തിരുവനന്തപുരം : വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണയ്ക്കിടയാക്കി. ക്വാറന്റൈൻ ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് മാത്രം ഈടാക്കാനാണ് തീരുമാനം. ഇതിന്റെ വിശദാംശം അടങ്ങിയ ഉത്തരവ് ഉടൻ ഇറങ്ങും.
ഈ വിഷയം ബുധനാഴ്ച നടന്ന സർവകക്ഷി യോഗത്തിലും ചൂണ്ടിക്കാണിക്കപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തെ ചില സംഘടനകൾ ഫ്‌ളൈറ്റ് ചാർട്ടർ ചെയ്ത് ആളുകളെ കൊണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തിന് മുൻകൂട്ടി വിവരം ലഭിച്ചാൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനാവും. സർക്കാർ അനുമതി ലഭിക്കാത്തതിനാൽ ചാർട്ടർ ഫ്‌ളൈറ്റ് വരുന്നില്ലെന്ന തരത്തിലെ പ്രചാരണം അടിസ്ഥാനരഹിതമാണ്.
വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. എന്നാൽ ഒരു ക്രമീകരണവും ഇല്ലാതെ ഒന്നിച്ചു വന്നാൽ രോഗവ്യാപനം തടയാനുള്ള നടപടികൾ അപ്രസക്തമാകും. വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും എത്തുന്നവർ നേരേ ക്വാറന്റൈനിലേക്ക് പോകണം. യാത്രയ്ക്കിടെ വഴിയിലിറങ്ങാനോ ആരെയെങ്കിലും കാണാനോ പാടില്ല. വരുന്നവർ മുൻകൂട്ടി സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്. കേന്ദ്രം നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാടും ഇതുതന്നെയാണ്. ഇനിയുള്ള ദിവസങ്ങളിൽ 3000 കോവിഡ് പരിശോധന സംസ്ഥാനത്ത് നടത്തും.
ഈ മാസം നാലു മുതൽ 25 വരെ 78,894 പേരാണ് ഹോം ക്വാറന്റൈനിൽ പോയത്. ഇതിൽ 468 പേർ ക്വാറന്റൈൻ ലംഘിച്ചു. 453 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് 145 കേസുകൾ കണ്ടെത്തിയത്. 48 കേസുകൾ അയൽവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് പിടികൂടിയത്. മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സാങ്കേതിക സഹായത്തോടെ 260 കേസുകൾ കണ്ടെത്തി. ബുധനാഴ്ച 38 കേസുകളെടുത്തു. മാസ്‌ക്ക് ധരിക്കാത്തതിന് ബുധനാഴ്ച 3261 കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാജപ്രചരണം പല ഘട്ടങ്ങളിലായി നടക്കുന്നതായും ഇതിനെതിരെ നടപടി അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വസ്ത്രശാലകളിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ട്രയൽ പാടില്ല. സ്ഥാപനങ്ങൾ ഇതിന് അനുവദിക്കരുത്. അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ പേർ വസ്ത്രശാലകളിൽ ഒരു സമയം എത്തുന്നത് ഒഴിവാക്കണം. പരീക്ഷയുടെ അവസാന ദിവസം വിദ്യാർത്ഥികൾ ആഘോഷ പരിപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. മദ്യവിൽപന ശാലകൾ തുറക്കുന്ന പശ്ചാത്തലത്തിൽ അവയ്ക്ക് മുന്നിൽ പോലീസ് സംവിധാനം ഒരുക്കും. സന്നദ്ധ പ്രവർത്തകരെ പോലീസ് വോളണ്ടിയർമാരായി നിയോഗിക്കുന്ന പദ്ധതി വ്യാഴാഴ്ച മുതൽ തുടങ്ങും.
0 Comments