[ap_tagline_box tag_box_style=”ap-bg-box”]കാലടി ; ചരിത്ര , സാമൂഹിക, സാംസ്കാരിക പശ്ചാത്തലം[/ap_tagline_box]
ഏതാണ്ട് 12 നൂറ്റാണ്ടിന് മുമ്പ് ചേര രാജാവായ കുലശേഖര രാജശേഖരവര്‍മ്മന്‍ ശങ്കരാചാര്യരെ കാലടിയില്‍ വന്നു സന്ദര്‍ശിച്ചിരുന്നതായി ചരിത്രം പറയുന്നു. (കേരള ചരിത്രം-ശ്രീധരമേനോന്‍) ശങ്കരാചാര്യ ചരിത്രത്തിന്റെ ഭാഗമായ മുതലക്കടവ്, ആര്യാംബാ സമാധി സ്ഥലം, കാര്‍ത്ത്യായനി ക്ഷേത്രം, ശ്രീശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ടുവെന്ന് കരുതുന്ന ശ്രീകൃഷ്ണ ക്ഷേത്രം, തിരുവെള്ളമാന്‍തുള്ളി ക്ഷേത്രം, പുത്തന്‍കാവ് ഭഗവതി ക്ഷേത്രം എന്നിവ ഇന്നും കാലടിയിലുണ്ട്.
തിരിവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ മാധവറാവു ഏ.ഡി.1906ല്‍ കാലടിയില്‍ കൈപ്പിള്ളി ഇല്ലം സ്ഥിതി ചെയ്തിരുന്ന കണ്ടക്കര പുരയിടവും അതിനോട് ചേര്‍ന്ന 25 ഏക്കര്‍ സ്ഥലവും എടുത്ത് മതില്‍ കെട്ടി തിരിച്ചാണ് ഇന്നത്തെ ശ്യംഗേരി ക്ഷേത്രവും മറ്റും സ്ഥാപിച്ചത്. (എറണാകുളം ജില്ലാ ഡയറക്ടറി 1961) ക്ഷേത്രത്തിന്റെ ഉത്ഘാടനകര്‍മ്മം 1910-ല്‍ ശ്യംഗേരി മഠത്തിലെ 33-ാമത് സന്യാസിവര്യനായ ശ്രീ സച്ചിദാനന്ദ ശിവാഭിനവ തൃസിംഹ ഭാരതീ സ്വാമികളാല്‍ നിര്‍വഹിക്കപ്പെട്ടു. കാലടിയുടെ ഉണര്‍വ്വിന് ഏറ്റവും കാരണക്കാരനായ മഹത് വ്യക്തി ആഗമാനന്ദ സ്വാമികളായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ സ്വാതന്ത്ര്യ സമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ 1936-ലാണ് ആഗമാനന്ദ സ്വാമികള്‍ രാമകൃഷ്ണാശ്രമം സ്ഥാപിച്ചത്.
വൈക്കം സത്യാഗ്രഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതില്‍ രാസത്വരകമായിത്തീര്‍ന്നത് ശ്രീമദ്.ആഗമാനന്ദസ്വമികളായിരുന്നു. ശങ്കരാചാര്യരുടെ ജീവിതകാലത്ത് പ്രമുഖമായ പത്തു നമ്പൂതിരി ഇല്ലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ശങ്കരാചാര്യരുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ആര്യാംബയുടെ മരണാനന്തര ചടങ്ങുകളുമായി സഹകരിച്ച രണ്ട് ഇല്ലങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളുവെന്ന് പറയുന്നു. ദേശീയ പ്രസ്ഥാനക്കാലത്ത് മറ്റു ചില ജന്മിമാരും ഇടപ്രഭുക്കന്മാരുമായ പനയില്‍ പാഴൂര്‍മനയുടെയും പറയത്തു മേനോന്‍മാരുടെയും ഉടമസ്ഥതയിലായിരുന്നു കാലടിയിലെ ഭൂമി അധികവും.
