കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് – പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത് 1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ സിദ്ധ-0വേദ ആശ്രമം സ്ഥിതി ചെയ്യുന്നു. 1995 -ൽ തൻ്റെ സമാധി ദിവസം വരെ മുൻകൂട്ടി പ്രവചിച്ച് പറഞ്ഞ യോഗീശ്വരൻ്റെ സമാധി സ്ഥിതി ചെയ്യുന്ന പുണ്യസങ്കേതത്തിലെ ഇപ്പോഴത്തെ മഠാധിപതിയാണ് വിശ്വകർമ്മ കുലപീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി .കേരളത്തിൽ നിരവധി ശ്രേഷ്ഠങ്ങളായ ഹൈന്ദവ സന്യാസ ആശ്രമങ്ങളും സമാധി സ്ഥാനങ്ങളുമുണ്ട്. അവയിൽ നിന്ന് വ്യത്യസ്തമായ അനുഷ്ഠാന – നിഷ്ഠാ – ആചരണവിധികളോടെ പ്രവർത്തിക്കുന്ന ഈ ആശ്രമം പേരുപോലെ തന്നെയാണ്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അവധൂത ആശ്രമങ്ങളിലേയും, മറ്റ് മഠങ്ങളിലേയും,അഖാഡകളിലേയും നാഗ – അഘോരി വിഭാഗങ്ങളിലെ ദിഗംബര സന്യാസിമാരും,തമിഴ്നാട് , കർണ്ണാടക,ആന്ധ്ര തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ സിദ്ധ – മർമ്മ – പ്രകൃതി ചികിത്സാ പരമ്പരകളിലുള്ളവരും,പുതിയതായി സന്യാസദീക്ഷയെടുത്തവരും,വേദ പണ്ഡിതരും ബ്രഹ്മനിഷ്ഠരുമായ ബ്രഹ്മചാരികളും ജപ,ധ്യാന ചിന്തകൾക്കും വേദ,പരിചയ,പഠന,ചർച്ചകൾക്കും സൗഹൃദ സംവാദങ്ങൾക്കുമായി എത്തിച്ചേരുന്ന ഒരു വ്യത്യസ്തമായ അവധൂത ബ്രഹ്മവിദ്യാ ജ്ഞാന സങ്കേതമാണ് .ക്ഷേത്ര ആരാധനകളും,യോഗാ-ധ്യാന മുറകളും, വാസ്തു ശാസ്ത്രവും , ജ്യോതിഷവും താത്പര്യമുള്ളവർക്ക് സൗജന്യമായി ഉപദേശിച്ചു നൽകി വരുന്നു. ഗുരുസമാധി മാത്രമാണ് ഈ ആശ്രമത്തിലെ ആരാധനാ കേന്ദ്രസ്ഥാനം. ഗുരു മഹാസമാധിയിൽ നേദ്യമോ,പഞ്ചോപചാര പൂജകളോ ഇല്ല. അഭിഷേകവും, അവരവരുടെ ഗുരുവിൽ നിന്ന് ലഭിച്ച ദീക്ഷാ മന്ത്രത്താലുള്ള പുഷ്പാർച്ചനയും,കർപ്പൂര ആരതിയും മാത്രം.100 മഹാക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് തുല്യമാണ് ഒരു ഗുരുസമാധി സന്ദർശിക്കുന്നതെന്ന് ജ്ഞാന ഭിക്ഷുക്കൾ പറയുന്നു.
കാലപ്പഴക്കത്താലും, കാലഘട്ടത്തിലെ നിർമ്മാണ വൈകല്യത്താലും തകർന്നു വീഴാറായ സമാധി മന്ദിരവും,ധ്യാന മണ്ഡപവും,സന്യാസിമാർക്കുള്ള താമസ സൗകര്യവും പുനരുദ്ധാരണം നടത്തിവരികയാണ്. കഴിഞ്ഞ ഒരു വർഷമായി ഈ ആശ്രമത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.കഴിഞ്ഞ ആറ് വർഷം കൊണ്ട് 800-ൽപരം സന്യാസിമാർ ജപധ്യാനങ്ങൾക്കായി ഇവിടെ വന്ന് താമസിച്ചു മടങ്ങി.അവർക്കുള്ള ഭക്ഷണവും താമസവും തിരിച്ചു പോകുമ്പോൾ ദക്ഷിണയും വസ്ത്രവും നൽകുന്നുണ്ട്.
0 Comments