പയ്യന്നൂർ: ഗതാഗതക്കുരുക്ക് പതിവായ ദേശീയപാതയിലെ പയ്യന്നൂർ പെരുമ്പ ജംഗ്ഷൻറെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ദേശീയപാതയിൽനിന്നും പയ്യന്നൂർ ടൗണിലേക്ക് പ്രവേശിക്കുന്ന പെരുമ്പ ജംഗ്ഷൻറെ വികസനത്തിനായി 98 ലക്ഷം രൂപ ചെലവിൽ നടക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്.
പൊതുമരാമത്ത് വകുപ്പിൻറെയും ദേശീയ പാതയുടേയും കീഴിലുള്ള സ്ഥലങ്ങൾ ഉപയോഗിച്ചാണ് ജംഗ്ഷൻ വിപുലീകരിക്കുന്നത്. പെരുമ്പ പാലം മുതൽ മലബാർ ഗോൾഡ് വരെയുള്ള പൊതുമരാമത്ത് വകുപ്പിൻറെ സ്ഥലങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
വീതികൂട്ടലുൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ ജംഗ്ഷനിലെ ഗതാഗത കുരുക്കുകൾക്ക് പരിഹാരമാകും. നിലവിൽ ഇവിടെ സ്ഥലപരിമിതി മൂലം ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ കഴിയാത്ത പ്രശ്നമുണ്ടായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് ഐലൻഡും സോളാർ ലൈറ്റുകളും സ്ഥാപിക്കും.
പിഡബ്ല്യുഡി ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം നവീകരണത്തിൻറെ ഭാഗമായി നേരത്തെ പൊളിച്ച് നീക്കിയിരുന്നു.ഈ സ്ഥലംകൂടി ഉപയോഗപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
പയ്യന്നൂർ താലൂക്ക് വികസന സമിതി യോഗത്തിൽ പെരുമ്പയിലെ ഗതാഗത പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും പരിഹാരമുണ്ടാക്കണമെന്ന ആവശ്യം പലവട്ടമുയർന്നിരുന്നതാണ്. ജംഗ്ഷൻ നവീകരിക്കുന്നതോടെ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
0 Comments