നമ്പൂതിരി സമുദായം

by | Apr 9, 2020 | History | 0 comments

നം അഥവാ വേദം പൂര്‍ത്തിയാക്കുന്നയാള്‍ (നം + പൂരയതി) എന്ന സംസ്‌കൃത പദസമാസത്തില്‍ നിന്നാണ് നമ്പൂതിരി  എന്ന വാക്കു  രൂപാന്തരപ്പെട്ടതു. വേദാദ്ധ്യയനം  ബാല്യത്തില്‍  ആരംഭിച്ച് യൗവ്വനാരംഭത്തോടെ  പൂര്‍ത്തീകരിക്കുക  എന്ന  പാരമ്പര്യം  കഴിഞ്ഞ  തലമുറ  വരെ  നമ്പൂതിരി സമുദായം  മുടക്കില്ലാതെ  ശീലിച്ച്  വന്നു.  മൂന്നാം  വയസ്സില്‍  എഴുത്തിനിരുത്തുകയും  ഏഴാം വയസ്സില്‍  ഉപനയനം (പൂണൂല്‍ ധാരണം)  നടത്തുകയും  വേദാദ്ധ്യായനം  പൂര്‍ത്തിയായ ശേഷം മാത്രം  സമാവര്‍ത്തനം  നടത്തുകയും.

ഉപനയനത്തിന്റെ ബാക്കിഭാഗം ആണ് സമാവര്‍ത്തനം. സമമായി ആവര്‍ത്തിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ സമാവര്‍ത്തനം എന്ന് പേര്.

ബാലനായ ഉണ്ണിയ്ക്ക് (നമ്പൂതിരി സമുദായത്തില്‍ ആണ്‍കുട്ടിക്കുള്ള സര്‍വ്വനാമം ‘ഉണ്ണി’ എന്നും പെണ്‍കുട്ടിക്ക് ‘കുട്ടി’ എന്നുമാണ്) ഇലക്കോണകമാണ് സാധാരണ വേഷം. വാഴയില ചെറുതായി തീയില്‍ വാട്ടി വഴക്കപ്പെടുത്തി അതാണ് കോണകമായി ഉടുക്കുക. വിശേഷാവസരങ്ങളില്‍ ഇത് ചുവന്ന നിറത്തിലുള്ള പരുത്തിത്തുണി കൊണ്ടുള്ളതാവും. പട്ടുകോണകം എന്ന  ഇത്  ഒരിക്കലും പട്ട്  കൊണ്ടുള്ളതായിരുന്നില്ല.

ഉപനയനം കഴിഞ്ഞ ഉണ്ണിക്ക് (‘ഓനിച്ചുണ്ണി’ എന്നാണ്  വിശേഷണം; ഉപനയനത്തിന് ഗാര്‍ഹികമൊഴിയില്‍ ‘ഓന്യം’ എന്ന് ലോപിച്ച് പറയുന്നതിനാല്‍ രണ്ട് വാക്കുകളും യോജിച്ച് ലോപിച്ച് ‘ഓനിച്ചുണ്ണി’) പിന്നീടുള്ള വേഷം ‘ചീന്തക്കോണകം’ എന്ന് പറയുന്ന വെള്ളത്തുണി കൊണ്ടുള്ള കോണകമാണ്. പഴയ വെള്ളമുണ്ട് ചീന്തി  (കീറി) കോണകമാക്കുന്നതിനാല്‍ ആണ് ചീന്തക്കോണകം എന്ന് പറയുന്നത്. ഓനിച്ചുണ്ണിയ്ക്ക്  മലയാളം  പറഞ്ഞുകൂടാ; സംസ്‌കൃതത്തിലേ സംസാരിക്കാവൂ. (സംസ്‌കൃതം പൂര്‍ണ്ണമായും അറിയാതെ പറയുന്നതിനെ പറ്റി അന്തര്‍ജനങ്ങള്‍ക്കിടയില്‍ നിരവധി വടക്കിനി ഫലിതങ്ങളുണ്ട്. അത്യാവശ്യം മോഷണഭ്രമമുള്ള ജോലിക്കാരിയായ ചക്കി പത്തായത്തില്‍ കയറുന്നത് കണ്ടെത്തിയ ഓനിച്ചുണ്ണിയ്ക്ക് ‘ചക്കി പത്തായത്തില്‍ കയറി’ എന്ന് അമ്മയോട് വിളിച്ച് പറയാന്‍ ആഞ്ഞപ്പോള്‍ പെട്ടെന്നാണ് സംസ്‌കൃതത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. മൂന്ന് വാക്കിനും സംസ്‌കൃതം അറിയില്ല. പനസം=ചക്ക, ദശം=പത്ത്, പാശം=കയര്‍ എന്ന മനോധര്‍മ്മം വച്ച് ഉണ്ണി വിളിച്ച് പറഞ്ഞു: ‘പനസി ദശായാം പാശി’!)

