വിവാഹ വാർഷികം , ചെറുകഥ .ബിന്ദു പുഷ്പൻ

by | Jan 10, 2024 | Lifestyle | 0 comments

വിവാഹ വാർഷികം

 

ജനുവരി ഇരുപത്തിയേഴ്!
ഇന്ന് അവരുടെ പതിനഞ്ചാം വിവാഹ വാർഷികമാണ്!

അലറാമില്ലാതെ തന്നെ പതിവുപോലെ വീണ ഉണർന്നെണീറ്റു. കണ്ണുകളടച്ചു കിടക്കയില് അല്പനേരം ധ്യാന നിരതയായിരുന്നു. മൗന പ്രാർത്ഥനക്കൊടുവിൽ കഴുത്തിൽ കിടന്ന താലിമാലയെടുത്ത്‌ ഇരുകണ്ണിലും വെച്ചു പ്രാർത്ഥിച്ചു. പിന്നെ തിരിഞ്ഞു ചെറു പുഞ്ചിരിയോടവൾ അദ്ദേഹത്തെ നോക്കി. ആശാൻ നല്ല ഉറക്കത്തിലാണ്. ഗൗരവം നിറഞ്ഞ ആ മുഖത്തുനോക്കി ഇത്തിരി നേരമങ്ങനെയിരുന്നു. മെല്ലെ ആ തിരുനെറ്റിയിലൊരു ചുംബനം മുദ്രണം ചെയ്തിട്ടവൾ പ്രഭാതകൃത്യങ്ങളിലേക്ക് തിരിഞ്ഞു.

കൃത്യം ആറുമണിക്ക് മോളെ വിളിച്ചുണർത്തി. തനുമോൾ ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത്. വളരെ ഉത്സാഹത്തോടെയവൾ ഉണർന്ന് അമ്മയെ കെട്ടിപിടിച്ചു.

“ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മമ്മ..”

വിഷ്ചെയ്തിട്ട്  മോൾ അവളുടെ കഴുത്തിലൂടെ കൈകളിട്ടു ചുറ്റി പിടിച്ചുകൊണ്ട് കവിളിലൊരു മുത്തം വെച്ചപ്പോൾ ആ കപോലങ്ങൾക്ക് നേർത്ത ചൂടുണ്ടായിരുന്നുവെന്ന്  വീണയ്ക്ക്  തോന്നി. മോൾ വേഗം  തലയണക്കീഴിൽ  ഒളിപ്പിച്ചു  വെച്ചിരുന്ന  ഒരു കുഞ്ഞു  ഗിഫ്റ്റ് ബോക്സെടുത്തു വീണയ്ക്കു നേരെ നീട്ടി. അവളതിലേക്ക് അത്ഭുതത്തോടെ നോക്കി.  എന്തായിത്?   ആ കുഞ്ഞിക്കണ്ണുകളിൽ സന്തോഷത്തിൻെറ തിരയിളക്കം. കണ്ണുകൾകൊണ്ട് അത് തുറന്നു നോക്കാന് മോളാവശ്യപ്പെട്ടു. വീണ സന്തോഷത്തോടെ വർണ്ണപേപ്പറുകൾ നീക്കി പൊതിയഴിച്ചപ്പോൾ കണ്ടു. ഒരു കുഞ്ഞു ബോക്സ്. മോൾക്ക് പപ്പ കൊടുക്കുന്ന പോക്കറ്റ്മണികൾ  സ്വരൂപിച്ചു  എന്തോ വാങ്ങിയതാണ്. ആകാംക്ഷയോടെ അവളത് പതിയെ  തുറന്നു നോക്കി. മനോഹരമായൊരു ചുവന്ന  സിന്ദൂരച്ചെപ്പ്!!  ചെപ്പുനിറയെ കൊച്ചു  കൊച്ചു സ്പടികചില്ലുകളും  മുത്തുകളും  കൊണ്ട്  ഭംഗിയായി അലങ്കരിച്ചിരുന്നു.

 

“താങ്ക്യൂ.. മൈ ഡിയർ”

മോളെ  ശരീരത്തോട്  ചേർത്ത്  പിടിച്ചുകൊണ്ട്  നിറഞ്ഞ  മനസ്സോടെ വീണ പറഞ്ഞു. ചെപ്പിൻെറ മൂടി മെല്ലെ തുറക്കുമ്പോൾ നിറയെ സിന്ദൂരം പുറത്തേക്ക് തൂവാൻ വെമ്പൽപൂണ്ട് നിൽക്കുന്നു. വീണയ്ക്കു സന്തോഷമായി. പപ്പയെ പോലെയല്ല മോൾ.. അവൾ ഓർത്തു വെച്ചിരിക്കുന്നു.. അത് അടച്ചുവെച്ചിട്ട് മോളുടെ നെറുകയില് മെല്ലെയവൾ ചുണ്ടുചേർത്തു. തന്നെ അറിയുന്ന മകൾ..! തൻെറ ഭാഗ്യമാണ്..

