തിരുവനന്തപുരം :സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും.
പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ എന്നിവ പ്രവർത്തിക്കും. മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ, തുടർച്ചയായി പ്രവർത്തിക്കേണ്ട വരുന്ന ഉത്പാദന സംസ്‌കരണ ശാലകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പൂജാകർമങ്ങൾക്ക് പോകുന്നതിന് പുരോഹിതൻമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
ആളുകൾ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ടു മണി മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന റോഡുകളിൽ 17നും നിയന്ത്രണം തുടരും. പുലർച്ചെ അഞ്ച് മണി മുതൽ രാവിലെ പത്തു മണി വരെയാണ് നിയന്ത്രണം. ഈ സമയപരിധിയിൽ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അടിയന്തരാവശ്യത്തിന് പോകുന്ന വാഹനങ്ങൾക്കും ഈ റോഡുകളിൽ നിയന്ത്രണം ഉണ്ടാവില്ല. മറ്റുള്ളവർ അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പോലീസിന്റെ പാസ് വാങ്ങണം.
0 Comments