ഉപനയനത്തിന്  തന്നെയാണ് ‘ഓത്ത് തുടങ്ങുക’; വേദാദ്ധ്യായനാരംഭം  എന്ന ചടങ്ങ്. നമ്പൂതിരിമാരില്‍ ഏകദേശം  പകുതിപ്പകുതി  വീതം ഋഗ്വേദികളും  യജുര്‍വേദികളുമാണ്. അല്പം  സാമവേദക്കാരുമുണ്ട്. തിരുവിതാംകൂറിന്റെ  അതൃത്തിയായ  മൂവാറ്റുപുഴയാറിന്റെ തീരം മുതല്‍ ഭാരതപ്പുഴയുടെ തീരം വരെ ഋഗ്വേദികളും അതിന്  വടക്കോട്ട് യജുര്‍വേദികളും പ്രബലര്‍. ഋഗ്വേദികളുടെ കേന്ദ്രസ്ഥാനം  തൃശ്ശൂരും  യജുര്‍വേദികളുടേത്  തളിപ്പറമ്പ് രാജശേഖര ക്ഷേത്രവുമാണ്.  തിരുവിതാംകൂറിലെ  നമ്പൂതിരിമാര്‍ക്ക് (ചടങ്ങുകള്‍ നടത്തികൊടുക്കുന്ന ഓതിക്കന്‍ കുടുംബക്കാര്‍ക്കൊഴികെ) വേദപഠനമില്ല. നം + പൂരയതി = നമ്പൂതിരി എന്ന സൂത്രവാക്യത്തിന് അവിടെ വലിയ പ്രസക്തിയില്ല.
സമാവര്‍ത്തനം എന്ന ചടങ്ങോടെ ‘ഉണ്ണി’ ‘നമ്പൂതിരി’യാവുന്നു. അതായത്, നം അഥവാ വേദം പൂരയതി ആക്കിയ ആള്‍. അതോടെ ചീന്തക്കോണകത്തിന് പുറമേക്കൂടി മുണ്ടും ഉടുക്കാന്‍ യോഗ്യത നേടുന്നു. ഇല്ലത്തിരിക്കുമ്പോള്‍  മുട്ടുവരെയെത്തുന്ന തോര്‍ത്ത് മുണ്ട്.
വിശേഷാവസരങ്ങളിലും യാത്ര പോകുമ്പോഴും വലിയമുണ്ട് അരയിലും തോര്‍ത്ത് തോളത്തും. (സീരിയലുകളിലും സിനിമകളിലും കാണുന്ന കഴുത്തിലൂടെ രണ്ട് വശത്തും ഇറങ്ങി നീണ്ടുകിടക്കുന്ന കസവ് കര ഉത്തരീയവും കസവ് മുണ്ടും നമ്പൂതിരി ഒരിക്കലും അണിഞ്ഞിട്ടില്ല. കരയില്ലാത്ത ഒറ്റമുണ്ട് ആണ് ആ ‘വലിയ മുണ്ട്’. ഇ.എം.എസ് പോലും കരയുള്ള മുണ്ടുടുക്കാറില്ലായിരുന്നു). വൈദീകചടങ്ങുകള്‍ നടത്തുമ്പോള്‍ അയാള്‍ ഒറ്റവസ്ത്രധാരിയായിരിക്കണം. തത്സമയം വീതികുറഞ്ഞ് നീളം കൂടിയ ഒരു മുണ്ട് തറ്റുടുക്കുന്നു. എന്നാല്‍ ഇതിനെ മുണ്ട് എന്ന് പറയാറില്ല. വൈദീകചടങ്ങുകള്‍ ആയതിനാല്‍ സംസ്‌കൃത വാക്കായ ‘വസ്ത്രം’ എന്നാണ് പറയുക. പെണ്‍കിടാങ്ങള്‍ക്കും വലിയ വ്യത്യാസമില്ല. വയസ്സറിയിച്ചാലാണ് ‘ഉടുത്തുതുടങ്ങുക’; അതായത് ഒന്നര എന്ന വസ്ത്രം തറ്റുടുക്കുക.

