കോട്ടയം : ജൂണ്‍ 14ന് നടക്കുന്ന ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ചുള്ള സന്നദ്ധ രക്തദാന ക്യാമ്പുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ എം അഞ്ജന, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ട്വങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഡോ.സ്വപ്ന സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ വകുപ്പ്, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പാലാ ബ്ലഡ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് വളപ്പില്‍ സജ്ജീകരിച്ച ലയണ്‍സ് – എസ് എച്ച് എം സി മൊബൈല്‍ കളക്ഷന്‍ യൂണിറ്റില്‍ കേരള കരാട്ടെ അസോസിയേഷന്‍ കോട്ടയം ജില്ലയിലെ അംഗങ്ങളായ മുപ്പതു പേര്‍ രക്തം ദാനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അജി കെ. സെബാസ്റ്റ്യനും ഭരണസമിതി അംഗം അനൂപ് പള്ളിക്കത്തോടും നേതൃത്വം നല്‍കി.
ഇന്നലെ (ജൂണ്‍ 13) ഏറ്റുമാനൂര്‍, നാളെ(ജൂണ്‍ 14) പാലാ, 15ന് കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പ് നടക്കും. അവയവ ദാനത്തിനുശേഷവും രക്തദാനം നടത്തുന്ന പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനെ രക്തദാന ദിനാചരണത്തിന്‍റെ ഭാഗമായി ഇന്നലെ (ജൂണ്‍ 13) ഉച്ചയ്ക്ക് ഒന്നിന് പാലാ ശാലോം ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ ആദരിച്ചു .
0 Comments