ഒരു ലക്ഷം പേർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. കേരള നോളജ് ഇക്കണോമി മിഷനും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ -ഡിസ്‌ക്) സംയുക്തമായി നടപ്പിലാക്കുന്ന 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. തൊഴിൽ സാധ്യതകളെ കൂടാതെ ജീവിതനിലവാരം മെച്ചപ്പെടുത്തുക,സാമൂഹിക സാമ്പത്തിക സമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
18-നും 58-നും ഇടയിൽ പ്രായമുള്ള, പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികളെ രണ്ട് ഗ്രൂപ്പുകളായി പരിഗണിച്ച് ഉന്നതവിദ്യാഭ്യാസം ആവശ്യമുള്ളവർക്ക് അത് നൽകും. തൊഴിൽ അന്വേഷകർക്ക് നൈപുണ്യവികസനം, പരിശീലനം, ഇന്റേൺഷിപ്പ് തുടങ്ങിയ പരിപാടികൾ നടപ്പിലാക്കും. പ്രായോഗിക പരിശീലനങ്ങൾക്കായിരിക്കും മുൻഗണന.ജില്ലാ തലത്തിൽ ക്ലസ്റ്ററുകളുണ്ടാക്കി പ്രത്യേക പരിശീലനം നൽകിയ ശേഷം നോളജ് മിഷൻെറ DWMSപോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. യോഗ്യത നേടുന്നവർക്ക് തൊഴിൽ ദാതാക്കളെ സമീപിക്കാൻ അവസരമൊരുക്കും. പദ്ധതിയിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവരുടെ തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.
0 Comments