പുറത്തിറങ്ങുമ്പോള്‍ മറ്റൊരുമുണ്ട് കഴുത്തിലൂടെ പുതപ്പ് പോലെ ഇടുന്നത് ഘോഷ എന്ന മാറ് മറക്കുന്ന വസ്ത്രം. ഒരു ഓലക്കുടയും. ഇതെല്ലാം കരയില്ലാത്ത വെളുത്ത ഒറ്റമുണ്ടുകളാണ്. നമ്പൂതിരിസ്ത്രീകള്‍ റൗക്കയും  ബ്ലൗസും  ഇടാന്‍  തുടങ്ങിയത്  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ചെറുപ്പക്കാരായ അന്തര്‍ജനങ്ങളുടെ വിപ്ലവാവേശത്തെ  തുടര്‍ന്നാണ്. പുരുഷന്മാര്‍ സ്വര്‍ണ്ണം അശേഷം ധരിക്കില്ല. അന്തര്‍ജനങ്ങള്‍ താലിയും അതിനപ്പുറമിപ്പുറം മണി എന്ന ചെറിയ വളയങ്ങളും പൂണൂല്‍ പിരിക്കുന്ന  പോലെ  പിരിച്ച  ചരടില്‍ കോര്‍ത്തിട്ടു. ദേശഭേദമനുസരിച്ച് ഒറ്റത്താലിയും ഇരട്ടത്താലിയും  പതിവുണ്ട്.  കാതില്‍ തോട എന്ന വലിയ വളയം. വലത്ത് കയ്യിലെ മോതിരവിരലില്‍ ഒരു പവിത്രമോതിരം. ഓരോ കയ്യിലും പരമാവധി ഓരോ വള. ആഘോഷങ്ങള്‍ക്ക് വിശേഷിച്ച് ധരിക്കാന്‍ ഒരു  ഇളക്കത്താലി  അല്ലെങ്കില്‍ പാലക്കമാല. ഇതെല്ലം വച്ച് പൂട്ടാന്‍  പ്ലാവ് തടി  കൊണ്ട് നിര്‍മിച്ച  പിച്ചള  കെട്ടിയ  കാല്‍പെട്ടി. അന്തര്‍ജനത്തിന്റെ ആഡംബരം ഇത്രമാത്രം

