ടം ഒഴിവാക്കാനാകും. കൈ കഴുകലില്‍ കൈവിട്ട കളി വേണ്ട എന്ന് സാരം. പ്രധാനമായും കുട്ടികള്‍ കൈ കഴുകുന്നത് മുതിര്‍ന്നവരുടെ സാന്നിധ്യത്തിലാകുന്നത് ജലത്തിന്റെ ഈ പാഴ്ചെലവ് നിയന്ത്രിക്കുവാനും കൈ കഴുകുന്നതിലെ ശാസ്ത്രീയത ഉറപ്പാക്കാനും കഴിയും.
ചൂടല്ലേ കുളിക്കാത്തവരും കുളിക്കും
സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കുമുള്ള ഓട്ടപ്പാച്ചിലില്‍ കുളിച്ചെന്ന് വരുത്തിയിരുന്നവരിപ്പോള്‍ ലോക് ഡൗണില്‍ കുടങ്ങിയതോടെ വിസ്തരിച്ചുള്ള കുളിയിലേക്ക് മാറി. ചൂട് കാലത്തെ കുളി കൂടുതല്‍ ശ്രദ്ധിക്കുകയേ നിര്‍വ്വാഹമുള്ളു. ഇല്ലെങ്കില്‍ താമസിയാതെ കൂടുതല്‍ വിയര്‍ക്കേണ്ടി വരും. ‘ഒന്നും രണ്ടും’ ആവശ്യങ്ങള്‍ക്ക് ഫ്‌ളെഷ് ചെയ്യുന്നതും വലിയ തോതില്‍ ജല നഷ്ടം വരുത്തും. ആവശ്യമെങ്കില്‍ മാത്രം ഫ്‌ളെഷ് സംവിധാനം ഉപയോഗിക്കുക. കപ്പില്‍ വെള്ളം എടുത്ത് ഉപയോഗിക്കാവുന്നതേയുള്ളു. കുളിക്കുന്നതിനിടയില്‍ കുട്ടികള്‍ ടാപ്പ് തുറന്നിട്ട് കളിക്കുന്നതും ശ്രദ്ധിക്കണം.
കുടം കമഴ്ത്തി വെള്ളമൊഴിക്കരുത്
ലോക് ഡൗണ്‍ കാലത്തെ വിരസത മറികടക്കാന്‍ പലരും കൃഷി ആരംഭിച്ചുവെന്നത് ഗുണകരമായ മാറ്റമാണ്. ഇതര സംസ്ഥാനത്ത് നിന്ന് പച്ചക്കറി വന്നില്ലേലും അവരവരുടെ വീട്ടിലേക്കുള്ളത് വിളയിച്ചെടുക്കാമെന്ന് ലോക് ഡൗണ്‍ തെളിയിച്ചെന്നാണ് പലരുടെയും അനുഭവം. എന്നാല്‍ ‘കന്നി’ കര്‍ഷകരുടെ കൃഷിയിലെ പരിചയക്കുറവ് ജല നഷ്ടത്തിനും ഇടവരുത്തുന്നുണ്ടെന്നതാണ് വസ്തുത. ശാസ്ത്രീയമായ ജലസേചന രീതികള്‍ പ്രയോഗിക്കാത്തതാണ് ഇതിന് കാരണമാകുന്നത്. കുറഞ്ഞ അളവില്‍ ജലം ഉപയോഗിച്ച് നനക്കാവുന്ന വിവിധ സൂക്ഷ്മ ജലസേചന രീതികളുണ്ടെങ്കിലും ലോക് ഡൗണ്‍ കാലത്ത് ഇവ സ്ഥാപിക്കുന്നത് സാധ്യമല്ലെന്നതിനാല്‍ വീട്ടില്‍ ലഭ്യമായ സൗകര്യങ്ങളെ ശാസ്ത്രീയമാക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചാലെന്താ?
തിരി നനയും ചകിരിയും
വീട്ടില്‍ പാഴായിക്കിടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലിന് താഴെ ദ്വാരമിട്ട് അതില്‍ കോട്ടണ്‍ തുണി വെച്ച് വെള്ളം നിറച്ചാല്‍ തിരി നനയായി. വേരിലേക്ക് നേരിട്ടിറങ്ങുമെന്നതും ജലം പാഴാകുന്നില്ലെന്നതും ഈ രീതിയുടെ പ്രത്യേകതയാണ്. കൂടാതെ ചെടിയുടെ ചുവട്ടില്‍ ചകിരി കമഴ്ത്തിയിടുന്നത് വേനല്‍ക്കാല നനയില്‍ നിന്ന് കിട്ടുന്ന ജലം പരമാവധി ശേഖരിച്ച് വെക്കുന്നതിനും സഹായിക്കും.
ഒന്നും വെറുതെ കളയണ്ട
കൃഷി ആവശ്യങ്ങള്‍ക്ക് സോപ്പ് കലര്‍ന്നതല്ലാത്ത ജലവും പുനരുപയോഗിക്കാവുന്നതാണ്. ആദ്യ അലക്കിന് ശേഷം തുണി കഴുകിയെടുക്കുന്ന ജലത്തില്‍ സോപ്പിന്റെ അംശം കുറവായിരിക്കുമെന്നതിനാല്‍ ഇത് നനയ്ക്ക് ഉപയോഗിക്കുന്നതില്‍ വിരോധമില്ല. അരി, പച്ചക്കറി എന്നിവ കഴുകിയ വെള്ളം തലേ ദിവസം എടുത്ത് വച്ച് പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചാല്‍ നല്ല ഒന്നാന്തരം വളര്‍ച്ചാ സഹായിയുമായി.
സംരക്ഷിക്കാം, പരമ്പരാഗത ജല സ്രോതസുകളെ
ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യ ഘടകമാണ് പാരമ്പരാഗത ജല സ്രോതോതസുകളുടെ സംരക്ഷണവും നവീകരണവും. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങി വിവിധങ്ങളായ ജല സ്രോതസുകളിലാണ് നമ്മുടെ നാടിന്റെ നിലനില്‍പ്പ്. അവ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതതയായി തന്നെ കാണണം.
ലോക് ഡൗണ്‍ കഴിഞ്ഞാലും കൃഷി തുടരണം. അത് അനിവാര്യതയാണ്. പ്രളയവും, നിപ്പയും ചെറുത്തു തോല്‍പിച്ച മലയാളി ഇപ്പോള്‍ തുടരുന്ന ഇനിയും തുടരേണ്ടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡിനെയും തുരത്തും. ഇത് നമ്മുടെ മാത്രമായ ആത്മ വിശ്വാസമാണ്. ശുദ്ധജലം സംരക്ഷിക്കേണ്ടതിലും ഈ ചിട്ടവട്ടങ്ങള്‍ നമുക്ക് പാലിക്കാം. ഓര്‍ക്കുക, ആശങ്കയല്ല ജാഗ്രതയാണ് എല്ലാറ്റിലും ഉപരിയായി വേണ്ടത്.
0 Comments