ജീവനക്കാരോട് നന്ദി പറഞ്ഞ് ,ബിജു പ്രഭാകർ ഐ.എ.എസ് .

by | Jun 18, 2021 | Uncategorized | 0 comments

2020 ജൂൺ 15 നാണ് ഞാൻ കെ.എസ്.ആർ.ടി.സിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ആദ്യത്തെ രാജ്യവ്യാപക ലോക് ഡൗണിനു ശേഷം പൊതു ഗതാഗതം ആരംഭിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഞാൻ ചുമതല ഏൽക്കുന്നത്. രോഗ ഭീതിയെ തുടർന്ന് പൊതുജനങ്ങൾ പൊതു ഗതാഗത സൗകര്യങ്ങളോട് വിമുഖത കാണിക്കുന്ന അത്യന്തം വിഷമകരമായ സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. എന്നാൽ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനവും സർക്കാരിന്റെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയും ഈ വിഷമ ഘട്ടം തരണം ചെയ്യുന്നതിന് വളരെയധികം സഹായകമായിരുന്നു. വെറും 35 ലക്ഷം രൂപ പ്രതിദിന കളക്ഷൻ എന്ന നിലയിൽ നിന്നും 4.5 കോടി രൂപ പ്രതിദിന കളക്ഷൻ എന്ന നിലയിലേക്ക് 2021 ഏപ്രിൽ മാസത്തോടു കൂടി ടിക്കറ്റ് വരുമാനം ഉയർത്താൻ നമുക്ക് കഴിഞ്ഞു. എന്നാൽ കോവിഡിന്റെ രണ്ടാം വ്യാപനത്തോടു കൂടി വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തേണ്ടി വന്നതോടെ വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചും സ്ഥാപനത്തിന്റെ നന്മയെക്കരുതിയും 12 മണിക്കൂർ സ്പ്രെഡ് ഓവർ ഷെഡ്യൂളുകളിലേക്ക് മാറുന്നതിനു പോലും ജീവനക്കാരും ട്രേഡ് യൂണിയനുകളും സഹകരിച്ചു എന്നത് പ്രതീക്ഷാനിർഭരമായ കാര്യമാണ്. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ കഴിയും എന്ന് ശുഭാപ്തി വിശ്വാസം എനിക്ക് നൽകുന്നതും ഈ കൂട്ടായ പ്രവർത്തനമാണ്.
ഇക്കാലയളവിനിടയിൽ ജീവനക്കാരുടെ വളരെയധികം ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം നൽകാൻ കഴിയാതിരുന്നത് കൊടുത്ത് തീർത്തു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ചിരുന്ന പ്രൊവിഡന്റ് ഫണ്ട് ലോൺ അനുവദിക്കുന്നതിന് 63.67 കോടി, ബോണസ്, ഫെസ്റ്റിവൽ അലവൻസ് 12.6 കോടി, ശമ്പള അരിയർ 70 ലക്ഷം, 2018 മുതൽ മുടങ്ങിക്കിടന്ന സപ്ലിമെന്ററി സാലറി 9.27 കോടി, ഓണം അഡ്വാൻസ് 38.33 കോടി, മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് 3.92 കോടി, പെൻഷൻ ആനുകൂല്യങ്ങൾ 106.57 കോടി എന്നിങ്ങനെ 235 കോടിയോളം രൂപയാണ് ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനായി ഇക്കാലയളവിൽ ചെലവഴിച്ചത്. വർഷങ്ങളായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുത്ത ലോൺ റിക്കവറി കൃത്യമായി അടക്കാതെ കുടിശ്ശിക ഇട്ടത് ജീവനക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളിലെയും എൽ.ഐ.സി.യുടെയും കുടിശ്ശിക പൂർണ്ണമായും അടച്ച് തീർത്തിട്ടുണ്ട്. 38.89 കോടി രൂപയാണ് വിവിധ റിക്കവറി തുകകൾ അടയ്ക്കുന്നതിനായി ചിലവഴിച്ചത്. സംതൃപ്തനായ തൊഴിലാളിയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇക്കാലയളവിൽ തന്നെ അംഗീകൃത തൊഴിലാളി യൂണിയനെ തെരഞ്ഞെടുക്കുന്നതിനായി സമാധാനപരമായി റഫറണ്ടം നടത്തുവാനും കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് സാധിച്ചു എന്നത് അവരുടെ ഉയർന്ന ജനാധിപത്യ ചിന്താഗതിയും മഹത്വവുമാണ് പ്രതിഫലിപ്പിച്ചത്. റഫറണ്ടത്തിന് മുൻപുള്ള ട്രേഡ് യൂണിയനുകളും, റഫറണ്ടത്തിൽ അംഗീകാരം ലഭിച്ച ട്രേഡ് യൂണിയനുകളും, അംഗീകാരമില്ലാത്ത ട്രേഡ്‌ യൂണിയനുകളും വളരെ ക്രിയാത്മകമായ സഹായ സഹകരണമാണ് ഈ കാലയളവിലുടനീളം