ഉത്പതിഷ്ണുക്കളായ ഇല്ലങ്ങളിലെ പെണ്‍കുട്ടികളെ സംസ്‌കൃതം എഴുതാനും വായിക്കാനും പഠിപ്പിച്ചു; ഒരല്‍പം മനക്കണക്കുകളും. അല്ലാത്തിടത്ത് അതുമില്ല. പെണ്‍കൊട കഴിച്ച് വിടണ്ട കുട്ടിക്ക് എഴുത്തോലക്കാശ് വെറുതെ കളയണ്ടല്ലോ. അന്തര്‍ജനങ്ങള്‍ അണിയുന്ന ഏക പുഷ്പം തുളസിക്കതിരാണ്. രാവിലെ ഒരു ചന്ദനക്കുറി. വൈകീട്ട് ഭസ്മക്കുറി. നിറമുള്ള കുറി വിശേഷാവസരങ്ങളില്‍ തൊടുന്ന ചാന്ത് പൊട്ടാണ്. പൊതുവില്‍ നിറങ്ങളോടും ബഹളങ്ങളോടും നമ്പൂതിരിമാര്‍ക്ക് പ്രിയമില്ല. ജനനം മുതല്‍ മരണം വരെ വെള്ള വസ്ത്രം. പുരുഷന്മാര്‍ ഭസ്മം കൊണ്ട് മൂന്ന് വീതം വരകള്‍ നെറ്റി, മാറിടം, ഇരു കയ്യുകള്‍ എന്നിവിടങ്ങളില്‍ ഇടുന്നു. അത് ശൈവഗൗരവം. അതിന് മുകളില്‍ ഒരു ചെറിയ ചന്ദനപ്പൊട്ട് ; അത് വൈഷ്ണവസൗമ്യത. ഈ ദ്വിത്വം അദ്വൈതത്തിന്റെ അടയാളം. (ശൈവരും വൈഷ്ണവരും ആയി വെവ്വേറെ നിലകൊണ്ടിരുന്ന നമ്പൂതിരിമാരെ ഒന്നിപ്പിച്ചത് ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തം ആണ്). നിറം നമ്പൂതിരിയുടെ ജീവിതത്തിന്റെ ഭാഗമല്ല. എല്ലാം കറുപ്പും വെളുപ്പും മാത്രം.
>സാമ്രാട്ട് എന്നതിന്റെ ലോപമായ തമ്പ്രാക്കള്‍ രണ്ട് കുടുംബങ്ങള്‍ (ആഴ്വാഞ്ചേരി, കല്‍പകഞ്ചേരി) മാത്രം. അവരാണ് ഏറ്റവും ശ്രേഷ്ഠ നമ്പൂതിരിമാര്‍. പിന്നെ അഷ്ടഗൃഹത്തിലാഢ്യന്മാര്‍ ഏറ്റവും വലിയ ജന്മിമാര്‍; നമ്പൂതിരിപ്പാട്. പിന്നെ ആസ്യര്‍ (വസിഷ്ഠര്‍). അത് നമ്പൂതിരി എന്ന് മാത്രം. നമ്പൂതിരിമാര്‍ പരസ്പരം ഇല്ലപ്പേര് വിളിക്കുമ്പോള്‍ അവര്‍ ആഢ്യന്മാരെ നമ്പൂതിരി (‘പ്പാട്’ ഇല്ലാതെ) എന്ന് ചേര്‍ത്ത് വേണം വിളിക്കാന്‍.
നമ്പൂതിരിക്ക് വേദത്തിലും നമ്പൂതിരിപ്പാടിന് വേദത്തിന് പുറമേ വേദാന്തത്തിലും വ്യുല്‍പത്തി വേണം. പിന്നെ, ഓത്തില്ലാത്ത വിഭാഗങ്ങള്‍ ആയ ശര്‍മ്മര്‍ തുടങ്ങിയവര്‍. ഇല്ലങ്ങളില്‍ നാടകം കളിയ്ക്കാന്‍ വരുന്ന ശസ്ത്രനമ്പൂതിരി (യാത്രനമ്പൂതിരി എന്ന് വായ്‌മൊഴി) എന്ന ജാതിമാത്രര്‍, അതായത്, പരിവര്‍ത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരര്‍, പ്രമുഖരായ പടയാളികള്‍, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍. പിന്നെ പാപഗ്രസ്തര്‍, പാപിഷ്ടര്‍. ഉന്നത സ്ഥാനീയര്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് ശാപം കിട്ടിയവര്‍. വൈദികസംസ്‌കാരം സ്വീകരിക്കാത്തവര്‍ക്കും ശൂദ്രനായന്‍മാര്‍ക്കും വേണ്ടി വേദ പൗരോഹിത്യം നിര്‍വഹിച്ചവര്‍, ഭൂതരായ പെരുമാളിന്റെ കൊലപാതകരും അതിനു കൂട്ടു നിന്നവരുമായ മൂത്തത് അഥവാ മൂസ്സത് (വൈദ്യന്മാര്‍), ഇളയത് (മറ്റ് ജാതിക്കാര്‍ക്ക് മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍), നമ്പ്യാതിരി. ഇങ്ങനെ നമ്പൂതിരി സമുദായത്തിലെ മറ്റ് അവാന്തരവിഭാഗങ്ങള്‍ നിരവധി.
വിദ്വത്വത്തിന്റെ അടയാളമായി ചില  നമ്പൂതിരിമാര്‍ക്ക്  സ്ഥാനപ്പേര് (ഭട്ടം=പട്ടം) ലഭിച്ചതാണ് ഭട്ടതിരിപ്പാട് / ഭട്ടതിരി. ശാസ്ത്ര ഭട്ടതിരി, സ്മാര്‍ത്ത ഭട്ടതിരി, ഭാഗവത ഭട്ടതിരി എന്നിങ്ങനെ അവരവരുടെ സബ്ജക്ട് സ്‌പെഷ്യലൈസേഷന്‍ വച്ച് വിഭാഗങ്ങള്‍ ഉണ്ട്. സ്മാര്‍ത്ത ഭട്ടതിരി നാലില്ലക്കാരാണ്: വെള്ളക്കാട്ട് ഭട്ടതിരി  (വണ്ടൂര്‍ മലപ്പുറം ജില്ല),  പട്ടശ്ശോമാരത്ത് ഭട്ടതിരി (പെരുമ്പിളിശ്ശേരി, തൃശ്ശൂര്‍),  മൂത്തമന ഭട്ടതിരി (കാലടി), കാവനാട്ട് ഭട്ടതിരി (കാടാമ്പുഴ). ഇവരാണ് കുറ്റവിചാരണ നടത്തിയിരുന്ന ന്യായാധിപന്മാര്‍.
തമ്പ്രാക്കള്‍, നമ്പൂതിരിപ്പാട്, നമ്പൂതിരി എന്നിവര്‍ക്ക് മാത്രമേ വേദാദ്ധ്യയനമുള്ളു. കാരണം, ഈ വിഭാഗങ്ങളാണ് മദ്ധ്യേഷ്യയില്‍ നിന്ന് സിന്ധുനദീതടത്തില്‍ വന്ന് താമസമാക്കിയവരുടെ പിന്മുറക്കാരായ ആര്യന്മാര്‍. സംസ്‌കൃതവും കൃഷിയും കേരളത്തില്‍ കൊണ്ടുവന്നത് ഇവരാണ്. അതുവരെ പ്രകൃത്യാ ഉണ്ടാവുന്ന കിഴങ്ങ്കായ്കനികള്‍ തിന്ന് വളര്‍ന്ന തദ്ദേശീയരെ ധാന്യം എന്ന വസ്തുവിനെ പരിചയപ്പെടുത്തിയത് സിന്ധുഗംഗാ സമതലങ്ങളില്‍ അവ കൃഷി ചെയ്തിരുന്ന ആര്യബ്രാഹ്മണരുടെ പിന്‍തലമുറകളില്‍ നിന്ന് ദേശഗമനം നടത്തി പുതിയ ഫലഭൂയിഷ്ഠഇടങ്ങള്‍ തേടിയെത്തിയ നമ്പൂതിരിമാരാണ്.
ധാന്യഫലമൂലാദികള്‍ കൃഷി ചെയ്ത് വളര്‍ത്താമെന്ന് അവര്‍ പഠിപ്പിച്ച് പരിശീലിപ്പിച്ചു. അതിനാല്‍
സ്വാഭാവികമായും കൃഷി ചെയ്യാവുന്ന ഭൂമിയുടെ മുഴുവന്‍ അവകാശവും കൃഷിയുടെ ബൗദ്ധികസ്വത്തവകാശവും അവര്‍ തങ്ങളുടെ പേരില്‍ സ്ഥാപിച്ചു. അതുവരെ ഭൂമിയ്ക്ക് സ്വകാര്യസ്വത്തവകാശം കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഈ അവകാശങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിക്ക് പകരം പാട്ടമായി വിളവില്‍ ഒരംശം നമ്പൂതിരിക്ക് നല്‍കണം. അതാണ് പാട്ടവ്യവസ്ഥയുടെ ആരംഭം.