അടുക്കളയിലെ ജോലികളോരോന്നായി വേഗം ചെയ്തു തീർത്തു വിവേകിനുള്ള ചായയുമായി ചെന്ന് അയാളെ വിളിച്ചുണർത്തി.
“മോളുണർന്നോ..”
‘ഉം..”
പതിവുപോലെ  ഒപ്പമിരുന്ന്  ചായ കുടിക്കുമ്പോൾ ആ കൈകൾ പതിയെ മൊബൈല് ഫോണിലേക്ക് നീളുന്നത് കണ്ടു. യാതൊരു പ്രതികരണവുമില്ലാതെ  അതില് കണ്ണുംനട്ടിരുന്നു ചായ കുടിക്കുകയാണ്. എന്തൊരു മനുഷ്യനാണിത്? അവളോർത്തു.

ഒരു കള്ളച്ചിരിയോടെയാണ് തനുമോൾ മുറിയിലേക്ക് കയറി വന്നത്. അവൾ കുളികഴിഞ്ഞു വൃത്തിയുള്ള യൂണിഫോം ധരിച്ചിരുന്നു. വീണ കണ്ണുകൾകൊണ്ട് മോളെ വിലക്കി. അദ്ദേഹം തനിയെ ഓർക്കുന്നെങ്കിൽ ഓർത്തെടുക്കട്ടെ..!

“പപ്പാ.. ഇന്നെന്തെങ്കിലും സ്പെഷ്യൽഡേ ആണോ..?” മോള് വിവേകിന്റെയടുക്കൽ മുട്ടിയുരുമ്മി നിന്നു.

“അല്ലല്ലോ.. ഇന്ന് അവധിയൊന്നുമില്ല. നീ വേഗം സ്കൂളിൽ പോകാൻ നോക്ക്”. അദ്ദേഹം പെട്ടെന്ന് കർക്കശക്കാരനായൊരു അച്ഛനായി മാറി.

വീണ വേഗം മുറിവിട്ട് പുറത്തേക്കിറങ്ങി പോന്നു. ഇങ്ങനെയുണ്ടോ ഒരു മറവി? PWD എഞ്ചിനീയർ ആണുപോലും..! ഹും! അവൾക്ക് നല്ല ദേഷ്യവും, കരച്ചിലുമൊക്കെ ഒരുപോലെ വരുന്നുണ്ടായിരുന്നു. മുറിയിൽനിന്ന് ഇടയ്ക്കോരോ ആവശ്യങ്ങൾക്കായി വിളി വന്നുകൊണ്ടേയിരുന്നു.. ‘വീണേ എൻെറ സോക്സോന്ന് നോക്കിക്കേ.., വീണേ.. ആ അയൺ ബോക്സോന്ന് കുത്തിക്കേ..’ എല്ലാം പതിവ് പല്ലവികൾ. അയാളിൽ നിന്നൊരു നല്ല വാക്കിനായ് അവൾ കൊതിച്ചു.

തനുമോൾക്കുള്ള ബസ്സ് വന്നു. അവളെ യാത്രയാക്കി തിരിച്ചു വരുമ്പോൾ അദ്ദേഹം റെഡിയായി ഊണ് മേശയ്ക്കരികിൽ ദോശയോടൊപ്പം ന്യൂസ്പേപ്പറും കൂടി ചവച്ചു തിന്നുണ്ടായിരുന്നു.. അവൾ അയാൾക്ക് പിന്നിൽനിന്ന് മെല്ലെ മുരടനക്കി.

“മോള് പോയോ..”
ആ ചോദ്യത്തിന് മറുപടിയായി വീണ നീട്ടിയൊന്നു മൂളി.
“നിനക്കെന്തുപറ്റി, ഒരു ഗൗരവം..”

എന്തോ.. അവൾക്കപ്പോൾ അയാളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. ചായകുടി കഴിഞ്ഞു വിവേക് പോകാനെഴുനേറ്റു. ബാഗും, മൊബൈലും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി ഒന്ന് ചിന്തിച്ചു നിന്നു.

“വീണേ…” പ്രതീക്ഷിച്ച വിളിപോലെ അവളോടി അയാൾക്ക് അരികിലെത്തി.
“അതേയ്.. ഞാന് ഇന്നിത്തിരി ലേറ്റാകും.. നമ്മുടെ രാജേഷില്ലേ, അവനൊരു കാറെടുക്കണം. ഞാനും കൂടിച്ചെല്ലെണമെന്ന്..”

