തൃശൂർ :കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ സംരംഭകർക്കും അയൽക്കൂട്ട അംഗങ്ങൾക്കുമായി ഓണക്കാലത്തെ രുചിഭേദങ്ങൾ എന്ന പേരിൽ പാചകമത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 15 മുതൽ 5 ഘട്ടങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ ഘട്ടങ്ങളിലും തയ്യാറാക്കേണ്ട വിഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിശ്ചിത സമയത്ത് ജില്ലാ മിഷനിൽ നിന്നും അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങളുടെ ഫോട്ടോ, റെസിപ്പി, തയ്യാറാക്കിയ അംഗത്തിന്റെ ഫോട്ടോ എന്നിവ ജില്ലാ മിഷൻ തയ്യാറാക്കുന്ന റെസിപ്പി പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന വിഭവങ്ങളുടെ വിഡിയോകൾ ജില്ലാ മിഷന്റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും.
ലോക് ഡൗൺ കാലത്ത് സമയം തളളിനീക്കാൻ കഷ്ടപ്പെടുകയാണ് ചിലർ. എന്നാൽ ചിലരാകട്ടെ പുത്തൻ ആശയങ്ങളും പുതുരുചികളും, വായനയുമൊക്കെയായി സമയം വിനിയോഗിക്കുന്നു. കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നമ്മുടെ തൊടിയിലെ, അടുക്കളത്തോട്ടത്തിലെ, പാടത്തെ, പറമ്പിലെ പ്രകൃതിയിലെ, പഴയ നാട്ടുരുചികൾ വീണ്ടെടുക്കാനും പുതുതലമുറയ്ക്ക് പകർന്നു നൽകാനുള്ള സമയമായി ഈ ലോക് ഡൗൺ കാലത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക് കോഡിനേറ്റർമാർ വഴിയോ ജില്ലാ മിഷനിൽ നിന്നും ലഭ്യമാകുന്ന ഗൂഗിൾ ഫോം വഴിയോ രജിസ്റ്റർ ചെയ്തവർക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. കുടുംബശ്രീ സംരംഭം യൂണിറ്റിലെ അംഗങ്ങൾക്കും താല്പര്യമുള്ള അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരാർത്ഥികൾ അയൽക്കൂട്ട അംഗങ്ങളും തൃശ്ശൂർ ജില്ലയിലെ സ്ഥിരതാമസക്കാരുമാകണം. വിഭാഗത്തിന്റെ ചേരുവകൾ, പാചകം ചെയ്യുന്ന രീതി എന്നിവ കൃത്യമായി തയ്യാറാക്കി റെസിപ്പി അയക്കേണ്ടതാണ്.
വിഭവങ്ങൾ തയ്യാറാക്കി ഗാർണിഷ് ചെയ്ത് രണ്ട് ഫോട്ടോയെടുത്ത് അയക്കണം. വിഭവം തയ്യാറാക്കുന്ന 3 മിനിറ്റിൽ കവിയാത്ത വീഡിയോ അയക്കേണ്ടതാണ്. മത്സരാർത്ഥികൾ ഒരുദിവസം ഒരു വിഭവം മാത്രമേ തയ്യാറാക്കുവാൻ പാടുള്ളൂ.
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജില്ലാ മിഷനിൽ നിന്നും ലഭ്യമാകുന്ന ഗൂഗിൾ ഫോൺ വഴിയോ അല്ലെങ്കിൽ താഴെ പറയുന്ന നമ്പറുകളിലോ വിളിച്ച് ഇന്ന് (ഏപ്രിൽ 14 ) വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതാണെന്നും ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അറിയിച്ചു.
ബ്ലോക്കിന്റെ പേര്, ഫോൺ നമ്പർ, കോ-ഓർഡിനേറ്ററുടെ പേര് യഥാക്രമത്തിൽ.
മതിലകം, തളിക്കുളം, മാള-8086374224, ടി വി അശ്വതി
ചാവക്കാട്, ചൊവ്വന്നൂർ, മുല്ലശ്ശേരി-8129772076, പി ഷഫാന
പഴയന്നൂർ, വടക്കാഞ്ചേരി പുഴയ്ക്കൽ- 9562126522, ഷിബിന വിക്ടർ
കൊടകര, ചാലക്കുടി, വെള്ളാങ്കല്ലൂർ-9400399354, ശിൽപ സതീന്ദ്രൻ
ഒല്ലൂക്കര, ചേർപ്പ്, അന്തിക്കാട് ഇരിഞ്ഞാലക്കുട-9947292634, കെ നന്ദിനി
0 Comments