വേദാദ്ധ്യയനമില്ലാത്ത ബ്രാഹ്മണര്‍ ബുദ്ധമതത്തില്‍ നിന്ന് മതം മാറിയവര്‍ ആണ് എന്നാണ് ചില രേഖകള്‍ പറയുന്നത്. എന്നാല്‍ പോറ്റിമാര്‍ കര്‍ണാടകത്തില്‍ നിന്ന് കുടിയേറിയ ആര്യബ്രാഹ്മണരാണ്. അവര്‍  മിക്കവരും  നമ്പൂതിരി സമ്പ്രദായങ്ങള്‍ സ്വംശീകരിച്ചു. അവര്‍ ഭൂവുടമകളും ആയി. പക്ഷേ പിന്നീട് അവിടെ നിന്ന്  കുടിയേറിയ ചിലര്‍ തുളു സമ്പ്രദായത്തില്‍ തന്നെ നിലകൊണ്ടു. അവരെ  എമ്പ്രാന്തിരിമാര്‍ എന്ന് പറയുന്നു.  എമ്പ്രാന്തിരി  പുരുഷന്മാര്‍  മാല തുടങ്ങിയ  സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാറുണ്ട്.

പാപഗ്രസ്ഥവിഭാഗത്തില്‍ ചിലര്‍ അഥര്‍വ്വവേദം പഠിച്ച് ചോര വാര്‍ത്തുള്ള ആഭിചാരക്രിയകള്‍ ചെയ്യുവാന്‍ തുടങ്ങി. അവരിലെ പുരുഷന്മാര്‍ ചന്ദനക്കുറിക്ക് പകരം ചുവന്ന പൊട്ട് ആണ് ഇടുന്നത്. ‘കടവ്’ എന്ന തരത്തില്‍ പെടുത്തിയിരുന്ന ഇവര്‍ക്ക് മറ്റ് ബ്രാഹ്മണരോടൊപ്പം ഒരു കടവില്‍ കുളിക്കാമെങ്കിലും ഒരു പന്തിയില്‍ ഇരുന്ന് ഉണ്ണാന്‍ അനുവാദമുണ്ടായിരുന്നില്ല.

യജ്ഞസംസ്‌കാരപ്രകാരവും ഭൗതികശാസ്ത്രപ്രകാരവും അഗ്‌നി ഊര്‍ജ്ജസ്‌ത്രോതസ്സാണ്. ഒന്നും തനിക്കായി എടുക്കാതെ, നിസ്വനായി നിന്ന്, എല്ലാം ലോകത്തിന് ഊര്‍ജം പകരാനായി സമര്‍പ്പിച്ച് കൊണ്ടിരുന്ന, അതിലേക്കായി സ്വയം നിയോഗിക്കപ്പെട്ട നമ്പൂതിരി ഇന്ന് ആ മന്ത്രത്തിന്റെ അര്‍ത്ഥം വേണ്ടപോലെ മനസ്സിലാക്കാതെയാണത് ചൊല്ലുന്നത്