വിതുമ്പി പോകാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു. അദ്ദേഹത്തിൻെറ കാർ കണ്ണിൽനിന്ന് അകന്നിട്ടും അവളതേ നിൽപ്പ് തുടർന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നു.. അടുത്തെങ്ങും അമ്പലങ്ങളൊന്നുമില്ല. വെകിട്ട് അദ്ദേഹത്തിനും മോൾക്കുമൊപ്പം എം.ജി റോഡിലുള്ള ദേവീക്ഷേത്രത്തിൽ പോകണം. ഇത്തിരിനേരം ചുറ്റിക്കറങ്ങിയിട്ട് മക്ഡോണാൾഡ്സിലും കയറി ആഹാരവും കഴിച്ചു തിരിച്ചു പോരാം എന്നൊക്കെയായിരുന്നു കണക്കുകൂട്ടിയിരുന്നത്. ഇന്നൊരു ദിവസം ആഘോഷിക്കാമെന്ന് കരുതിയിരുന്ന താൻ വെറും വിഡ്ഢി. പമ്പര വിഡ്ഢി! അവൾ സ്വയം പരിതപിച്ചു. രണ്ടാഴ്ച്ച മുന്നേയാണ് ഓൺലൈനിൽ നിന്ന് രണ്ട്സാരിയും അദ്ദേഹത്തിനിഷ്ടപ്പെട്ട ഒരുജോഡി പൈജാമയും കുർത്തയും വാങ്ങി വെച്ചത്. അവൾക്ക് സങ്കടമേറി. ദാമ്പത്യം കടിച്ചാല് പൊട്ടാത്തൊരു മരീചികയാണെന്ന് തോന്നി.രാവിലത്തെ സന്തോഷമൊക്കെ എങ്ങോപോയി മറഞ്ഞിരിക്കുന്നു.ഓഫീസിൽ പോകണമെന്ന ചിന്തയിൽ അവൾ പിടഞ്ഞുണർന്നു.പെട്ടെന്ന് യാന്ത്രികമായൊരു കുളി പാസ്സാക്കി വേഗമൊരുങ്ങി ഇറങ്ങി.

ഓഫീസിലെത്തിയപ്പോൾ രഞ്ജിതയും, അഞ്ജലിയുമൊക്കെ അടുത്ത് വന്നു വിഷ്ചെയ്തിട്ട് പോയി. എല്ലാവരുടെയും നിർബന്ധം കൂടിയായപ്പോൾ വൈകിട്ടവർക്ക് ട്രീറ്റ് കൊടുക്കാമെന്ന് ഏറ്റു. ഇടയ്ക്കിടെ ഈറനണിഞ്ഞ മിഴികൾ മൊബൈല് സ്ക്രീനിലേക്ക് നീളുന്നുണ്ടായിരുന്നു.. ഒരു സർപ്രൈസ്ഡ് കാൾ! അതുണ്ടാവും തീർച്ച! തന്നെ പറ്റിക്കാനായി അദ്ദേഹം ചിലപ്പോൾ മിണ്ടാതിരിക്കുന്നതാവും.. വല്ലാത്തൊരു തിക്കുമുട്ടൽ. നെഞ്ചകം പൊടിഞ്ഞു നുറുങ്ങുംപോലെ…

നാലുമണിയായപ്പോൾ ഓർഡർ ചെയ്തതനുസരിച്ചു ട്രീറ്റെത്തി. എല്ലാവരും കോൺഫറൻസ് ഹാളില് ഒത്തുകൂടി. കോഫിയും പ്ളേറ്റ് നിറയെ വിഭവങ്ങളും. വിഭവങ്ങൾക്കൊത്തു എല്ലാവരും അവളെ ആശംസകൾ കൊണ്ടുമൂടി.

ഇനി വയ്യ! ഒരു നിമിഷംപോലും പിടിച്ചു നില്ക്കാൻ വയ്യ. തൻെറ മുഖമൂടി ഇവിടെ അഴിഞ്ഞു വീണുപോകുമോ എന്നവൾ ഭയപ്പെട്ടു. ഒന്നും കഴിക്കാൻ നിൽക്കാതെ തിരക്കഭിനയിച്ചു അവരോട് ക്ഷമാപണം പറഞ്ഞു വീണ അവിടെനിന്നും ഓടി രക്ഷപെട്ടു. എന്തോ.. ഒരു ശൂന്യത തൻെറ ജീവിതത്തിൽ വന്നു നിറയുന്നതുപോലെ പെട്ടെന്ന് അവൾക്ക് തോന്നിച്ചു. അദ്ദേഹം തന്നിൽനിന്നും അകലുകയാണോ..? തന്നിലെ അഴകളവുകൾക്ക് എന്തെങ്കിലും അഭംഗി വന്നിട്ടുണ്ടോയെന്നവൾ ചിന്തിച്ചു കൂട്ടി. ഈനേരമായിട്ടും ഒരു ഫോൺകോൾപോലും വന്നിട്ടില്ല.