എനിക്ക് നൽകിയത്. കോവിഡ് മൂലം വളരെ വലിയ ഭരണപരിഷ്ക്കാരങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെങ്കിലും ചില ഗുണപരമായ മാറ്റങ്ങൾ ജീവനക്കാരുടെ സഹകരണത്തോടെ നടപ്പിൽ വരുത്താൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും അപ്രിയ മാറ്റങ്ങളായിരുന്നെങ്കിലും സ്ഥാപനത്തിന്റെ നന്മയെക്കരുതി ഭൂരിഭാഗം ജീവനക്കാരും ട്രേഡ്‌യൂണിയനുകളും അതിനോടൊക്കെ യോജിക്കുകയാണ് ഉണ്ടായത്. ജനറൽ ട്രാൻസ്ഫർ നടപ്പിലാക്കിയപ്പോൾ പല ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ഭൂരിഭാഗം ജീവനക്കാരും അതിനോട് സഹകരിക്കുകയായിരുന്നു. ന്യായമായ പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ സർവ്വീസ് സംബന്ധമായ കാര്യങ്ങളും പെൻഷൻ ആനുകൂല്യങ്ങളും കൊടുത്തു തീർക്കാൻ സാധിച്ചിട്ടുണ്ട്. ശമ്പളവും മറ്റ് സർവ്വീസ് സംബന്ധമായ കാര്യങ്ങളും ജി – സ്പാർക്ക് വഴി ഓൺലൈനാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്തമാസത്തെ ശമ്പളം നമ്മൾ ജി-സ്പാർക്കിലൂടെയാകും വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയാണ് 2020-21 സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നമുക്ക് ലഭിച്ചത്. ഈ സാമ്പത്തിക വർഷം മാത്രം 2316.37 കോടി രൂപയാണ് ശമ്പളം, പെൻഷൻ, കൺസോർഷ്യം ലോൺ തിരിച്ചടവ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ നൽകിയത്. വരുമാനം നിലച്ച അവസ്ഥയിലും കെ.എസ്.ആർ.ടി.സിക്ക് ജീവശ്വാസം നൽകിയത് ഈ സഹായങ്ങളാണ്. കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരുടെ പേരിൽ കേരള സർക്കാരിന് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തട്ടെ…
2021 ഏപ്രിൽ മാസം കെ.എസ്.ആർ.ടി.സി ഏകദേശം 3,300 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത് അവിടെ നിന്നു 500 ഷെഡ്യൂളുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്. ലോക് ഡൗൺ കഴിയുന്നതോടെ വീണ്ടും ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ നമുക്ക് വരുമാന വർദ്ധനവ് ഉണ്ടാക്കാൻ കഴിയൂ. ഈ ഒരു വർഷത്തിനിടയിൽ ബോണ്ട് സർവ്വീസ്, ഷോപ്പ് ഓൺ വീൽസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് തുടങ്ങി വരുമാന വർദ്ധനയ്ക്കുതകുന്ന ഭാവനാപൂർണ്ണമായ പദ്ധതികൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ട്, അവ വിപുലീകരിക്കുന്ന പ്രവർത്തനവും നമുക്ക് നടപ്പാക്കേണ്ടതുണ്ട്. യാത്രക്കാരുടെ ദീർഘ നാളത്തെ ആവശ്യമായ ഒരു മൊബൈൽ ടിക്കറ്റ് റിസർവ്വേഷൻ ആപ്പ് “എന്റെ കെ.എസ്.ആർ.ടി.സി” ആപ്പിലൂടെ സാധ്യമാക്കുവാൻ കഴിഞ്ഞു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കെ.എസ്.ആർ.ടി.സിയുടെ 67 പമ്പുകൾ വാണിജ്യവൽക്കരിക്കുന്ന 150 കോടി രൂപയുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഇതിൽ 8 പമ്പുകൾക്കാവശ്യമായ എല്ലാ അനുമതികളും ലഭ്യമാകുകയും ഉടൻ പ്രവർത്തനമാരംഭിക്കുകയും ചെയ്യും. സർക്കാർ സഹായത്തോടു കൂടി 3000 ബസുകൾ സി.എൻ ജി യിലേക്ക് മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത 2 – 3 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാൻ നമുക്ക് സാധിക്കുന്നതോടെ ഇന്ധനച്ചെലവിന്റെ 40 ശതമാനത്തോളം ലാഭിക്കാൻ സാധിക്കും. യാത്രക്കാരെ ആകർഷിക്കുന പല തരം ആധുനിക സർവ്വീസുകൾ ആരംഭിക്കുന്നതിലൂടെയും വരുമാനം വർദ്ധിപ്പിക്കുന്ന വഴികൾ നാം തേടേണ്ടതുണ്ട്. ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗതം ശാസ്ത്രീയമായ പഠനത്തിലൂടെ പുനക്രമീകരിക്കുന്ന നടപടികൾ നടന്നു വരുന്നു. കെ.എസ്.ആർ.ടി.സിക്ക് ആവശ്യമില്ലാത്ത വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്ക് ദീർഘകാല പാട്ടത്തിന് നൽകുന്ന നടപടിയുടെ ഭാഗമായി ചീഫ് ആഫീസിൽ വനിതാ വികസന കോർപ്പറേഷൻ ഹെഡ് ഓഫീസിന് 8 കോടി രൂപ ഡിപ്പോസിറ്റ് ഈടാക്കി നൽകിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പത്തനംതിട്ട ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തിയാക്കുകയും, മുടങ്ങിക്കിടക്കുന്ന തൊടുപുഴ, മൂവാറ്റുപുഴ, പാലാ, മലപ്പുറം, ഹരിപ്പാട് ഷോപ്പിംഗ് കോംപ്ലക്സുകൾ അടിയന്തിരമായി പണി പൂർത്തിയാക്കി വരുമാനം ലഭ്യമാക്കുന്നതിനുമുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പല ഡിപ്പോകളിലും മതിയായ വിശ്രമ സൗകര്യം ഇല്ല എന്ന് ബോധ്യപ്പെട്ടതോടെ അവർക്കായി എയർ കണ്ടീഷൻ സൗകര്യമുള്ള സ്റ്റാഫ് സ്ലീപ്പർ ബസ്സുകൾ ഏർപ്പെടുത്തി. ഇത്തരത്തിൽ മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാർക്കായി തയ്യാറാക്കിയ സ്ലീപ്പർ ബസ്സുകൾ അവിടെ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ മുന്നാറിലെ വിനോദ സഞ്ചാരികൾക്ക് താമസത്തിനായി നൽകിയത് വൻവിജയമായി മാറി. വിനോദ സഞ്ചാരികൾക്കായി ഇതിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ “മുന്നാർ സൈറ്റ് സീയിംഗ്” സർവ്വീസും വിജയകരമായിരുന്നു എന്നത് ഈ രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ നമുക്ക് പ്രചോദനം നൽകുന്നു. ഇന്നത്തെ സാഹചര്യത്തിൽ അടുത്ത ഒരു വർഷത്തോളം ടിക്കറ്റ് വരുമാനത്തിൽ കാര്യമായ വർദ്ധന പ്രതീക്ഷിക്കാൻ കഴിയില്ല. കർശനമായ ചെലവ് ചുരുക്കൽ നടപടികളിലൂടെയും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തിയും നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കും. അനാവശ്യമായ നിയമനടപടികളും കേസും ഒഴിവാക്കുന്നതിനായി നിയമവിഭാഗം പുന:സംഘടിപ്പിച്ച് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം വരുന്ന പെൻഷൻ, എം.എ.സി.ടി കേസുകളിൽ തീർപ്പ് ഉണ്ടാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2006 മുതൽ നിലനിൽക്കുന്ന എം.എ.സി.ടി കേസുകളിൽ ചെറിയ രീതിയിൽ ഒത്തുതീർപ്പുണ്ടാക്കി കേസ് തീർപ്പാക്കുന്ന പ്രവർത്തനം നടന്നു വരുന്നു. മെക്കാനിക്കൽ വിഭാഗം പുന:സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഡിസ്ട്രിക്ട് കോമൺ പൂൾ രുപീകരിക്കുകയും ജില്ലാതല മേജർ വർക്ക് ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ബഹു: ഗതാഗത വകുപ്പ് മന്ത്രി ഭാവിയിലെ ഇത്തരം നവീന പദ്ധതികൾ യഥാസമയം പ്രഖ്യാപിക്കുന്നതാണ്.
ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണമടക്കമുള്ള നടപടികൾ നാം ഏറ്റെടുക്കേണ്ടതുണ്ട്. മാനേജ്മെന്റെന്നോ ജീവനക്കാരെന്നോ വ്യത്യാസമില്ലാതെ കൂട്ടായ പ്രവർത്തനത്തിലൂടെ കെ.എസ്.ആർ.ടി.സി എന്ന സ്ഥാപനത്തെ പ്രതാപത്തിലേക്കുയർത്താൻ നമുക്ക് സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ, കഴിഞ്ഞ കാലങ്ങളിൽ നൽകിയ അകൈതവമായ പിന്തുണ നിങ്ങൾ നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
ബിജു പ്രഭാകർ ഐ.എ.എസ്
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
കെ.എസ്.ആർ.ടി.സി

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!