ഏത് പ്രവൃത്തിയിലും സാത്വികത പാലിക്കാന്‍ നമ്പൂതിരി ബാദ്ധ്യസ്ഥനാണ്. ഇതുവരെയും ഒരു ക്രിമിനല്‍ കേസ് ഒരു നമ്പൂതിരിക്ക് നേരെ വന്നിട്ടില്ലെന്നത് ആ സമൂഹത്തിന്റെ സാത്വികതക്ക് തെളിവാണ്

പരസ്പരം ഉള്ള വിശ്വാസം നമ്പൂതിരിസമൂഹത്തിന്റെ പ്രത്യേകത ആണ്. കേരളം മുഴുവന്‍ നമ്പൂതിരിയാണെന്ന പേരില്‍ ഏത് ഇല്ലത്തും കയറി ചെല്ലാമായിരുന്നു. ഊണും ഉടുപ്പും കിടപ്പും അവിടെ സൗജന്യമായി ലഭിച്ചിരുന്നു.

അതിഥിയായികുറച്ചുദിവസം അവിടെ തങ്ങുന്നതിനും സ്വാഗതമുണ്ടായിരുന്നു. സ്വന്തം ഗൃഹത്തില്‍ എന്നതുപോലെ തന്റെ തേവാരങ്ങള്‍ക്കുള്ള വ്യവസ്ഥയും അവിടെ ലഭ്യമാണ്.
നമ്പൂതിരിയുടെ മറ്റൊരു പ്രത്യേകത അയാളൂടെ ലാളിത്യമാണ്. കഞ്ഞിയും ഉപ്പിലിട്ടതും ആയാല്‍ സാധാരണഭക്ഷണമായി. നമ്പൂതിരി ഇല്ലങ്ങളിലെ മറ്റൊരു പ്രത്യേകത അതിഥികള്‍ക്കായി തലയില്‍ തേക്കാന്‍ എണ്ണയും ഉടുക്കാന്‍ വസ്ത്രവും കോണകവും കുളക്കടവില്‍ അലക്കി വച്ചിരുന്ന സമ്പ്രദായമാണ്. യാത്രക്കാരായും അദ്ധ്യാപകനായും പരികര്‍മ്മിയായും എല്ലാം അവിടെ താമസിക്കുന്നവര്‍ക്ക് ഇതൊന്നും സ്വന്തമായി കൊണ്ടുനടക്കേണ്ട കാര്യം ഇല്ല. അല്ലെങ്കില്‍ സ്വന്തമെന്നുപറയാന്‍ അടിവസ്ത്രം പോലും  കരുതാത്തവനായിരുന്നു നമ്പൂതിരി. പരശുരാമന്‍ ഒരു കേരളം മുഴുവന്‍ പതിച്ച് കൊടുത്ത നമ്പൂതിരി  മനസ്സുകൊണ്ട് തനി നിസ്വനായിരുന്നു; നിസ്വാര്‍ത്ഥനും. ആ നമ്പൂതിരിയാണ് ഇന്ന് എന്റെ തൊഴില്‍ അന്യജാതിക്കാരന്‍ തട്ടിയെടുക്കുന്നു എന്ന് പരിഭവവും പരാതിയും പറഞ്ഞ് പരിഭ്രാന്തനാവുന്നത്.