സ്വാമികളുടെ ശ്രമഫലമായി അദ്വൈതാശ്രമത്തോടനുബന്ധിച്ച് ഒരു സംസ്കൃത സ്ക്കൂളും 1953-ല്‍ ശ്രീശങ്കരാ കോളേജും സ്ഥാപിച്ചു. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി 1958-ല്‍ ശ്രീശങ്കരാകോളേജില്‍ നടന്ന കര്‍ഷക സമ്മേളനത്തില്‍ ദേശീയ നേതാക്കളായിരുന്ന വിനോബഭാവെ, ജയപ്രകാശ് നാരായണന്‍ എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു. കാലത്തിന്റെ വിസ്മൃതിയില്‍ ആണ്ടുപോയിരുന്ന ശ്രീകൃഷ്ണക്ഷേത്രത്തിന്റെയും ആര്യാംബ സമാധിസ്ഥാനത്തിന്റെയും പുനരുദ്ധാരണവും ശൃംഗേരി ക്ഷേത്രം നവീകരിച്ച് തീര്‍ത്ഥാടകപ്രധാന്യമാക്കിയതും ഈ കാലഘട്ടത്തിലാണ്. അദ്വൈതാശ്രമത്തോടനുബന്ധിച്ച് ബ്രഹ്മാനന്ദോദയം സ്ക്കൂളും, സംസ്കൃത യു.പി.സ്ക്കൂളും ജൂനിയര്‍ ബേസിക് സ്കൂളും ഹോസ്റ്റലും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളില്‍ ഏറെ പ്രസിദ്ധമായ കാഞ്ഞൂര്‍ പള്ളിയുടെ പ്രശസ്തിയോടെ കാലടിയിലും ക്രൈസ്തവ പ്രാധാന്യമേറിയ പള്ളികള്‍ സ്ഥാപിതമായിട്ടുണ്ട്.
മുസ്ളീം സമുദായത്തിന്റെ പ്രധാന്യം വിളിച്ചോതുന്ന കാലടി ജുമാമസ്ജിദും, മേക്കാലടിയിലെ ഹുറുള്‍ ഇസ്ളാം മദ്രസയും മുസ്ലീം പള്ളിയും വിവിധ ജാതിമത സംഗമകേന്ദ്രമായ കാലടിയെ മാനവ സാംസ്കാരിക പ്രതീകത്തിന്റെ പുണ്യഭൂമിയാക്കുന്നു. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന കാലടിയുടെ ദേശീയോല്‍സവമായി വിശാലമായ കാലടി മണപ്പുറത്ത് ശിവരാത്രി ആഘോഷിച്ചുവരുന്നു.
1953-ല്‍ ആണ് കാലടി ശിവരാത്രി ആഘോഷം സമാരംഭിച്ചത്..ശ്രീശങ്കരാചാര്യരുമായി ബന്ധപ്പെട്ടുകിടക്കുന്ന മാണിയ്ക്കമംഗലത്തെ കാര്‍ത്യായനി ക്ഷേത്രത്തിലെ പൂരം പ്രസിദ്ധമാണ്. മേളം, പഞ്ചവാദ്യം തുടങ്ങിയ ക്ഷേത്രകലകള്‍ക്കുപുറമേ സംഗീതക്കച്ചേരി, നൃത്തനൃതൃങ്ങള്‍, കഥാപ്രസംഗം, നാടകം തുടങ്ങിയ ഇതരകലകള്‍ക്കും സ്ഥാനം നല്‍കുന്നുണ്ട്. മുടിയേറ്റ്, കൂത്ത്, ഓട്ടന്‍തുള്ളല്‍, പാഠകം എന്നീ കലകളും ഈ ക്ഷേത്രവേദികളിലൂടെ ഈ പഞ്ചായത്തില്‍ പരിചിതമാകുന്നു. കഥകളി കുറച്ചുനാള്‍ മുമ്പുവരെ, മാണിയ്ക്കമംഗലം, തിരുവെള്ളമാന്‍തുള്ളി ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചു നടത്തിയിരുന്നു. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ചെറിയൊരു സംഭാവന ചെയ്യാന്‍ ഈ പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഈ പഞ്ചായത്തിലെ ലൈബ്രറി പ്രവര്‍ത്തനത്തിനു അരനൂറ്റാണ്ടോളം പഴക്കമുണ്ട്.പഴയ ഗോത്രവര്‍ഗ്ഗസംസ്ക്കാരത്തിന്റെ ഭാഗമായി കാവുകള്‍, കൊട്ടിലുകള്‍, പതികള്‍ എന്ന പേരുകളില്‍ ഈ വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാണാന്‍ കഴിയും. ഇപ്പോഴും ഭൂരിഭാഗം വീടുകളിലും ഇതെല്ലാം കണ്ടുവരുന്നു.
രാജേഷ് ആർ നായർ
0 Comments