ആലുവ മാർത്താണ്ഡ വർമ്മ പാലത്തിന് ഞായറാഴ്ച 80 വയസ് തികയും. 1940 ജൂൺ 14ന് തുറന്ന പാലം ഇപ്പോഴും പെരിയാറിന് കുറുകെ കേടുപാടുകളില്ലാതെ മദ്ധ്യകേരളത്തിന്റെ ലാന്റ് മാർക്കായി തലയുയർത്തി നിൽക്കുകയാണ്. മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള പുതിയ വഴി എന്ന നിലയിൽ ഈ പാലം തിരുവിതാംകൂർ ഇളയരാജാവ് മാർത്താണ്ഡവർമ്മയാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
തിരുകൊച്ചിയിലെ ആദ്യ ആർച്ച് പാലമായിരുന്നു മാർത്താണ്ഡവർമ്മപ്പാലം. എട്ട് ലക്ഷം രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ടായിരുന്നു നിർമാണം. അഞ്ചര മീറ്റർ വീതിയും 141മീറ്റർ നീളവുമുള്ള പാലത്തിൽ മൂന്ന് വീതം ആർച്ചുകളാണ് ഇരുഭാഗത്തുമായി തീർത്തത്.
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചിഹ്നം ഇപ്പോഴും ശിലാഫലകത്തിലുണ്ട്. ചീഫ് എൻജിനീയർമാരായിരുന്ന ബ്രിട്ടീഷുകാരൻ ജി.ബി.എസ്. ട്രസ്‌കോട്ട്, എം.എസ്. ദുരൈസ്വാമി എന്നിവരുടെ മേൽനോട്ടത്തിൽ ജെ.ബി ഗാമൺ ആൻഡ് കമ്പനിയാണ് പാലം നിർമ്മിച്ചത്.
പാലത്തിന്റെ ഡക്കിനു താഴെ ആറിടങ്ങളിലായി ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഭീമാകാരമായ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിലാക്കിയ ‘ഷോക്ക് അബ്‌സോർബിംഗ് സിസ്റ്റം’ സ്ഥാപിച്ചിട്ടുണ്ട്. അതിപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കരിങ്കൽപാളികൾ കൊണ്ടാണ് പാലത്തിന്റെ തൂണുകൾ.
മാർത്താണ്ഡ വർമ്മ പാലത്തിന്റെ അതേമാതൃകയിൽ വർഷങ്ങൾക്ക് ശേഷം തൊട്ടടുത്ത് മറ്റൊരു പാലം കൂടി നിർമ്മിച്ചു. അതാണ് മംഗലപ്പുഴ പാലം. ദേശീയപാതയിൽ തരിക്കേറിയതോടെ രണ്ടിടത്തും സമാന്തര പാലങ്ങൾ നിർമ്മിച്ചപ്പോൾ മാർത്താണ്ഡവർമ്മ പാലത്തിന്റെ സമാന്തരപ്പാലം ആർച്ച് പാലമായിത്തന്നെയാണ് നിർമ്മിച്ചത്.
മാർത്താണ്ഡവർമ്മ പാലം നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത് 11 പേരാണ്. മണ്ണിടിച്ചിലിൽപ്പെട്ട 12 പേരിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം. തോട്ടക്കാട്ടുകര താണിപ്പിള്ളി വീട്ടിൽ തൊമ്മി. 2004ൽ ഇദ്ദേഹവും മരിച്ചു. മരിച്ചവരെല്ലാം ആലുവ സ്വദേശികളായ 20 വയസിൽ താഴെ പ്രായമുള്ളവർ.
0 Comments