നമ്പൂതിരിമാരുടെ കുലത്തൊഴില്‍  ഒരിക്കലും ശാന്തി ആയിരുന്നില്ല. ഭൂപ്രഭുക്കന്മാരായ അവര്‍ക്ക് രാവിലെ സന്ധ്യാവന്ദനവും വിസ്തരിച്ച്  തേവാരവും. അത് കഴിഞ്ഞാല്‍ പ്രാതല്‍. പിന്നെ പൂമുഖത്ത് ഗംഭീര വെടിവട്ടം; മുറുക്ക്. ഉച്ചയ്ക്ക് സദ്യ. പിന്നെ പൂച്ചമയക്കം. വൈകീട്ട് സന്ധ്യാവന്ദനം കഴിഞ്ഞാല്‍ അത്താഴം. പിന്നെ അസാരം നേരമ്പോക്ക്; മൂത്തയാള്‍ക്ക് ഇല്ലത്ത് മൂന്നും നാലും വേളിമാര്‍ അകത്തളങ്ങളില്‍ കാത്തിരിപ്പുണ്ടാവും. അന്നത്തെ കമ്പം ആരോടാച്ചാല്‍ ആ അകത്ത്ള്ളാളെ കിടപ്പറയിലേക്ക് വിളിപ്പിക്കും. ഇളയ നമ്പൂതിരിമാര്‍ക്ക് അടുത്തുള്ള വാര്യം, പിഷാരം, പുഷ്പകം ഒന്നും കിട്ടിയില്ലെങ്കില്‍ നായര്‍ വീട്.
അവിടെ സംബന്ധക്കാരി ഒരു പുളിയിലക്കര മുണ്ട് വെറ്റിലയ്ക്കും പഴുക്കടക്കക്കും പകരമായി കിട്ടിയതിന്റെയും കിടക്കച്ചുവട് എന്ന പരിശീലനത്തിന്റെയും ബലത്തില്‍ മുറുക്കാന്‍ ചതച്ച് കാത്തിരിക്കും. നല്ല ഭാഗ്യം ചെയ്തവര്‍ക്ക് കോവിലകത്ത് രാജകുമാരിയുടെ ‘കൂട്ട് ഇരിക്കണ നമ്പൂതിരി’ ആവാം. ചാത്തന്‍ വിതക്കും, ചെറുമി കൊയ്യും, പത്തായം പെറും, ചക്കി കുത്തും. അടുക്കളയില്‍ കുട്ടിപ്പട്ടര്‍ ദേഹണ്ണത്തിന്. തെക്കിണിത്തേവര്‍ക്കും പരദേവതയ്ക്കും ഊരാണ്മക്ഷേത്രങ്ങളിലും പൂജക്ക് മംഗലാപുരത്ത് നിന്ന് വന്ന എമ്പ്രാന്തിരിമാര്‍. ഇതായിരുന്നൂ കാലങ്ങളായി.

എന്നാല്‍, കുടുംബജീവിതത്തില്‍ നമ്പൂതിരി അങ്ങേയറ്റം സംസ്‌കാരസൂന്യനായിരുന്നു. ഗാര്‍ഹസ്ഥ്യത്തില്‍ അയാള്‍ ഒരിക്കലും മനുഷ്യത്വമുള്ളവന്‍ ആയിരുന്നില്ല. മൂത്തയാള്‍ക്ക് മൂന്നും നാലും ഭാര്യമാര്‍. ഇളയവര്‍ക്ക് നാട് നീളെ സംബന്ധങ്ങള്‍. എഴുപതും എണ്‍പതും വയസ്സുള്ള വൃദ്ധനമ്പൂതിരിമാര്‍ പതിനാലും പതിനഞ്ചും വയസ്സുള്ള ബാലികമാരെ വധുവാക്കി. താമസംവിനാ ഭര്‍ത്താവ് മരണപ്പെട്ട് ആ കുട്ടികള്‍ കൗമാരകാലത്ത് തന്നെ വിധവകളായി. വിധവാവിവാഹം നിഷിദ്ധമായിരുന്നതിനാല്‍ അവര്‍ ശിഷ്ടജീവിതം ഭര്‍തൃവീട്ടിലെ ഒരുകോണില്‍ കരഞ്ഞ് തീര്‍ത്തു. മറക്കുടയ്ക്കുള്ളിലെ മഹാനരകം വിശ്വസനീയമായതിലും അപ്പുറം ഭീകരമായിരുന്നു.

