ഉടലിൽ പാമ്പിണ ചേരും മുകിൽ വർണൻ
ആത്മപാരിതിൽ പുകൾപെറ്റ കണ്ടനാർ കേളൻ”
പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്ന കാട്ടിൽ വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ എന്ന് നാമകരണം ചെയ്ത് സ്വന്തം പുത്രനെപോലെ ആ അമ്മ വളർത്തി.. വളർന്നു പ്രായപൂർത്തിയായ കേളന്റെ ബുദ്ധിയും വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അധ്വാന ശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ അവരെ സഹായിച്ചു .. ചക്കിയമ്മയുടെഅധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി .. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മക്ക് തോന്നി .. അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു .. അമ്മയുടെ വാക്കുകൾ മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന പൂമ്പുനം വെട്ടിതെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു ..
പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള് ആവോളം എടുത്തു കുടിച്ചു .. വഴിയിൽ വച്ച് കുടിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു.. പൂമ്പുനത്തിൽ എത്തി .. നാല്കാടുകളും വെട്ടിതെളിച്ചു .. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു .. അതുമാത്രം കേളൻ വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത് .. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു .. കാടിന്റെ നാല് മൂലയിലും നാല് കോണിലും തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി .. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി .. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി .. നാലാമത്തേതും തീയിട്ടു .. അഗ്നിയും വായുവും കോപിച്ചു .. എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു.. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ അഗ്നിപടർന്നു.. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതില്ന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറി .കേളൻ അമ്മയെവിളിച്ചുകരഞ്ഞു.. ഇടതുമാറിലും വലതുമാറിലും നാഗങ്ങൾ ആഞ്ഞുകൊത്തി..കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു .നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി .. അവർ ചാരമായി തീർന്നു..
തന്റെ പതിവ്നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെകണ്ടു .. ദേവൻ തന്റെ പിൻകാലു കൊണ്ട് വെണ്ണീരിൽ അടിച്ചു ..ദേവന്റെ പിൻകാലു പിടിച്ച് കേളൻ എഴുന്നേറ്റു .. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജന്മം വച്ച കേളൻ ദൈവകരുവായിമാറി .. വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ചു .. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാര്കേളൻ എന്ന് പ്രശസ്തനാകും എന്ന് അനുഗ്രഹവും തന്റെ ഇടതു ഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു ..
പൂമ്പുനത്തിലെ തീയിൽ നിന്നും ചാടി പുറത്തേക്കു ഇറങ്ങുന്നതിനെ കാണിക്കാൻ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങാറുണ്ട്.. ..ആദ്യം നാലായിപകുത്തു മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു തീ കത്തിക്കുകയാണ് ചെയ്യുന്നത് … വണ്ണാൻ സമുദായക്കാരാണ് വളരെ അധികം അപകടം ഉണ്ടായേക്കാവുന്ന ഈ തെയ്യക്കോലം കെട്ടിയാടുന്നത് .. യാതൊരു വിധ സുരക്ഷയുമില്ലാതെ ആളുന്ന അഗ്നിയിലൂടെ ചാടിയിറങ്ങുന്ന കണ്ടനാർ കേളന്റെ തെയ്യക്കോലം ശ്വാസമടക്കിപിടിച്ചേ ഏതൊരാൾക്കും കാണാൻ കഴിയുകയുള്ളൂ എന്നത് തീർച്ച..
“പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ
കരുവേല മൂർഖൻ വന്ന് മാറിൽ കടിച്ചു
വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലും നേരം മറ്റാരുമില്ല
സഖേയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക നീ വളർക നീ കണ്ടനാർ കേളാ “
ഈ പഴമയെ ആധാരമാക്കി പ്രസിദ്ധ കലാകാരൻ അമ്പലമുക്ക് പ്രകാശ് വരച്ച പെയിന്റിംഗ് ആണിത്. ഇതുപോലെ നിരവധി പൗരാണിക ചിത്രങ്ങൾ പ്രകാശിന്റെ ചിത്ര ശേഖരത്തിലുണ്ട്. അവക്കുള്ള വിപണ കേന്ദ്രങ്ങൾ ഒരുക്കാനുള്ള തിരക്കിലാണ് അദ്ദേഹം ഈ കൊറോണക്കാലം വിനിയോഗിക്കുന്നത് . അമ്പലമുക്ക് ശ്രീ കൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ സാമൂഹിക പ്രവർത്തനത്തിന് ശേഷം കിട്ടുന്ന ഇടവേളകളാണ് ചിത്രരചനയ്ക്കായ് മാറ്റിവയ്ക്കുന്നത്.
0 Comments