ഹോംവർക്കും പഠിത്തവുമൊക്കെ കഴിഞ്ഞു മോളുറങ്ങി. അവൾക്കരികിൽ നിലയ്ക്കാത്ത ചിന്തകളുമായി വീണയും കിടന്നു.

പപ്പ വന്നിട്ട് കഴിക്കാമെന്ന് പറഞ്ഞു മോൾ വാശിപിടിച്ചെങ്കിലും അവളെ പിടിച്ചിരുത്തി നിർബന്ധിച്ചു ആഹാരം കഴിപ്പിച്ചു. ഒരുപിടി വറ്റുപോലും അവൾക്ക് ഇറക്കാനായില്ല. തൊണ്ടയിൽ എന്തോ.. തടഞ്ഞിരിക്കുമ്പോലെ, ഉറക്കമില്ലാത്ത രാത്രിയെ തഴുകി താഴെ നഗരത്തിലൂടെ വാഹനങ്ങള് ചീറിപ്പാഞ്ഞു പോകുന്ന ഒച്ച കേൾക്കാം… കണ്ണൊന്ന് അടഞ്ഞപ്പോള് ഏതോ പേടിസ്വപ്നം കണ്ടവൾ ഞെട്ടി വിറച്ചു. ഫണം വിടർത്തിയാടുന്ന രണ്ട് സർപ്പങ്ങൾ! അതിലൊന്നിന് വിവേകിൻറെ മുഖച്ഛായ!

രാവിലെ അയാൾക്ക് മുഖം കൊടുക്കാതെ തിരക്കിട്ട് അടുക്കളയിലെ ജോലികളോരോന്നും ചെയ്തു തീർക്കുമ്പോൾ പ്രതീക്ഷിച്ചപോലെ ആ വിളിയെത്തി.‘നീയും മോളുമിന്ന് ലീവെടുക്ക്, നമുക്കൊരിടം വരെ പോകണം..’ ദേഷ്യമാണ് തോന്നിയത്. ഞാനെന്തിന് ലീവെടുക്കണം. നിങ്ങൾക്ക് കൂട്ടുകാരൊക്കെയില്ലേ.. ആഘോഷിക്കാന്, ഇന്നലെ ഞങ്ങള് രണ്ടുജീവികൾ ഇവിടെയുണ്ടെന്ന് നിങ്ങളോർത്തില്ലല്ലോ..? അവൾക്കയാളോട് അമർഷം തോന്നിയെങ്കിലും കുടുംബഭദ്രതയോർത്തു മറുത്തൊന്നും പറഞ്ഞില്ല.

“എന്താ..കാര്യം,വെറുതെ ലീവെടുക്കാനൊന്നും എനിക്കു പറ്റില്ല.മോളുടെ ഒരുദിവസത്തെ പഠിത്തവും പോകും.” വളരെ സൗമ്യമായി കാര്യങ്ങള് പറയാനവൾ പഠിച്ചു കഴിഞ്ഞു.
“അതൊക്കെയുണ്ട്, നിങ്ങള് വേഗം റെഡിയാക്”.

മോളോട് കാര്യം പറഞ്ഞു. അവൾക്ക് സന്തോഷമായി. പപ്പയോടൊപ്പം ഒരു ഔട്ടിങ് അവളും  ഒരുപാട്  ആഗ്രഹിച്ചിരുന്നു. പുതിയ ഡ്രസ്സുകൾ ധരിച്ചവര് പതിനൊന്നരയോടെ ഒരുങ്ങിയിറങ്ങി. മോളൊരു പിങ്ക് ഫ്രോക്കിൽ മാലാഖയെപ്പോലെ തിളങ്ങി.

