തിരുവനന്തപുരം : നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നഗരസഭ ഒരുക്കും. നഗരത്തിലെ സർക്കാർ ആശുപ്രതികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി ഡയാലിസസ് ചെയ്യാനുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്ക്കരിച്ചിരിക്കുന്നത് . രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായി വരുന്ന തുക നഗരസഭ സ്വകാര്യ ആശുപ്രതികൾക്ക് നൽകിയാണ് സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസിന് സൗകര്യമൊരുക്കുന്നത്.
ഡയാലിസിസ് തുടർച്ചയായി ചെയ്യുന്നതിന് സാമ്പത്തിക പ്രയാസങ്ങൾമൂലം പല രോഗികളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് . ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് നഗരസഭ ഇത്തരത്തിൽ ഒരു പദ്ധതിയ്ക്ക് രൂപം നൽകിയത് . ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും ഈ പദ്ധതി. എസ്.കെ.ഹോസ്പിറ്റൽ , ഇന്ത്യൻ ഹോസ്പിറ്റൽ , നിംസ് ഹോസ്പിറ്റൽ അൽ – ആരിഫ് ഹോസ്പിറ്റൽ , പി.ആർ.എസ് ഹോസ്പിറ്റൽ , കോസ്‌മോപോളിറ്റൻ ഹോസ്പിറ്റൽ , ജിജി ഹോസ്പിറ്റൽ എന്നീ ആശുപ്രതികളാണ് നഗരസഭയുടെ ഈ പദ്ധതിയുമായി സഹകരിക്കാൻ ധാരണയിലായത് .
വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക . ആനുകൂല്യം ലഭിക്കുന്നതിനായി രോഗികൾ ഡോക്ടറുടെ കുറിപ്പ് , വരുമാന സർട്ടിഫിക്കറ്റ് , ആധാർ കാർഡ് , റേഷൻ കാർഡ് എന്നിവയുടെ കോപ്പി ബന്ധപ്പെട്ട വാർഡ് കൗൺസിലർ സാക്ഷ്യപ്പെടുത്തി ഹെൽത്ത് സർക്കിൾ മുഖേന നഗരസഭ ഹെൽത്ത് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
0 Comments