പടുവൃദ്ധരുടെ പുനര്‍വേളികളും പെണ്‍കിടാങ്ങളുടേയും ആത്തേമ്മാരുകളുടേയും കഷ്ടപ്പാടുകളും (സപത്‌നീദു:ഖമടക്കം) അഫന്മാരുടെ അസന്മാര്‍ഗ്ഗജീവിതവും അവസാനിപ്പിച്ച് ‘ജട’യും ‘രഥ’യുമല്ല വിദ്യാഭ്യാസം എന്ന് മനസ്സിലാക്കിച്ച്  നമ്പൂതിരിയെ മനുഷ്യനാക്കാനാണ് വി.ടി യും ഇ.എം.എസ്സുമെല്ലാം ചേര്‍ന്ന് യോഗക്ഷേമസഭ സംഘടിപ്പിച്ചത്. ഇന്ത്യയില്‍ മറ്റൊരു ബ്രാഹ്മണസമൂഹത്തിലും ഇതുപോലെ ഒരു നവോത്ഥാനം നടന്നിട്ടില്ല. (എന്നാല്‍ ഇന്ന് മനുഷ്യനെ തിരിച്ച് ആ പഴയ നമ്പൂതിരിയാക്കാനുള്ള  കല്പിച്ച്കൂട്ടിയുള്ള ശ്രമമുണ്ട്. ഇന്ന് ജടയും രഥയും കടന്നിരിക്കലും അഗ്‌നിയാഗവും അശ്വലിംഗപ്രവേശവും പ്രോല്‍സാഹിപ്പിക്കപ്പെടുന്നു. ആ ശ്രമങ്ങള്‍ക്ക് പിറകില്‍ ശക്തമായ രാഷ്രീയ അജണ്ടയുമുണ്ട്. ബുദ്ധിമാനായ നമ്പൂതിരിക്ക് അത് തിരിച്ചറിയാനുള്ള സദ്ബുദ്ബുദ്ധി ഉണ്ടാവുന്നില്ല എന്ന് മാത്രം !).
1959ലെ ഭൂനയബില്ലിന്റെ കൊടുങ്കാറ്റില്‍, പക്ഷേ, ഒരുനാള്‍ പാട്ടം മുട്ടി. അറിയാവുന്ന ഏക വിദ്യ ഭഗവല്‍സേവ ആയതിനാല്‍ പടച്ചോറ് (ഓടം എന്ന പാത്രത്തില്‍ നിറച്ച് കമിഴ്ത്തി അളവില്‍ പടക്കുന്നതാണ് പടച്ചോറ്) കിട്ടാന്‍ എമ്പ്രാനെ ഒഴിവാക്കി ശാന്തി ഏറ്റെടുത്തു. ദാരിദ്ര്യത്തോളം ശാന്തി; ശാന്തിയോളം ദാരിദ്ര്യം. ‘ഒന്നുകില്‍ ശിവന്‍ (അമ്പലത്തിലെ മൂര്‍ത്തി) നന്നാവണം; അല്ലെങ്കില്‍ ഞാന്‍ നന്നാവണം’. സത്യത്തില്‍ രണ്ടും ഉണ്ടായില്ല. ഇതാണ് നമ്പൂതിരിയുടെ ആകെയുള്ള ശാന്തിപര്‍വ്വം. ദരിദ്രമായി തീര്‍ന്ന ബ്രഹ്മസ്വത്തില്‍ നിന്ന് പിന്നീട് ദേവസ്വം വിട്ടുമാറിയപ്പോള്‍ ഇതരജാതിക്കാര്‍ ക്ഷേത്രഭരണം കമ്മിറ്റികളുണ്ടാക്കി ഏറ്റെടുത്തു. അതോടെ മൂര്‍ത്തി രക്ഷപ്പെട്ടു. ഭണ്ഡാരവരവ് കൂടി. നടവരവ് കൂടിയപ്പോള്‍ അല്പാല്പമായി ശാന്തിക്കാരന്റെയും. വാര്യരുടെ വിളക്കത്ത് നമ്പൂതിരിക്ക് അത്താഴം എന്ന പറയാവുന്ന വിധത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

നമ്പൂതിരിയുടെ പഴയ സ്ഥായിയായ ഭാവം എല്ലാ ഉടമസ്ഥാവകാശവും ത്യജിക്കുന്ന ത്യാഗമനോഭാവമാണ്. അതുകൊണ്ടാണ് അഗ്‌നീമീളെ  പുരോഹിതം എന്ന് വേദാരംഭം ചെയ്ത നമ്പൂതിരി ‘അഗ്‌നയേ ഇദം ന മമ’ (ഹേ, അഗ്‌നേ! ഇതെനിക്കുള്ളതല്ല, അതുകൊണ്ടു തന്നെ നിനക്ക് സമര്‍പ്പിതമായതാണ്) എന്ന് ഹോമ മന്ത്രം ചൊല്ലുന്നത്.

യജ്ഞസംസ്‌കാരപ്രകാരവും ഭൗതികശാസ്ത്രപ്രകാരവും അഗ്‌നി ഊര്‍ജ്ജസ്‌ത്രോതസ്സാണ്. ഒന്നും തനിക്കായി എടുക്കാതെ, നിസ്വനായി നിന്ന്, എല്ലാം ലോകത്തിന് ഊര്‍ജം പകരാനായി സമര്‍പ്പിച്ച് കൊണ്ടിരുന്ന, അതിലേക്കായി സ്വയം നിയോഗിക്കപ്പെട്ട നമ്പൂതിരി ഇന്ന് ആ മന്ത്രത്തിന്റെ അര്‍ത്ഥം വേണ്ടപോലെ മനസ്സിലാക്കാതെയാണത് ചൊല്ലുന്നത്. അദ്ദേഹത്തിന് ജാത്യാ ലഭിച്ച നിസ്വതയും നിസ്വാര്‍ത്ഥതയും ഇക്കാലങ്ങളില്‍ കൈമോശം വരുന്നുണ്ട്. മറ്റുള്ളവരുടെ ഹിതത്തേക്കാള്‍ സ്വന്തം സുഖം നേടാനുള്ള ത്വരയാണ് ഇന്ന് അദ്ദേഹത്തെ നയിക്കുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!