അയാളോടുള്ള ദേഷ്യം കാരണം വീണയൊന്നും മിണ്ടാതെ വെറുതെ പുറത്തേയ്ക്ക് മിഴി  നട്ടിരുന്നു. മോൾ  പപ്പയുടെ ഫോണില്  ടിക്‌ടോക് കളിച്ചു കൊണ്ടിരുന്നു. ഇടയ്ക്കു കാർ നിർത്തി  വിവേക് വഴിയരുകിലെ കടയിൽനിന്നും കുറച്ചു സ്വീറ്റ്സും വാങ്ങി വന്നു. ഇതെവിടേക്കാ നമ്മൾ പോകുന്നതെന്ന്  വീണയ്ക്ക്  ചോദിക്കാതിരിക്കാനായില്ല.. മനസ്സിൽ ഒരു നൂറ് സംശയങ്ങൾ നുരയുന്നുണ്ട്‌. ആരും കാണാതെ ആർത്തലച്ചൊന്ന് കരയാനായി അവൾ കൊതിച്ചു.  അയാളിൽനിന്നും മറുത്തൊരു പുഞ്ചിരിയായിരുന്നു മറുപടിയായി അവൾക്ക് കിട്ടിയത്. ഒരു മണിക്കൂർ നീണ്ടയാത്രയ്ക്ക്ശേഷം പൊതുനിരത്ത്‌ വിട്ടിട്ട് കാറൊരു വൃത്തിയില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഓടിത്തുടങ്ങി.

‘രാജു പാസ്റ്റർ’ എന്ന് നെയിം ബോർഡ് വെച്ച ഒരു വീടിനരികെ കാറു നിന്നു. സംശയത്തോടെ വീണയും മോളും ഇറങ്ങിച്ചെല്ലുമ്പോൾ ഒരുകൂട്ടം കൊച്ചുകുട്ടികൾ ഓടിവന്ന് അവരെ പൊതിഞ്ഞു കഴിഞ്ഞിരുന്നു. അവരവളെ കൈപിടിച്ച് അകത്തേക്ക് നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി. ഒന്നും മനസിലാവാതെ നിന്ന വീണയും തനുമോളും പരസ്പരം മുഖത്തോടു മുഖം നോക്കി.

ചായങ്ങൾ അടർന്നുപോയ അകത്തെ ഇരുണ്ട മുറി മുഴുവനും വർണ്ണപേപ്പറും ബലൂണുകളും കൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു. ഭിത്തിമേല് പലനിറങ്ങളിലുള്ള വലിയ അക്ഷരങ്ങളിൽ ‘Happy wedding anniversary to Vivek and Veena’ എന്ന് എഴുതി പതിപ്പിച്ചിട്ടുണ്ടായിരുന്നു. . അന്തിച്ചുനിന്ന വീണയുടെ മുന്നിലേക്ക് രാജുപാസ്റ്ററും ഭാര്യ എലിസബെത്തും പുഞ്ചിരിയോടെ കടന്നു വന്നു. അവരോടൊപ്പം അല്പം ഗർവോടെ വിവേകും. അവളെ ചേർത്ത് പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു..

“വീണേ.. ഇതൊരു  ഓർഫനേജാണ്. കുട്ടികളില്ലാത്ത ഇദ്ദേഹമാണ് ഇതിൻെറ നടത്തിപ്പുകാരൻ. ഒരുദിവസം വൈകിയെങ്കിലും നമ്മുടെ പതിനഞ്ചാം വിവാഹ വാർഷികം  ഇന്ന്  ഇവർക്കൊപ്പം  ആഘോഷിച്ചാൽ മതിയെന്ന് ഞാനങ്ങ് തീരുമാനിച്ചു. ഇന്നൊരുദിവസം  നമ്മളും  ഇവരോടൊപ്പം  ഇവിടെനിന്ന് ആഹാരം കഴിക്കുന്നു..”

അകത്ത്‌   നിന്നും   ഏതൊക്കയോ   വിഭവങ്ങളുടെ  കൊതിയൂറുന്ന മണം പുറത്തേക്ക് വന്നു കൊണ്ടിരുന്നു.. സ്നേഹത്തോടെ കുട്ടികൾക്കുള്ള  മധുരം വിതരണം ചെയ്തുകൊണ്ട്  തനുമോളും  അവർക്ക്  അടുത്തെത്തിയിരുന്നു.

ഒന്നും..  പറയാനാവാതെ,  വിവേകിൻെറ  മുഖത്തേക്ക് നോക്കാനാവാതെ, മിഴിനീര് തുടച്ചുകൊണ്ട് വീണ വാക്കുകൾക്കായി  പരതിക്കൊണ്ടിരുന്നു….

ചില  മറവികൾ ചില  നല്ല കാര്യങ്ങൾക്കായി  തുടക്കം കുറിക്കുകയായിരുന്നു…

0==================0
(wriiten by: ബിന്ദു പുഷ്പൻ)

Follow :www.pathradipar.com online whatsaap channel for updates.


0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!