കുടുംബശ്രീ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ‘നേച്ചേഴ്‌സ് ഫ്രഷ്’ എന്ന പേരിൽ കാർഷിക ഔട്ട്‌ലെറ്റുകൾ വഴി ജനങ്ങളിലേക്ക്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81,304 കർഷക സംഘങ്ങളിലായി 3,78,138 വനിതകൾ 12,819 ഹെക്ടറിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഈ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തുക. കൂടാതെ കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന മറ്റുൽപ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കും.അതത് സിഡിഎസുകളുടെ നേതൃത്വത്തിലാകും നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകളുടെ പ്രവർത്തനം. കുടുംബശ്രീ മിഷൻ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒമ്പത്, കൊല്ലത്ത് എട്ട്, പത്തനംതിട്ടയിലും ആലപ്പുഴയിലും അഞ്ച് വീതവും ഇടുക്കിയിലും കോട്ടയത്തും എട്ട് വീതവും എറണാകുളത്ത് ആറ്, തൃശൂരിൽ എട്ട്, പാലക്കാട് നാല്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ എട്ട് വീതവും വയനാട്ടിൽ അഞ്ച് ,കാസറഗോഡ് പത്ത് എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ ഔട്ട്‌ലെറ്റുകൾ തുറക്കുക. ആദ്യഘട്ടത്തിൽ ആരംഭിച്ച 100 ഔട്ട്‌ലെറ്റുകൾ എല്ലാ പഞ്ചായത്തുകളിലേക്കും സമീപഭാവിയിൽ വ്യാപിപ്പിക്കും.
ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിൽപ്പന ചുമതലയുണ്ടായിരിക്കും. ആദ്യ ഒരുവർഷം ഇവർക്ക് 3600 രൂപ ഓണറേറിയവും ലാഭ വിഹിതത്തിന്റെ മൂന്ന് ശതമാനവും ലഭിക്കും. ഉൽപ്പന്നങ്ങൾക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉൽപ്പാദനവും വിപണനവും കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.
0 Comments